മാധ്യമപ്രവർത്തകനുനേരെ എം.എൽ.എയുടെ കൈയേറ്റ ശ്രമം

കൽപറ്റ: വാഹനാപകടത്തി​െൻറ ദൃശ്യം പകർത്താൻ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവർത്തകനുനേരെ സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ കൈയേറ്റ ശ്രമം. മന്ത്രിസഭ വാർഷികവുമായി ബന്ധപ്പെട്ട പരിപാടി നടക്കുന്ന കൽപറ്റ എസ്.കെ.എം.ജെ. സ്കൂളിനു മുന്നിൽ തിങ്കളാഴ്ച രാവിലെ 10.30ഒാടെയായിരുന്നു സംഭവം. സ്ഥലത്ത് നടന്ന അപകടത്തി​െൻറ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന 'മാതൃഭൂമി' സ്റ്റാഫ് ഫോട്ടോഗ്രാഫർ പി. ജയേഷിനു നേരെ എം.എൽ.എ പ്രകോപനമില്ലാതെ തട്ടിക്കയറുകയായിരുന്നു. അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ ശ്രമിക്കാതെ ഫോട്ടോയെടുക്കുന്നുവെന്നാരോപിച്ചാണ് എം.എൽ.എ ജയേഷിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. അപകടത്തിൽെപട്ടവരെ രക്ഷിക്കാൻ സംഭവസ്ഥലത്ത് തടിച്ചുകൂടിയ ഒരുപാടുപേർ ശ്രമിക്കുന്നുണ്ടെന്നും ജോലിയുടെ ഭാഗമായി അത് ചിത്രീകരിക്കുകയാണെന്നും ജയേഷ് പറഞ്ഞു. ഇതോടെ മോശമായി സംസാരിച്ച എം.എൽ.എ പിന്തിരിഞ്ഞെങ്കിലും അൽപനേരത്തിനുശേഷം വീണ്ടും കൈയേറ്റം ചെയ്യാനോങ്ങി കുതിച്ചെത്തി. മറ്റു മാധ്യമപ്രവർത്തകരും നാട്ടുകാരും ചേർന്നാണ് അദ്ദേഹത്തെ തടഞ്ഞത്. ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഓട്ടോഡ്രൈവര്‍ വെള്ളം കുടിച്ച് കുറച്ചുനേരം വിശ്രമിച്ചശേഷം ആശുപത്രിയില്‍ പോയാല്‍ മതിയെന്ന് പറഞ്ഞതിനാലാണ് പെട്ടെന്ന് കൊണ്ടുപോകാതിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിനിടയിലാണ് സി.കെ. ശശീന്ദ്രന്‍ സ്ഥലത്തെത്തി മാധ്യമപ്രവർത്തകരോട് കയര്‍ത്തത്. കൽപറ്റ സി.ഐ കെ.ജി. പ്രവീണ്‍ കുമാറും ഫോട്ടോ എടുക്കുന്നത് തടയുകയും മാധ്യമപ്രവര്‍ത്തകരെ കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് സി.കെ. ശശീന്ദ്രൻ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തിരിഞ്ഞത്. ആക്രോശിക്കുകയും ജയേഷിനെ പിറകോട്ട് തള്ളിമാറ്റുകയും ചെയ്യുകയായിരുന്നു. തടയാന്‍ ശ്രമിച്ച മറ്റു മാധ്യമപ്രവര്‍ത്തകരോടും കയര്‍ത്തു. ആക്രോശം തുടര്‍ന്ന എം.എല്‍.എയെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടിച്ചുമാറ്റിയത്. സംഭവത്തിനുശേഷം സി.കെ. ശശീന്ദ്രൻ ജയേഷിനെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്തി. മാധ്യമപ്രവര്‍ത്തനത്തിനെതിരെ ഒരു തരത്തിലും പ്രവര്‍ത്തിച്ചിട്ടിെല്ലന്ന് സി.കെ. ശശീന്ദ്രന്‍ എം.എൽ.എ അറിയിച്ചു. അപകടത്തില്‍പെട്ടയാളുടെ തൊട്ടുമുന്നില്‍നിന്ന് തുടര്‍ച്ചയായി േഫാട്ടോയെടുക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോൾ ഫോട്ടോഗ്രാഫറോട് അൽപം മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.