പൊലീസിനെ കുറിച്ച് പൊതുസമൂഹത്തില്‍ ആക്ഷേപമുണ്ടെന്ന് മന്ത്രി

* പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തുടങ്ങി വടകര: പൊലീസിനെക്കുറിച്ച് പൊതുസമൂഹത്തില്‍ ആക്ഷേപമുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. ആക്ഷേപമില്ലെന്ന് പറയുന്നതില്‍ കാര്യമില്ല. കോടതിയെക്കുറിച്ചും സമാന അവസ്ഥയാണ്. പൊലീസ് സേന ജനങ്ങളുടെ സേവകരാകണമെന്നാണ് സര്‍ക്കാർ നയം. അതുള്‍ക്കൊള്ളാത്തവരെ തിരുത്താന്‍ സംഘടനക്ക് സാധിക്കണം -കേരള പൊലീസ് അസോസിയേഷന്‍ 34ാം സംസ്ഥാന സമ്മേളനം ഇരിങ്ങല്‍ സര്‍ഗാലയയില്‍ ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു. എല്ലാ മര്യാദകളും പാലിച്ചുമാത്രമേ പൊലീസ് സംഘടനക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. എന്നാല്‍, ഇന്ന് പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് അസോസിയേഷനുമായി ബന്ധമില്ല. അച്ചടക്കമുള്ള സേനയിലെ അംഗങ്ങളാണ് തങ്ങളെന്ന് ഇവിടെ സൂചിപ്പിച്ചതിനാൽ അച്ചടക്കത്തെ കുറിച്ച് നിങ്ങളോട് പറയേണ്ടതില്ല. സമ്മേളനവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളെ നല്ല രീതിയില്‍ നോക്കിക്കാണണം. പൊലീസി​െൻറ 'ഡിയറസ്റ്റ് എനിമി'(പ്രിയപ്പെട്ട ശത്രു)യാണ് മാധ്യമങ്ങളെന്ന് ഇവിടെ പറഞ്ഞു. പൊലീസും മാധ്യമങ്ങളും നമ്മുടെ സമൂഹത്തെ രണ്ടുതരത്തില്‍ സംരക്ഷിക്കുന്നു. മാധ്യമങ്ങള്‍ ജനാധിപത്യ സംസ്കൃതിയെ ശക്തിപ്പെടുത്തുന്നു. പൊലീസ് ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുകയും സ്വത്തിനും ജീവനും സംരക്ഷണവും നല്‍കുകയും ചെയ്യുന്നു. പൗരന്‍ എന്ന നിലയില്‍ താൻ രണ്ടിനെയും ഒരുപോലെയാണ് കാണുന്നത് -ശശീന്ദ്രൻ പറഞ്ഞു. രാഷ്ട്രീയക്കാരുടെയും 'ഡിയറസ്റ്റ് എനിമി'യാണ് മാധ്യമങ്ങള്‍. അതു വേണം. വീഴ്ചകള്‍ ചൂണ്ടിക്കാണിക്കപ്പെടണം. വിമര്‍ശനത്തെ അസഹിഷ്ണുതയോടെ കാണുന്ന സമീപനം ശരിയല്ല. ഇടതുസര്‍ക്കാര്‍ വിമര്‍ശനം ഇഷ്ടപ്പെടുന്നു. വിമര്‍ശനത്തി​െൻറ ഭാഷ നന്നാവണമെന്നാണ് അഭിപ്രായം. പുതിയ കാലഘട്ടത്തില്‍ എല്ലാ വിഭാഗത്തെയും വിശ്വാസത്തിലെടുത്ത് കൂടുതല്‍ മാതൃകപരമായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടുപോകാന്‍ പൊലീസിന് സാധിക്കണമെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. സി.കെ. നാണു എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി പി. ബല്‍റാംകുമാര്‍ ഉപാധ്യായ, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് വി. ഷാജി, ജനറല്‍ കണ്‍വീനര്‍ എ. വിജയന്‍, ആര്‍. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗം കുമാരി രേഖ കൃഷ്ണന്‍ അനുസ്മരണ പ്രമേയവും ജനറല്‍ സെക്രട്ടറി പി.ജി. അനില്‍കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എസ്. ഷൈജു കണക്കും ഓഡിറ്റ് കമ്മിറ്റി അംഗം ശിവകുമാര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും നിര്‍വാഹക സമിതി അംഗം കെ.പി. പ്രവീണ്‍ പ്രമേയവും അവതരിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. box.... 'പൊലീസുകാര്‍ക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര ആലോചിക്കും' വടകര: കെ.എസ്.ആര്‍.ടി.സി ബസില്‍ പൊലീസുകാര്‍ക്ക് സൗജന്യ നിരക്കില്‍ യാത്രചെയ്യാന്‍ പറ്റുമോയെന്നതിനെ കുറിച്ച് ബന്ധപ്പെട്ടവരുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പൊലീസുകാരുടെ കോണ്‍ട്രിബ്യൂഷനോടുകൂടിയുള്ള ആനൂകൂല്യത്തെക്കുറിച്ച് ആലോചിക്കാമെന്ന് കരുതുന്നു. അടുത്ത ആഴ്ചതന്നെ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.