സി.പി.എമ്മുകാർ പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി മോചിപ്പിച്ച പ്രതിയെ പിന്നീട് സ്​റ്റേഷനിൽ ഹാജരാക്കി

പേരാമ്പ്ര: വീടിനു ബോംബെറിഞ്ഞ കേസിൽ അറസ്റ്റുചെയ്ത് കൊണ്ടുവരുകയായിരുന്ന പ്രതിയെ സി.പി.എം പ്രവർത്തകർ പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി ബലമായി മോചിപ്പിച്ചു. എന്നാൽ, പൊലീസി​െൻറ ശക്തമായ സമ്മർദത്തെ തുടർന്ന് പ്രതിയെ പിന്നീട് സ്റ്റേഷനിൽ ഹാജരാക്കി. ചൊവ്വാഴ്ച വൈകീട്ട് 4.40ഒാടെ പേരാമ്പ്ര ബസ്സ്റ്റാൻഡ് പരിസരത്താണ് സംഭവം. സി.പി.എം പ്രവർത്തകനായ മരുതേരിയിലെ തെക്കെ മൊളേറ്റി കെ.ടി. സുധാകരനെ (29) ആണ് ബലമായി മോചിപ്പിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് ബുധനാഴ്ച പുലർച്ചെ സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ അറസ്റ്റുചെയ്തു. ഇയാളെയും ഈ കേസിൽ തന്നെ അറസ്റ്റിലായ ചേനോളി കുണ്ടുങ്ങൽ നിഷാദിനെയും (30) പയ്യോളി കോടതിയിൽ ഹാജരാക്കി. ഇവരെ റിമാൻഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്കയച്ചു. ചെമ്പ്രയിൽനിന്നാണ് സുധാകരനെ എ.എസ്.ഐ അമ്മദ് കസ്റ്റഡിയിലെടുത്തത്. എ.എസ്.ഐയെ കൂടാതെ ഒരു പൊലീസുകാരനുമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പ്രതിയേയും കൊണ്ട് ജീപ്പ് ടൗണിലെത്തിയപ്പോൾ 15ഓളം പ്രവർത്തകർ ജീപ്പ് തടഞ്ഞ് പ്രതിയെ ഇറക്കിക്കൊണ്ടുപോവുകയായിരുന്നു. ഇവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. വിഷുദിനത്തിൽ സി.പി.എം-ശിവജി സേവാസമിതി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് തൊട്ടടുത്ത ദിവസങ്ങളിൽ ഇരുവിഭാഗത്തിലുംപെട്ട അഞ്ച് വീടുകൾക്കുനേരെ ബോംബേറുണ്ടായിരുന്നു. ഈ കേസുകളിൽ അഞ്ച് ശിവജി പ്രവർത്തകരും ഒരു സി.പി.എം പ്രവർത്തകനും നേരത്തെ അറസ്റ്റിലായിരുന്നു. സുധാകരൻ രണ്ട് വീടിന് ബോംബെറിഞ്ഞ കേസിൽ പ്രതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.