കാലിക്കറ്റിലെ പരീക്ഷ മൂല്യനിർണയ വേതനം ജൂലൈ 31നകം നൽകും

* ബഹിഷ്കരണ സമരം മാറ്റി കോഴിക്കോട്: പരീക്ഷ മൂല്യനിർണയ വേതനം അനിശ്ചിതമായി കുടിശ്ശികയായതിൽ പ്രതിഷേധിച്ച് നാളെ മുതൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ സ്വാശ്രയ കോളജ് അധ്യാപകർ നടത്താനിരുന്ന സമരം മാറ്റി. സെൽഫ് ഫിനാൻസിങ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ പ്രതിനിധികളുമായി യൂനിവേഴ്സിറ്റിയിലെ പരീക്ഷ സ്ഥിരംസമിതി കൺവീനർ ഡോ. സി.എൽ. ജോഷിയുടെ അധ്യക്ഷതയിൽ സർവകലാശാലയിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. ഇതിനകം ഒമ്പത് കോടിയോളം രൂപ ഒരുവർഷത്തിനിടെ കൊടുത്തു തീർത്തെന്ന് അദ്ദേഹം അറിയിച്ചു. ബാക്കി പരീക്ഷവേതനവും ദിനബത്തയും യാത്രബത്തയുമടക്കം ജൂലൈ 31നകം നൽകും. കുടിശ്ശിക വിതരണം വേഗത്തിലാക്കാൻ പരീക്ഷ ചെയർമാന്മാർ മുഖേന അദാലത്ത് നടത്തും. അവധിക്കാല ശമ്പളം നൽകാതെ പിരിച്ചുവിട്ട സ്ഥാപനങ്ങൾക്കെതിരെ സർവകലാശാല തലത്തിൽ നടപടി എടുക്കും. പരീക്ഷ ചീഫായി സ്വാശ്രയ അധ്യാപകരെയും പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച മുതൽ അഞ്ച് ജില്ലകളിലെ 70 കോളജുകളിലായി 3,000ത്തോളം അധ്യാപകരെയാണ് മൂല്യനിർണയത്തിന് നിയോഗിച്ചിരുന്നത്. ബിരുദ വിഷയങ്ങൾക്ക് 15 രൂപയും ബിരുദാനന്തര വിഷയങ്ങൾക്ക് 22 രൂപയും, ദിനബത്തയായി 400 രൂപയും ഇനിമുതൽ ലഭിക്കും. ചർച്ചയിൽ സിൻഡിക്കറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. പി. വിജയരാഘവൻ ഡോ. സി.സി. അബ്ദുൽ മജീദ്, ഡോ. എം. സത്യൻ, അധ്യാപക സംഘടന നേതാക്കളായ കെ.പി. അബ്ദുൽ അസീസ്‌, ഇ.എൻ. പത്മനാഭൻ, ടി.വി. ഷീജ, പി.എം. സദാനന്ദൻ, കെ. സുകന്യ തുടങ്ങിയവർ പങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.