ജി.എസ്.ടി വിഹിതം പുനര്‍നിർമാണത്തിന് നല്‍കണം -ഡോ. എസ്.ക്യൂ.ആര്‍. ഇല്യാസ്

താമരശ്ശേരി: കേരളത്തില്‍നിന്ന് ജി.എസ്.ടി ഇനത്തില്‍ കേന്ദ്രസര്‍ക്കാറിന് ലഭിക്കുന്ന 40,000 കോടി രൂപ കേരളത്തി​െൻറ പുനര്‍നിർമാണത്തിന് വിട്ടുനല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഡോ. എസ്.ക്യു.ആര്‍. ഇല്യാസ് ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വീടും കൃഷിയിടവും നഷ്ടപ്പെട്ട പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തി​െൻറ പുനര്‍നിർമാണത്തിന് തുരങ്കംവെക്കുന്ന നയനിലപാടുകളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണെമന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗുജറാത്തിലെ ഭൂകമ്പ സമയത്ത് വിദേശ സഹായം സ്വീകരിച്ചവര്‍ കേരളത്തിന് പുറത്തുനിന്ന് സഹായം ലഭിക്കുമ്പോള്‍ സാങ്കേതിക തടസ്സങ്ങളുന്നയിക്കുകയാണ്. ഫെഡറല്‍ സംവിധാനത്തോട് കാണിക്കുന്ന വിവേചനമാണിത്. കേരളത്തിന് അടിയന്തര സഹായമായി രണ്ടായിരം കോടിയെങ്കിലും ഉടന്‍ അനുവദിക്കണം. പ്രളയത്തെ തുടര്‍ന്ന് വീടും കൃഷിയിടവും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് കേരള സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരുടെ വീടുകളിലും ദേശീയ-സംസ്ഥാന നേതാക്കള്‍ സന്ദര്‍ശനം നടത്തി. ദേശീയ ജന.സെക്രട്ടറിമാരായ കെ. അംബുജാക്ഷന്‍, സുബ്രമണി അറുമുഖം, സെക്രട്ടറിമാരായ ഇ.സി. ആയിഷ, ദേശീയ ട്രഷറര്‍ സിക്കന്ദര്‍, ഷീമ മുഹ്‌സിന്‍, സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, വൈസ് പ്രസിഡൻറ് റസാഖ് പാലേരി, സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുറഹിമാൻ, റംല മമ്പാട്, ജില്ല നേതാക്കളായ അസ്‌ലം ചെറുവാടി, ടി.കെ. മാധവൻ, എ.പി. വേലായുധൻ, സാലിഹ് കൊടപ്പന, ചന്ദ്രന്‍ കല്ലുരുട്ടി, കൃഷ്ണന്‍ കുനിയില്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.