നിപ വൈറസ് ബാധയിൽ വലഞ്ഞ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

* സഞ്ചാരികളുടെ വരവ് കുറഞ്ഞു കൽപറ്റ: സംസ്ഥാനത്ത് നിപ വൈറസ് മരണം സ്ഥിരീകരിച്ചത് ജില്ലയിലെ ടൂറിസം മേഖലയെ ബാധിച്ചു. ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവിൽ നേരിയ കുറവുണ്ടായി. അവധിക്കാലമായതിനാൽ ടൂറിസം മേഖലയിൽ തിരക്കേറിയ സമയത്താണ് രോഗബാധയുണ്ടാകുന്നത്. അയൽ സംസ്ഥാനങ്ങൾ കേരളത്തിലേക്കുള്ള യാത്രയിൽ നിയന്ത്രണം ഏർപ്പെടുത്തിയത് വരുംദിവസങ്ങളിൽ ടൂറിസം മേഖലയെ കാര്യമായി ബാധിക്കും. മൺസൂൺ കാല ടൂറിസം ആരംഭിക്കാനിരിക്കെ വിദേശികളെയും സ്വദേശികളെയും നിപ വൈറസ് ഭീതി സ്വാധീനിക്കാൻ ഇടയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അവധിക്കാലമായതിനാൽ ഒന്നരമാസമായി ജില്ലയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിരുന്നു. കുറുവദ്വീപ്, പൂക്കോട് തടാകം, എടക്കൽ ഗുഹ, ബാണാസുര സാഗർ ഡാം എന്നിവിടങ്ങളിലാണ് നല്ല തിരക്കനുഭവപ്പെട്ടത്. എന്നാൽ, നിപ വൈറസ് സ്ഥിരീകരിച്ചതു മുതൽ സഞ്ചാരികളുടെ വരവ് കുറയുന്നതായി കണക്കുകൾ പറയുന്നു. ഇക്കുറി കൂടുതൽ വേനൽമഴ ലഭിച്ചതിനാൽ വിനോദസഞ്ചാര മേഖലയിലുള്ളവർ ഏറെ പ്രതീക്ഷയിലായിരുന്നു. ഒട്ടുമിക്ക ജലാശയങ്ങളും വെള്ളച്ചാട്ടവും ജലനിബിഡമായിരിക്കെ അപ്രതീക്ഷിതമായുള്ള നിപ വൈറസ് ബാധ, ടൂറിസം മേഖലക്ക് കനത്ത ആഘാതമായി. ജില്ലയിലെ ഹോട്ടലുകളിലും റിസോട്ടുകളിലും മേയ് അവസാനത്തേക്ക് മുറി ബുക്ക് ചെയ്തവരെ, നിപ വൈറസ് ഭീതി കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കാൻ പ്രേരിപ്പിക്കുകയാണ്. ആരോഗ്യരംഗത്തുള്ളവർ ആശങ്കപ്പെടാനില്ലെന്ന് ആവർത്തിക്കുമ്പോഴും സഞ്ചാരികളുടെ വരവ് കുറയുന്നത് ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെ തെല്ലൊന്നുമല്ല ആശങ്കയിലാക്കുന്നത്. വവ്വാലുകളിൽ കൂടിയാണ് വൈറസ് പടരുന്നതെന്ന പ്രചാരണമാണ് ജില്ലയിലെ ടൂറിസം മേഖലക്ക് തിരിച്ചടിയായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വനമുള്ള ജില്ലയായ വയനാട്ടിൽ വവ്വാലുകളുടെ സാന്നിധ്യം കൂടുതലാണെന്നതും നവമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളുമാണ് ടൂറിസത്തെ പ്രതികൂലമായി ബാധിച്ചത്. അതേസമയം, നിപ വൈറസ് സാന്നിധ്യം ഇതുവരെ ജില്ലയിൽ സ്ഥിരീകരിച്ചിട്ടില്ല. വേനലവധിക്ക് കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ സഞ്ചാരികൾ ജില്ലയിലെത്തിയിരുന്നത്. എന്നാൽ, ഇരുസംസ്ഥാനങ്ങളും കേരളത്തിലേക്ക് പോകരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി‍യത് തിരിച്ചടിയായി. ഇതോടെ ഇവിടെനിന്നുള്ള സഞ്ചാരികളുടെ വരവിലും കുറവുണ്ടായി. നിപ വൈറസ് ബാധിത ജില്ലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയത് അഭ്യന്തര സഞ്ചാരികളുടെ വരവിനും