ജലസംരക്ഷണത്തിന് തടയണകൾ നിർമിച്ച് നാട്ടുകാർ

നാദാപുരം: തോടുകൾക്കും ചെറുപുഴകൾക്കും തടയണകൾ നിർമിച്ച് ജനകീയ കൂട്ടായ്മകൾ. വേനൽ കടുക്കുകയും കിണറുകളിലെ നീരുറവകൾ ഇല്ലാതായി കിണറുകൾ വറ്റുകയും ചെയ്തതോടെയാണ് തോടുകളിലെ ജലം കെട്ടിനിർത്താൻ തടയണ നിർമാണവുമായി നാട്ടുകാർ സ്വയം രംഗത്തിറങ്ങിയത്. നാദാപുരം പുളിക്കൂൽ തോട്ടിൽ പല സ്ഥലങ്ങളിലായി നിരവധി തടയണകൾ നിർമിച്ചുകഴിഞ്ഞു. മെറ്റൽ, പൂഴിച്ചാക്കുകൾ നിരത്തിയും തോട്ടിലെ ചളി നീക്കം ചെയ്തുമാണ് തടയണകളുടെ നിർമാണം. ആയിരങ്ങൾ മുടക്കിയുള്ള നിർമാണത്തിന് കായികാധ്വാനം നാട്ടുകാരുടെ വക സൗജന്യമാണ്. പല സ്ഥലങ്ങളിലും കനാലുകൾ തുറന്നതോടെ ചെറുതോടുകളിൽ കൂടിയും മറ്റും വെള്ളം പാഴാവുകയാണ്. ഇത് തടയണകൾ നിർമിച്ച് തടയാൻ തുടങ്ങിയതോടെ തോട് പരിസരങ്ങളിലെ കിണറുകളിലെ ജല വിതാനം ഗണ്യമായി ഉയർന്നതായി വീട്ടുകാർ പറഞ്ഞു. പുളിക്കൂൽ തോട്ടിൽ കരീച്ചേരി ഭാഗം തോടിനുകുറുകെ ഒരുമ റെസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർ തടയണ നിർമിച്ചു. ഇ.വി. ആലി, റാഷിദ്‌ കക്കാടൻ, ഹാരിസ് മാതോട്ടത്തിൽ, എ.ടി.കെ. സുരേഷ്, ഇക്ബാൽ, മനോജൻ, എ.കെ. ബാലൻ, വിനോദൻ, റാഫി, രാജൻ, ഷാനിദ് എന്നിവർ നേതൃത്വം നൽകി. പുളിക്കൂൽ ഭാഗത്ത് തടയണ നിർമാണത്തിന് സി.വി. ഖാലിദ്, മഠത്തിൽ പോക്കർ, കെ.വി. മമ്മൂട്ടി, സാവാൻ റഷീദ്, കിഴക്കയിൽ ജാബിർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.