മേപ്പയൂർ: ഹയർ സെക്കൻഡറി പരീക്ഷയിൽ ഗ്രേസ് മാർക്കിെൻറ സഹായമില്ലാതെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ജന്മനാ ശരീരം തളർന്ന് വീൽചെയറിലായ ശാരിക. മേപ്പയൂർ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ് പ്രവാസിയായ കീഴരിയൂരിലെ എരയിമ്മൻ കണ്ടി ശശി -രാഗി ദമ്പതികളുടെ മകളായ ശാരിക. സ്ക്രൈബ് ആനുകൂല്യം ഉപയോഗിക്കാതെ ചലനശേഷിയുള്ള തെൻറ ഇടതുകൈ ഉപയോഗിച്ചാണ് ശാരിക പരീക്ഷ എഴുതിയത്. ജന്മനാതന്നെ സെറിബ്രൽ പൾസി ബാധിച്ച ഈ പെൺകുട്ടി ശരീരം തളർന്ന നിലയിലാണ്. കോഴിക്കോട് മെഡിക്കൽ കോളജ്, അമൃത മെഡിക്കൽ കോളജ്, മണിപ്പാൽ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ വിദഗ്ധ ചികിത്സ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. പരസഹായമില്ലാതെ എഴുന്നേൽക്കാനോ ഒരു താങ്ങില്ലാതെ ഇരിക്കാനോ കഴിയില്ല ശാരികക്ക്. വലതു കൈ പൂർണമായും തളർന്നതാണ്. കാലുകൾക്കും ശേഷിയില്ല. ചലനശേഷിയുള്ള ഇടതുകൈ കൊണ്ടാണ് പരീക്ഷ എഴുതിയത്. ഈ കൈകൊണ്ട് ശാരിക ചിത്രം വരക്കും. നിഴലുപോലെ അവൾക്കൊപ്പമുള്ള അമ്മ രാഗിയോടൊപ്പം ചെറുപ്പം മുതലേ എന്തിനും, ഏതിനും സഹായവുമായി അവളുടെ കൂട്ടുകാരായ വിഷ്ണുമായ, ഷിയാന ലുലു, അനഘ ശ്രീ എന്നിവരുമുണ്ട്. പ്രൈമറി തലം മുതൽ ഒന്നിച്ച് പഠിക്കുന്ന ഇവർ മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ഒപ്പമുണ്ടായിരുന്നു. എല്ലാ ദിവസവും ശാരികയെ എടുത്ത് ഓട്ടോറിക്ഷയിൽ കീഴരിയൂരിൽനിന്ന് സ്കൂളിലെത്തിക്കുകയും വൈകീട്ട് തിരിച്ച് കൊണ്ടുപോകുകയും ചെയ്തത് അമ്മ രാഗിയായിരുന്നു. ആ അമ്മയുടെ കരുതലും, സ്കൂളിലെ അധ്യാപകരുടെ പിന്തുണയുമാണ് അവളെ സ്വപ്നവിജയത്തിന് പ്രാപ്തയാക്കിയത്. സോഫ്റ്റ്വെയർ എൻജിനീയറാകണമെന്നാണ് ശാരികയുടെ ആഗ്രഹം. അതിന് ദൂരെയുള്ള കോളജുകളിൽ പോകാൻ അവളുടെ ശാരീരിക അവസ്ഥ അനുവദിക്കില്ല. അതിനു പറ്റിയ ഒരു സ്ഥാപനം തിരയുകയാണിപ്പോൾ അവളുടെ അഭ്യുദയകാംക്ഷികൾ. ഏതായാലും സ്വപ്ന സാക്ഷാത്കാരത്തിനുള്ള ദൃഢനിശ്ചയത്തിലാണ് ശാരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.