ജുഡീഷ്യറി ഉടച്ചുവാർത്തില്ലെങ്കിൽ ജനാധിപത്യം ഇല്ലാതാവും ^പ്രശാന്ത്​ ഭൂഷൺ

ജുഡീഷ്യറി ഉടച്ചുവാർത്തില്ലെങ്കിൽ ജനാധിപത്യം ഇല്ലാതാവും -പ്രശാന്ത് ഭൂഷൺ കോഴിക്കോട്: വിശ്വസ്തതയും കരുത്തുമുള്ള നീതിന്യായ വ്യവസ്ഥക്കായുള്ള പരിഷ്കരണങ്ങൾക്ക് ജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ ആവശ്യമുയർന്നില്ലെങ്കിൽ ജനാധിപത്യം തന്നെ ഇല്ലാതാവുമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ പ്രശാന്ത് ഭൂഷൺ. സ​െൻറർ ഫോർ റിസർച് ആൻഡ് എജുക്കേഷൻ ഫോർ സോഷ്യൽ ട്രാൻസ്ഫോമേഷൻ (ക്രസ്റ്റ്) ആഭിമുഖ്യത്തിൽ കേരള വജ്രജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച 'ജനാധിപത്യവും ജുഡീഷ്യറിയും ഇന്ത്യയിൽ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലവിൽ ജുഡീഷ്യറിക്കെതിരായ പരാതികളിൽ മതിയായ നടപടികളില്ലാത്ത അവസ്ഥയാണ്. ചീഫ് ജസ്റ്റിസിനെതിരെ വേണ്ടവിധം പരാതിപ്പെടാൻപോലും സംവിധാനമില്ല. സത്യസന്ധരായ ന്യായാധിപന്മാർ ജുഡീഷ്യറിയുടെ സൽപേരിന് കളങ്കംവരുത്തേണ്ടെന്നു കരുതി കീഴ്ജഡ്ജിമാർക്കെതിരെ നടപടിക്ക് മടിക്കുന്നു. ന്യായാധിപന്മാർക്കെതിരായ പരാതികളിൽ അന്വേഷണം നടത്തി, വിചാരണചെയ്ത് വേണമെങ്കിൽ ശിക്ഷ നടപ്പാക്കാൻ അധികാരമുള്ള മുഴുസമയ ജുഡീഷ്യൽ കമീഷനായി നിയമനിർമാണം വേണം. ന്യായാധിപന്മാരുടെ നിയമനവും മുഴുസമയം പ്രവർത്തിക്കുന്ന പ്രത്യേക കമീഷൻ വഴിയാക്കണം. കോടതിയലക്ഷ്യ നിയമങ്ങൾ കോടതികൾ ദുരുപയോഗം ചെയ്യുകയാണ്. തെറ്റ് ചൂണ്ടിക്കാട്ടിയാൽ ഭീഷണി മുഴക്കുന്ന ഇത്തരമൊരു നിയമത്തി​െൻറ നിലനിൽപ് ഒരുവിധത്തിലും ന്യായീകരിക്കാനാവില്ല. വിരമിക്കുന്ന ന്യായാധിപന്മാർ സ്ഥാനമാനങ്ങൾക്ക് സർക്കാറിനെ സമീപിക്കുന്ന രീതിയും മാറണം. ജുഡീഷ്യറിയെയും സർവകലാശാലകളെയും സി.ബി.െഎയെയുമടക്കം സാംസ്കാരികമായ എല്ലാ മൂല്യങ്ങളെയും ഇല്ലാതാക്കാനാണ് മോദി ആഗ്രഹിക്കുന്നത്. സാധാരണക്കാരുടെ പണമിടപാടുകൾ കാഷ്ലെസ് ആകണമെന്ന് പറയുന്ന മോദി ആദ്യം ചെയ്യേണ്ടത് രാഷ്ട്രീയ കക്ഷികളുടെ ഇടപാടുകൾ അക്കൗണ്ട് വഴിയാക്കുകയാണ്. ജുഡീഷ്യറിക്കൊപ്പം തെരഞ്ഞെടുപ്പ് സംവിധാനവും മാറണം. ഇഷ്ടമില്ലാത്ത സ്ഥാനാർഥികളെ അടിച്ചേൽപിക്കുന്ന രീതി ഇല്ലാതാകണം. സ്ഥാനാർഥിക്ക് പണം ചെലവിടുന്നതിൽ പരിധിയുണ്ടെങ്കിലും പാർട്ടികൾക്ക് അതില്ല. സന്നദ്ധ സംഘടനകളുടെ വിദേശ സഹായം തടയുന്ന ബി.ജെ.പി സർക്കാർ സ്വന്തം പാർട്ടിയുടെ വിദേശ ഫണ്ട് നിയമവിധേയമാക്കാൻ വിദേശ ഫണ്ട് വിനിമയ നിയമംതന്നെ മുൻകാല പ്രാബല്യത്തോടെ മാറ്റിയെഴുതിയതായും പ്രശാന്ത് ഭൂഷൺ പറഞ്ഞു. പ്രഫ. ഡി.ഡി. നമ്പൂതിരി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.