ഒരു പ്രദേശത്തെ മൂന്നുപേരുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി

അത്തോളി: ഒരു പ്രദേശത്തെ മൂന്നുപേരുടെ ആകസ്മിക മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. അന്നശ്ശേരിയിലെ അടുത്ത വീട്ടുകാരും ബന്ധുക്കളുമായ സംഗീതിൽ പി.സി. കുട്ടി (74), പൂവേ നിവാസിൽ വി.കെ. വേലായുധൻ (68), തെക്കേ കനിയിൽ ദയാനന്ദൻ (58) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. നാട്ടിലെ ജനകീയനായ കലാകാരനായിരുന്നു പി.സി. കുട്ടി. ഗായകനും ഹാർമോണിസ്റ്റുമായിരുന്നു. നിരവധി നാടക ഗാനങ്ങൾക്ക് സംഗീതം നൽകിയ കുട്ടി ഹിന്ദുസ്ഥാനി സംഗീതത്തിൽ പാണ്ഡിത്യമുള്ളയാളായിരുന്നു. അണ്ടിക്കോട് ആർട്സ് ക്ലബിനെ കലാരംഗത്ത് സജീവമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. തലക്കുളത്തൂരിലെ തരംഗ് ഓർക്കസ്ട്രയുടെ സ്ഥാപകാംഗമായിരുന്നു. മൂന്നു മക്കളിൽ മകൾ കഴിഞ്ഞവർഷം മരണപ്പെട്ടിരുന്നു. അണ്ടിക്കോട്ടിലെ സ്റ്റേഷനറി വ്യാപാരിയായിരുന്നു വി.കെ. വേലായുധൻ. നേരത്തേ ഫർണിച്ചർ ജോലിയായിരുന്നു. രണ്ടു മക്കളാണുള്ളത്. പ്രദേശത്തെ മുൻ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനായിരുന്നു ടി.കെ. ദയാനന്ദൻ. ഒരിക്കൽ യു.ഡി.എഫ് പാനലിൽ പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുണ്ട്. പ്രവാസിയായിരുന്നു. മൂന്നു പെൺകുട്ടികളാണുള്ളത്. പി.സി. കുട്ടിയുടെയും വി.കെ. വേലായുധ​െൻറയും ഉറ്റ ബന്ധുവും അടുത്ത വീട്ടുകാരനുമായ ഒരാൾ രണ്ടുദിവസം മുമ്പ് ഒരപകടത്തിൽ മരണപ്പെട്ടിരുന്നു. വൈകീട്ട് അണ്ടിക്കോട് നടന്ന അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സാമൂഹികരംഗത്തെ ആളുകൾ അനുശോചനം രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.