പേരാമ്പ്ര: സൂപ്പിക്കടയിൽനിന്ന് വൈറസ് പനി ബാധിച്ച് മരിച്ച സാബിത്ത് താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളപ്പോൾ അവിടെ പ്രവേശിപ്പിച്ച രോഗികളും നിരീക്ഷണത്തിൽ. അവർ അസുഖം ഭേദമായി വീട്ടിൽ പോയിട്ടുണ്ടെങ്കിലും ആരോഗ്യ വകുപ്പധികൃതർ അവരുമായി ബന്ധപ്പെട്ട് രക്തസാമ്പിൾ പരിശോധിക്കാൻ നിർദേശിക്കുന്നുണ്ട്. ചിലർ നേരത്തെ തന്നെ മെഡിക്കൽ കോളജിലെത്തി വിദഗ്ധ ചികിത്സ തേടിയിരുന്നു. സാബിത്തിനെ പരിചരിച്ച നഴ്സ് ലിനി പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ലിനിയുടെ മാതാവിെനയും പനിയെത്തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ വീടുമായി അടുത്തിടപഴകിയ അയൽവാസി നൗഷാദും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അതേസമയം, പേരാമ്പ്ര താലൂക്കാശുപത്രിയിൽ പനി ബാധിതരുടെ എണ്ണം കൂടിവരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലേക്കാൾ ശരാശരി കൂടുതലാണ് ഇപ്പോൾ ചികിത്സ തേടിയെത്തുന്നവർ. പനി ബാധിച്ചെത്തുന്നവർക്ക് ലഭ്യമായ എല്ലാവിധ ചികിത്സ സൗകര്യങ്ങളും ഒരുക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.