താരാധിപത്യത്തിനും ആരാധകക്കൂട്ടത്തിനുമെതിരെ ആഞ്ഞടിച്ച് ഓപൺ ഫോറം

കോഴിക്കോട്: മലയാള സിനിമയിലെ താരാധിപത്യത്തെയും ഫാൻസ് അസോസിയേഷനുകളുടെ അധാർമിക ഇടപെടലുകളെയും കടന്നാക്രമിച്ച് പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയിലെ നാലാം ദിനത്തിലെ ഓപൺ ഫോറം. താരാധിപത്യവും ഫാൻസ് അസോസിയേഷനുകളും എന്ന പേരിൽ നടന്ന ചർച്ചയിൽ മലയാള സിനിമയിലെ അപകടകരമായ പ്രവണതകൾക്കെതിരെയുള്ള രോഷം ഉയർന്നു. ഫാൻസ് അസോസിയേഷനുകൾ മലയാളത്തിലെ ഏറ്റവും അപച്യുതി പരത്തുന്നതും ഭീഷണിപ്പെടുത്തുന്നതുമായ മാഫിയയാണെന്ന് ഡോ. ബിജു പറഞ്ഞു. സമൂഹത്തിൽ ദലിത്വിരുദ്ധത, സ്ത്രീവിരുദ്ധത തുടങ്ങിയവയെല്ലാം പ്രചരിപ്പിക്കുന്നത് ഇക്കൂട്ടരാണ്. താരചിത്രങ്ങൾ ഉൽപാദിപ്പിക്കുന്ന വംശീയതയും വർഗീയതയും കൊണ്ടാടുന്നത് ഫാൻസ് അസോസിയേഷനുകളാണ്. ചേരിതിരിഞ്ഞ് വെല്ലുവിളികളും തെറിവിളികളും നടത്തുന്ന രീതിയിലേക്ക് ആരാധകർ മാറിയിരിക്കുന്നു. ഇതി​െൻറ വ്യക്തിപരമായ ഇരയാണ് താൻ. ഇവർ സമൂഹത്തിൽ വിഷം പടർത്തുകയാണെന്നും ഡോ. ബിജു പറഞ്ഞു. മോഹൻലാലും മമ്മൂട്ടിയും നടനെന്ന സ്വത്വത്തിൽനിന്ന് താരം എന്ന അധികാരവ്യവസ്ഥയിലേക്ക് മാറുന്നതാണ് അപകടകരമെന്ന് അനിൽകുമാർ തിരുവോത്ത് അഭിപ്രായപ്പെട്ടു. മലയാള സിനിമയിലെ നവഹൈന്ദവ ഫാഷിസ്റ്റ് ചിന്താഗതി രൂപപ്പെട്ടുവന്നതോടെ സ്ത്രീ എന്ന സാംസ്കാരിക പരിസരം അപ്രസക്തമായിത്തുടങ്ങി. താരാധിപത്യത്തി​െൻറയും നവ ഫാഷിസ്റ്റ് ഹൈന്ദവവത്കരണത്തി​െൻറയും ഇരയാണ് ഫാൻസ് അസോസിേയഷനുകളെന്നും അദ്ദേഹം പറഞ്ഞു. ഒരു മതിഭ്രമത്തിൽ ഒഴുകിപ്പോകുന്നവരാണ് ആരാധക അസോസിയേഷനുകളെന്നും താരങ്ങൾക്ക് വളരാൻ അസോസിയേഷനെ വേണമെന്നും ഡോ. എൻ.വി. മുഹമ്മദ് റാഫി പറഞ്ഞു. മലയാള സിനിമ ഒരു വെളുത്ത നായർ പുരുഷനാണ്. ചലച്ചിത്ര അവാർഡ് നിർണയത്തിൽപോലും പ്രവണത മാറിയത് അടുത്തിടെയാണ്. ഇന്ദ്രൻസി​െൻറ ശരീരത്തെ ഇതിൽ നമുക്ക് സങ്കൽപിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സെലിബ്രിറ്റി വർഷിപ് സിൻഡ്രോം എന്ന സ്ഥിതിയിലേക്കാണ് മലയാളി ഫാൻസ് അസോസിയേഷനുകൾ മാറിക്കൊണ്ടിരിക്കുന്നതെന്ന് ബൈജു ലൈലാരാജ് പറഞ്ഞു. മലയാള ചിത്രത്തിൽ താരാധിപത്യം കൂടുന്നതിൽ വലിയ പങ്ക് സംവിധായകർ വഹിക്കുന്നുണ്ടെന്നും ഏറ്റവും ക്രിമിനൽവത്കരണം രഞ്ജിത്തി​െൻറ സിനിമകളിലാണെന്നും ബൈജു മേരിക്കുന്ന് പറഞ്ഞു. പി. സുരേഷ്ബാബു മോഡറേറ്ററായിരുന്നു. മീറ്റ് ദ ഡയറക്ടർ പരിപാടിയിൽ ഷാഹിന കെ. റഫീഖ്, കാത്തു ലൂക്കോസ്, ഷിബു ജി. സുശീലൻ, കെ.