അവിശ്വാസം പാസായി; ഫറോക്ക് നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്​ടമായി

ഫറോക്ക്: നഗരസഭയിൽ ചെയർപേഴ്സൻ, വൈസ്ചെയർമാൻ എന്നിവർക്കെതിരെ എൽ.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ യു.ഡി.എഫിന് നഗരഭരണം നഷ്ടമായി. വോട്ടെടുപ്പിൽ കോൺഗ്രസിലെ രണ്ട് അംഗങ്ങളും ഒരു മുസ്ലിംലീഗ് അംഗവും ഒരു ലീഗ് സ്വതന്ത്ര അംഗവും എൽ.ഡി.എഫിനെ പിന്തുണച്ചു. ബി.ജെ.പി അംഗം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഒന്നാം ഡിവിഷൻ കൗൺസിലറും മുൻ നഗരസഭ ചെയർപേഴ്സനുമായിരുന്ന മുസ്ലിംലീഗിലെ ടി. സുഹറാബി, കോൺഗ്രസ് അംഗങ്ങളായ 11ാം ഡിവിഷൻ കൗൺസിലർ ശാലിനി, 35ാം ഡിവിഷൻ കൗൺസിലർ മൊയ്തീൻകോയ, 21ാം ഡിവിഷനിൽ നിന്നുള്ള ലീഗ് സ്വതന്ത്രയുമായ കമറു ലൈല എന്നിവരാണ് അവിശ്വാസത്തിന് അനുകൂലമായി വോട്ടുചെയ്തത്. നഗരസഭ ചെയർപേഴ്സനായിരുന്ന പി. റുബീനക്ക് എതിരെ അവിശ്വാസം അവതരിപ്പിച്ചത് എൽ.ഡി.എഫിലെ കെ.ടി. അബ്ദുൽമജീദും വൈസ്ചെയർമാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് പ്രകാശ് കറുത്തേടത്തുമാണ്. രാവിലെ 10 മണിക്കാണ് ചെയർപേഴ്സനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായത്. ഉച്ചക്ക് രണ്ടരക്ക് നടന്ന വൈസ് ചെയർമാനെതിരെയുള്ള അവിശ്വാസവും 22 വോട്ടുകൾക്ക് പാസായി. 38 ഡിവിഷനുള്ള ഫറോക്ക് നഗരസഭയിൽ 18 എൽ.ഡി.എഫ് അംഗങ്ങളും കോൺഗ്രസിലെ രണ്ട് അംഗങ്ങളും ലീഗ്, ലീഗ് സ്വതന്ത്ര എന്നിങ്ങനെ 22 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. ബി.ജെ.പി അംഗമടക്കം 23 കൗൺസിലർമാർ ചർച്ചയിൽ പെങ്കടുത്തു. മറ്റു യു.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ക്വാറം തികഞ്ഞതിനാൽ വരണാധികാരി അവിശ്വാസ ചർച്ചക്ക് ക്ഷണിക്കുകയായിരുന്നു. തുടർന്ന് വോട്ടെടുപ്പ് നടപടിയിലേക്ക് കടന്നു. നഗരകാര്യ വകുപ്പ് റീജനൽ ജോയൻറ് ഡയറക്ടർ ജോഷി മൃൺമയി ശശാങ്ക് മുഖ്യവരണാധികാരിയായി. ഫറോക്ക് നഗരസഭ സെക്രട്ടറി ദിനേശ് കുമാർ, അനീഷ് തുടങ്ങിയവർ പങ്കെടുത്തു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. 17 അംഗങ്ങളുള്ള യു.ഡി.എഫ് രണ്ടു സ്വതന്ത്രന്മാരുടെ പിന്തുണയിലാണ് നഗരസഭ ഭരണം കൈയാളിയിരുന്നത്. മുസ്ലിംലീഗിന് 14 ഉം കോൺഗ്രസിന് മൂന്നും അംഗങ്ങളാണുള്ളത്. 18 അംഗങ്ങളുള്ള എൽ.ഡി.എഫിൽ സി.പി.എമ്മിന് 16ഉം എൻ.സി.പി, സി.പി.ഐ എന്നിവർക്ക് ഓരോ അംഗങ്ങളുമാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.