കേബ്​ൾ കാറിലേറി വയനാട്ടിലേക്ക്​; നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കും

അടിവാരത്തുനിന്ന് ലക്കിടിയിൽ എത്താൻ 20 മിനിറ്റ് കോഴിക്കോട്: ജില്ലയിൽനിന്ന് വയനാട്ടിലേക്കുള്ള യാത്ര അനായാസമാക്കുന്ന കേബ്ൾ കാർ പദ്ധതിക്ക് വഴിതെളിയുന്നു. വയനാടി​െൻറ വിനോദ സഞ്ചാര സാധ്യതകൾക്ക് വൻ മുതൽക്കൂട്ടാവുമെന്ന് കരുതുന്ന പദ്ധതി സംബന്ധിച്ച് ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ കലക്ടറേറ്റ് ചേംബറിൽ യോഗം ചേർന്നു. അടിവാരത്തുനിന്നാണ് കേബ്ൾ കാർ യാത്ര തുടങ്ങുക. ലക്കിടിയിൽ 20 മിനിറ്റുകൊണ്ട് എത്താം. ഇതോടെ ദൂരം 3.6 കിേലാമീറ്ററായി ചുരുങ്ങും. ഒരേ സമയം ആറുപേർക്ക് യാത്രചെയ്യാവുന്ന കാബിനുകളാണ് കേബ്ൾ കാറിൽ ഒരുക്കുന്നത്. 45 മുതൽ 50 വരെ കാബിനുകൾ തുടക്കത്തിൽ ഉണ്ടാവും. മണിക്കൂറിൽ 400 പേർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ചുരത്തിനു മുകളിൽ ലക്കിടിയിലും താഴെ അടിവാരത്തും റോപ് വേയിൽ കയറുന്നിടത്തും ഇറങ്ങുന്നിടത്തും പാർക്കിങ്ങിന് ഒരേക്കർ സ്ഥലമെങ്കിലും വേണം. വയനാട് ചേംബർ ഓഫ് കോമേഴ്സാണ് പദ്ധതിക്കു ചുക്കാൻപിടിക്കുന്നത്. ദാമോദർ റോപ് വേ ഇൻഫ്രാ ലിമിറ്റഡ് എന്ന കൊൽക്കത്ത കമ്പനിക്കാണ് നിർമാണച്ചുമതല. 70 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലക്കിടിയിൽ ഓറിയൻറൽ കോളജിനുസമീപം വൈത്തിരി എൻ.കെ. മുഹമ്മദ് സ്ഥലം സൗജന്യമായി വാഗ്ദാനം ചെയ്തിട്ടുണ്ട്. താഴെ അടിവാരത്ത് സ്ഥലം ലഭ്യമായെങ്കിലും ഏറ്റെടുക്കൽ പൂർത്തിയായിട്ടില്ല. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. ജൂൺ ആദ്യവാരം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാനും തീരുമാനമായി. എം.ഐ. ഷാനവാസ് എം.പി, എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ജോർജ് എം. തോമസ്, ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് ജോണി പാറ്റാനി, ജന. സെക്രട്ടറി ഇ.പി. മോഹൻദാസ്, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.