കോഴിക്കോട്: കവർച്ചക്കേസിൽ യുവതി ജയിലിലായതിനെ തുടർന്ന് സ്റ്റേഹോമിൽ താമസിപ്പിച്ച പിഞ്ചുമക്കളെ മാതാവിെൻറ അടുത്തേക്ക് മാറ്റി. ശിശുക്ഷേമ സമിതിയുടെ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നടപടി. കോയമ്പത്തൂർ സ്വദേശികളായ മാണിക്യം-ജയ ദമ്പതികളുടെ ഒമ്പതുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളാണ‌് മാതാവ് മോഷണക്കേസിൽ അറസ‌്റ്റിലായതോടെ പിതാവിനൊപ്പം പെരുവഴിയിലായിരുന്നത്. പിഞ്ചുമക്കളുമായി നഗരത്തിൽ അലഞ്ഞ പിതാവിൽനിന്ന് തിങ്കളാഴ്ച ൈവകീേട്ടാടെ കുട്ടികളെ ഏറ്റെടുത്ത് ചൈൽഡ്ലൈൻ പ്രവർത്തകർ സ്റ്റേഹോമിലേക്ക് മാറ്റുകയായിരുന്നു. കുട്ടികൾക്ക് മാതാവിെൻറ പരിലാളനയും മുലപ്പാലും ലഭിക്കാത്ത സാഹചര്യമുണ്ടായതോടെ കുട്ടികളെ മാതാവിനൊപ്പം വിടണമെന്ന് ശിശുക്ഷേമസമിതി ചെയർമാൻ കെ. രാജൻ ഉത്തരവിടുകയായിരുന്നു. തുടർന്ന് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ‌്ട്രേറ്റ‌് കോടതിയുടെ അനുമതിയോടെ മെഡിക്കൽ കോളജ് പൊലീസാണ് കുട്ടികളായ കാർത്തിക, കാർത്തിക് എന്നിവരെ മാതാവ് ജയയെ താമസിപ്പിച്ച കോഴിക്കോട് ജയിലിലേക്ക് മാറ്റിയത്. 2015ൽ കോഴിക്കോട‌് കോവൂരിലെ പൊലീസുകാരെൻറ വീട്ടിലുണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ െചയ്ത കേസിൽ പ്രതിയായ ജയ മൂന്നുവർഷത്തിനുശേഷം തിങ്കളാഴ‌്ച തിരൂരിൽനിന്നാണ് അറസ‌്റ്റിലായത്. തിരൂരിൽ ഭർത്താവുമൊത്ത‌് ജീവിക്കുന്നതിനിടെയായിരുന്നു അറസ‌്റ്റ‌്. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ‌്ട്രേറ്റ‌് കോടതിയിൽ ഹാജരാക്കിയ ജയയെ 15 ദിവസത്തേക്ക‌് റിമാൻഡ‌് ചെയ‌്തതാണ്. അതോടെ പിഞ്ചുകുഞ്ഞുങ്ങളുമായി വിവിധയിടങ്ങളിൽ കറങ്ങിയ പിതാവ് മാണിക്യം പിന്നീട് കോഴിക്കോട് റെയിൽവേ സ‌്റ്റേഷനിലെത്തി പ്ലാറ്റ‌്ഫോം തറയിൽ കുട്ടികളെ കിടത്തി. കുഞ്ഞുങ്ങളുടെ കരച്ചിൽ ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചൈൽഡ‌് ലൈനിൽ വിവരമറിയിക്കുകയും റെയിൽവേ സംരക്ഷണസേനയും പൊലീസും എത്തി പിന്നീട് കുട്ടികളെ സ്റ്റേഹോമിലേക്ക് മാറ്റുകയുമായിരുന്നു. പിഞ്ചുകുട്ടികൾ ഉള്ള കാര്യം പൊലീസ് കോടതിയിൽനിന്ന് മറച്ചുെവച്ചതാണെന്ന് ആരോപണമുണ്ട്. പൊലീസ് അറിയിക്കാത്തതിനാലാണ് കുട്ടികളെ മാതാവിനോടൊപ്പം അയക്കാതിരുന്നത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയതായാണ് വിവരം. സംസ്ഥാന ബാലാവകാശ കമീഷനും സംഭവത്തിൽ കേസെടുത്ത് പൊലീസിനോട് റിപോർട്ട് തേടിയിട്ടുണ്ട്. എന്നാൽ, പ്രതിയെ കുട്ടികളോടൊപ്പമാണ് കോടതിയിൽ ഹാജരാക്കിയതെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും മെഡിക്കൽ കോളജ് സി.െഎ മൂസ വള്ളിക്കാടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.