കോഴിക്കോട്: ജില്ലയിൽ മഴക്കെടുതിയിൽ തകർന്ന പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ തിങ്കളാഴ്ച ആരംഭിക്കും. ദേശീയപാത ബൈപാസുകൾ നന്നാക്കൽ ബുധനാഴ്ചയും ആരംഭിക്കും. ജില്ല വികസന സമിതിയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. റോഡ് നിർമാണത്തിന് അസംസ്കൃത വസ്തുക്കളുടെ ക്ഷാമം കണക്കിലെടുത്ത് മഴയെ തുടർന്ന് നിർത്തിവെച്ച ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതിനും യോഗം അനുമതി നൽകി. മഴക്കെടുതിയിൽ എല്ലാം നഷ്ടമായവർക്ക് വീട്ടുപകരണങ്ങൾ നൽകാൻ സ്നേഹപൂർവം കോഴിക്കോട് എന്ന പദ്ധതി ആരംഭിച്ചതായും പൊതുജനങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു. പൂർണമായി തകർന്നതും ആൾത്താമസമില്ലാത്തതുമായ 27 വീടുകൾ ഒഴിച്ച് ബാക്കിയുള്ള മുഴുവൻ വീടുകളിലും വൈദ്യുതീകരണം പൂർത്തിയാക്കി. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ധവളപത്രം നിയോജക മണ്ഡലം അടിസ്ഥാനത്തിൽ തയാറാക്കാൻ തീരുമാനമായി. കൊയിലാണ്ടി ഹാർബറിൽ കടൽഭിത്തി പുനഃസ്ഥാപിക്കുന്നതിനും മഴക്കെടുതിയിൽ തകർന്ന പുഴയോരങ്ങളിൽ കരിങ്കൽ ഭിത്തി കെട്ടുന്നതിനും തീരുമാനിച്ചു. വെള്ളക്കെട്ട് ഒഴിവാക്കി റോഡ് നിർമാണം പുനരാരംഭിക്കാനും ദുരിത ബാധിതരുടെ അപേക്ഷ പരിഗണിച്ച് മലയോര മേഖലയിൽ ഉൾപ്പെടെ റേഷൻ കാർഡുകൾ കൊടുക്കുന്നതിനും നടപടിയായി. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ നൽകുന്ന സർട്ടിഫിക്കറ്റ് പരിഗണിച്ച് റേഷൻകാർഡ് നൽകണമെന്ന് ജില്ല സപ്ലൈ ഓഫിസർക്ക് നിർദേശം നൽകി. സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ കാർഡ് നിഷേധിക്കരുതെന്നും റേഷൻ കാർഡ് അർഹത പെട്ടവർക്കെല്ലാം നൽകണമെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണൻ, എം.എൽ.എമാരായ വി.കെ.സി. മമ്മദ് കോയ, സി.കെ. നാണു, എ. പ്രദീപ് കുമാർ, ജോർജ് എം. തോമസ്, കെ. ദാസൻ, പി.ടി.എ. റഹീം, പുരുഷൻ കടലുണ്ടി, ഡോ. എം.കെ. മുനീർ, കാരാട്ട് റസാഖ്, ഇ.കെ. വിജയൻ, സബ് കലക്ടർ വി. വിഘ്നേശ്വരി, ജില്ല പ്ലാനിങ് ഓഫിസർ എം.എ ഷീല വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.