തടയിടും. സഞ്ചാരികളെ ബോധവത്കരിക്കാനുള്ള പരിപാടികൾ ചെയ്തില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ഹോട്ടലുടമകൾ പറയുന്നു. ജില്ലയിൽ ഷോക്കേറ്റുള്ള മരണങ്ങൾ വർധിക്കുന്നു * ഒരാഴ്ചക്കിടെ മരിച്ചത് മൂന്നുപേർ കൽപറ്റ: ജില്ലയിൽ ഒരാഴ്ചക്കിടെ ഷോക്കേറ്റ് മരിച്ചത് മൂന്നുപേർ. വ്യാഴാഴ്ച രണ്ടുപേരും കഴിഞ്ഞയാഴ്ച ഒരു വീട്ടമ്മയുമാണ് അബദ്ധത്തിൽ ഷോക്കേറ്റ് മരിച്ചത്. കാത്തിരുന്നു ലഭിച്ച ജോലിയിൽ പ്രവേശിക്കാൻ ദിവസങ്ങൾമാത്രം ബാക്കി നിൽക്കെയാണ് പനമരം എരനെല്ലൂർ സ്വദേശി ശ്യാം (23) ഷേക്കേറ്റ് മരിക്കുന്നത്. വ്യാഴാഴ്ച രാവിലെ വീട്ടുമുറ്റത്ത് വാഹനം കഴുകുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാർ കഴുകാനുള്ള യന്ത്രത്തിൽനിന്നാണ് ഷോക്കേറ്റത്. ജോലിക്കായി വീട്ടിലെത്തിയ അയൽവാസിയാണ് വീണുകിടക്കുന്ന ശ്യാമിനെ കണ്ടത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾക്കും ഷോക്കേറ്റു. ഉടൻ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഐ.ടി.ഐ പഠനത്തിനുശേഷം മാസങ്ങളായി കാത്തിരുന്നു ലഭിച്ച ജോലിയിൽ പ്രവേശിക്കാനായി ജൂൺ മൂന്നിന് ബംഗളൂരുവിലേക്ക് പോകാനിരിക്കുകയായിരുന്നു. ശ്യാമി​െൻറ അപ്രതീക്ഷിത വിയോഗം നാട്ടുകാരെയും സുഹൃത്തുക്കളെയും തീരാദുഃഖത്തിലാക്കി. തോമാട്ടുചാലിൽ മത്തായി ടി.വി സ്റ്റാൻഡിനു സമീപത്താണ് മരിച്ചുകിടന്നത്. ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ 17നാണ് മുട്ടിൽ ജിദ്ദാ ഹോസ്റ്റലിനു സമീപം താമസിക്കുന്ന അല്ലിപ്ര വീട്ടിൽ ആയിശ ടി.വി കേബിളിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. ടി.വിയിൽനിന്ന് കേബിൾ വേർപ്പെടുത്തുന്നതിനിടെ അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. പണി പൂർത്തിയാക്കിയ വീട്ടിൽ അടുത്തമാസം കൂടാനിരിക്കെയാണ് മരണം. സ്വകാര്യ കേബിൾ ടി.വി ഓപറേറ്റർമാർ മതിയായ സുരക്ഷ സംവിധാനങ്ങൾ പാലിക്കാത്തതും ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നു. ഇടിമിന്നൽ, ഷോർട്ട്സർക്യൂട്ട് എന്നിവയിലൂടെ വൈദ്യുതി പ്രവഹിക്കുന്നത് അപകടത്തിനിടയാക്കും. കേബിൾ ഓപറേറ്റർമാർ മതിയായ സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. ശ്രദ്ധിക്കുക * നനഞ്ഞ കൈകൾകൊണ്ട് സ്വിച്ച് ഇടരുത് * വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ റബർ ചെരിപ്പ് ധരിക്കുക * സ്വിച്ചുകൾക്കുള്ളിൽ വെള്ളം ഇറങ്ങാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക * ഇലക്ട്രിക് വയറുകളുടെ ഇൻസ്റ്റലേഷൻ ശരിയായ വിധത്തിലാണെന്ന് ഉറപ്പുവരുത്തുക * ഇടിയും മിന്നലുമുള്ളപ്പോൾ ലാൻഡ് ഫോൺ, മൊബൈൽ ഫോൺ എന്നിവ ഉപയോഗിക്കാതിരിക്കുക * ടി.വിയുടെ കേബിൾ ബന്ധം വിച്ഛേദിക്കുക
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.