ആദിവാസി യുവാവി​െൻറ മരണം സൂര്യാതപവും നിർജലീകരണവും കാരണമെന്ന്​ സൂചന

*കള്ളുഷാപ്പ് എക്‌സൈസ് താല്‍ക്കാലികമായി അടച്ചുപൂട്ടി *ചികിത്സയിലായിരുന്നവരില്‍ ഒരാളൊഴികെയുള്ളവര്‍ ആശുപത്രി വിട്ടു കൽപറ്റ: മദ്യപിച്ച് അവശനിലയിലായ ആദിവാസി യുവാവി​െൻറ മരണം നിർജലീകരണവും സൂര്യാതപവും കാരണമെന്ന് സൂചന. കള്ളുഷാപ്പില്‍നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് അവശനിലയില്‍ വഴിയരികില്‍ കാണപ്പെട്ട വെങ്ങപ്പള്ളി തെക്കുംതറ മരമൂല കോളനിയിലെ ഗോപി (53) മരിച്ചത് വ്യാജ കള്ള് കുടിച്ചതു മൂലമല്ലെന്നാണ് പ്രാഥമിക നിഗമനം. അമിതമായി മദ്യപിച്ച് ഏറെ നേരം വെയിലത്ത് കിടന്നപ്പോഴുണ്ടായ സൂര്യാതപവും നിർജലീകരണവുമാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധന നടത്തിയ ഡോക്ടർ പറഞ്ഞു. ഗോപിയുടെ ശരീരത്തിൽ വെയിലേറ്റ് പൊള്ളിയ പാടുകളുണ്ട്. വ്യാജ കള്ള് കുടിച്ചാണ് മരണമെന്ന അഭ്യൂഹം ഏറെ ആശങ്ക പടർത്തിയിരുന്നു. അവശനിലയിൽ കണ്ടെത്തിയ ഗോപി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. മൃതദേഹം ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. ആന്തരികാവയങ്ങൾ വിശദമായ പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതർ പറഞ്ഞു. കോട്ടത്തറ മണിയന്‍കോട് കോളനിമുക്ക് കള്ളുഷാപ്പില്‍നിന്ന് കള്ള് കുടിച്ചതിനെ തുടര്‍ന്ന് കൽപറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചു പേരിൽ ഒരാൾ ഒഴികെയുള്ളവര്‍ ശനിയാഴ്ച രാവിലെ ആശുപത്രി വിട്ടു. അന്വേഷണത്തി​െൻറ ഭാഗമായി എക്‌സൈസ് വകുപ്പ് കള്ളു ഷാപ്പ് താല്‍ക്കാലികമായി പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. ഇതേ ലൈസൻസിയുടെ കീഴിൽവരുന്ന മറ്റ് ആറു ഷാപ്പുകളും പൂട്ടി. മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ കള്ളുഷാപ്പുകളിൽനിന്നും ശനിയാഴ്ച എക്സൈസ് അധികൃതർ സാമ്പിളുകൾ ശേഖരിച്ചു. കള്ള് പ്രാഥമിക പരിശോധനക്ക് വിധേയമാക്കിയതിൽ വിഷാംശം കണ്ടെത്താനായിട്ടില്ല. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച ലഭിക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. സാമ്പിളി​െൻറ അന്തിമ പരിശോധനഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ. സംഭവവുമായി ബന്ധപ്പെട്ട് പൊലീസും എക്‌സൈസും ഓരോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.