മിഠായിതെരുവ്​ വാഹന ഗതാഗതം: നഗരസഭ ഒാഫിസ്​ മാർച്ച്​ നടത്തി

കോഴിക്കോട്: മിഠായിതെരുവിൽ വാഹന ഗതാഗതം അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ നഗരസഭ ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. മിഠായിതെരുവിലെ ഉൾപ്പെടെ കടകൾ അടച്ചിട്ടായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. നഗരസഭ ഒാഫിസ് ഗേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞ സമരം സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്തു. വൻകിട മാളുകൾക്കുവേണ്ടി മിഠായിതെരുവിലെ കച്ചവടമേഖല തകർക്കാനാണ് നഗരസഭ വാഹന ഗതാഗതം തടസ്സപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ജി.എസ്.ടി കാരണംതന്നെ നിരവധി കച്ചവടസ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. പിന്നാലെയാണ് വാഹനങ്ങൾ തടഞ്ഞ് വ്യാപാരികളെ ദ്രോഹിക്കുന്നത്. മിഠായിതെരുവ് നവീകരണത്തിന് ആറുകോടിയോളം രൂപ ചെലവഴിച്ചെന്ന് പറയുന്നതിൽ ദുരൂഹതയുണ്ട്. വാഹന നിയന്ത്രണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും നിയന്ത്രണം നീക്കുന്നതുവെര വ്യാപാരികൾ സമര പാതയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല വൈസ് പ്രസിഡൻറ് എം. ഷാഹുൽ ഹമീദ് അധ്യക്ഷതവഹിച്ചു. കെ. സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി. മൊയ്തീൻകോയ ഹാജി, എ.വി.എം. കബീർ, സി.ജെ. ടെന്നിസൺ, അഷ്റഫ് മൂത്തേടത്ത്, ഇബ്രാഹിം ഹാജി, സലാം വടകര തുടങ്ങിയവർ സംസാരിച്ചു. മാനാഞ്ചിറ എസ്.കെ. പൊെറ്റക്കാട്ട് പ്രതിമക്കടുത്തുനിന്ന് പ്രകടനമായാണ് വ്യാപാരികൾ നഗരസഭയിലേക്ക് മാർച്ച് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.