അത്തോളി ലോക്കപ്പ്​ മർദനം: കേസെടുത്തില്ല

കോഴിക്കോട്: യുവാവിനെ നഗ്നനാക്കി ലോക്കപ്പില്‍ മര്‍ദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുത്തില്ല. അത്തോളി പുത്തഞ്ചേരി കൂമുള്ളി തയ്യുള്ളതില്‍ അനൂപിനാണ് (28) അത്തോളി പൊലീസ് സ്‌റ്റേഷനില്‍നിന്ന് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്. മലബാര്‍ മെഡിക്കല്‍കോളജ് ആശുപത്രിയിലെ ചികിത്സക്കുശേഷം അനൂപ് ചൊവ്വാഴ്ച വീട്ടിലേക്ക് മടങ്ങി. ഞായറാഴ്ച വൈകീട്ട് നാലോടെ സ്റ്റേഷനിൽനിന്ന് ജാമ്യത്തിലിറങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ അനൂപ് കുഴഞ്ഞുവീഴുകയായിരുന്നു. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പൊലീസുകാര്‍ വീട്ടില്‍നിന്നും പിടിച്ചുകൊണ്ടുപോയി ജീപ്പില്‍ െവച്ചും ലോക്കപ്പില്‍ െവച്ചും ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. അതിനിടെ, മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത മനുഷ്യാവകാശ കമീഷന് റിപ്പോർട്ട് നൽകുന്നതിനായി വടകര അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി കെ. ഇസ്മായിൽ അനൂപിൽനിന്ന് മൊഴിയെടുത്തു. കൂടുതൽ അന്വേഷണം നടത്തിയശേഷം തയാറാക്കുന്ന റിപ്പോർട്ട് വടകര റൂറല്‍ എസ്.പി എം.കെ. പുഷ്‌കരന്‍ മുഖേനെ മനുഷ്യാവകാശ കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസിന് കൈമാറും. മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് റൂറൽ എസ്.പിയോട് കമീഷൻ ഉത്തരവിട്ടത്. കൊയിലാണ്ടി പൊലീസും കഴിഞ്ഞ ദിവസം അനൂപിൽനിന്ന് മൊഴിയെടുത്തിട്ടുണ്ട്. അത്തോളി സ്‌റ്റേഷനിലെ എ.എസ്‌.ഐ രവീന്ദ്ര​െൻറ വീടിനുനേരെ പടക്കമെറിഞ്ഞെന്ന പരാതിയില്‍ ഞായറാഴ്ച രാവിലെയാണ് ബി.ജെ.പി പ്രവർത്തകനായ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച്ച കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉൾപ്പെടെയുള്ള നേതാക്കൾ അനൂപിനെ സന്ദർശിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച അത്തോളി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.