കോഴിക്കോട്: രാജ്യത്തെ വിവിധ ബാങ്കുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ മുതലക്കുളത്തുവെച്ചാണ് കൂട്ടായ്മ നടത്തുന്നത്. വെള്ളിയാഴ്ച വൈകീട്ട് ആറിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. തുടർന്ന് കെ.ഇ.എൻ കുഞ്ഞഹമ്മദ് സാംസ്കാരിക പ്രഭാഷണം നടത്തും. ശനിയാഴ്ച രാവിലെ 10ന് തൊഴിൽ, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ കൂട്ടായ്മയിൽ സംസാരിക്കും. തുടർന്ന് വിവിധ സംഘടന -ബഹുജനപ്രസ്ഥാന നേതാക്കൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് 4.30ന് മാവൂർ വിജയൻ അവതരിപ്പിക്കുന്ന ഒരു ബിരിയാണിക്കഥ എന്ന നാടകം അരങ്ങേറും. 5.30നാണ് സമാപനം. ബാങ്കുകളെ തകർക്കരുത്, കോർപറേറ്റ് കിട്ടാക്കടം തിരിച്ചുപിടിക്കുക, എഫ്.ആർ.ഡി.ഐ ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ബെഫി സംസ്ഥാന വൈസ് പ്രസിഡൻറ് സി. രാജീവൻ, സംഘാടക സമിതി കൺവീനർ എം. രാജു, വൈസ് ചെയർമാൻമാരായ കെ.ജെ. തോമസ്, കെ.ടി. ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.