പി. ശ്രീകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചലച്ചിത്രമേളയിൽ ഇന്ന് കൈരളി തിയറ്റർ കുപാൽ-ഇറാൻ-9.45, യങ് ആൻഡ് മിസറബ്ൾ ഓർ എ മാൻ സ്ക്രീമിങ് ഇസ് നോട്ട് എ ഡാൻസിങ് ബിയർ-ബ്രസീൽ-12.15, റിഡക്റ്റബ്ൾ-ഫ്രാൻസ്-3.15, ഈസി-ഇറ്റലി-7.15 ശ്രീ തിയറ്റർ നിർമാല്യം-മലയാളം-9.30, ഡാനിയൽ ആൻഡ് അന-മെക്സികോ-12.00, കറുത്ത ജൂതൻ-3.00, വില്ലേജ് റോക്സ്റ്റാർ-ഇന്ത്യ-7.00 ഡോക്യുമ​െൻററികള്‍കൊണ്ട് ശ്രദ്ധേയമായ നാലാം ദിനം കോഴിക്കോട്: പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിവസം പ്രദർശിപ്പിച്ച മൂന്നു ഡോക്യുമ​െൻററികൾ ശ്രദ്ധേയമായി. ഇന്ത്യ മുഴുവൻ ചർച്ചചെയ്യപ്പെട്ട ജെ.എൻ.യു വിദ്യാർഥിപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ കാത്തു ലുക്കോസ് സംവിധാനം ചെയ്ത 'മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്' ആയിരുന്നു ഇതിലൊന്ന്. രാജ്യദ്രോഹികളെന്ന് മുദ്രകുത്തി ചിന്തിക്കുന്ന യുവതയെ കാരാഗൃഹത്തിലടച്ച ഭരണകൂട മുഷ്കിനെ തുറന്നു കാണിക്കുന്നതായിരുന്നു ഇത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെ രോഹിത് വെമുലയുടെ ആത്മഹത്യയിലേക്കു നയിച്ച സംഭവഗതികളെ ആധാരമാക്കി രാമചന്ദ്ര പി.എന്‍ സംവിധാനം ചെയ്ത 'ദ അണ്‍ബെയറബ്ള്‍ ബീയിങ് ഓഫ് ലൈറ്റ്നസ്' എന്ന ഡോക്യുമ​െൻററിയും പ്രദർശിപ്പിച്ചു. കഴിഞ്ഞ രാജ്യാന്തര ഡോക്യുമ​െൻററി ഹ്രസ്വചിത്രമേളയില്‍ ഇവ രണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ഹൈകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇൗ ഡോക്യുെമൻററി പ്രദർശിപ്പിക്കാൻ കഴിഞ്ഞത്. ചലച്ചിത്രകാരൻ കെ.ജി. ജോര്‍ജി​െൻറ ചലച്ചിത്രജീവിതത്തെ സമഗ്രമായി അവതരിപ്പിച്ച ലിജിന്‍ ജോസും ഷാഹിന കെ. റഫീക്കും ചേര്‍ന്ന് സംവിധാനം ചെയ്ത 'എയ്റ്റ് ആൻഡ് എ ഹാഫ് ഇൻറര്‍കട്ട്സ്' പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.