ഉടുമ്പിറങ്ങിമലയിൽ ഖനനം അനുവദിക്കില്ല ^ഡി.വൈ.എഫ്.ഐ

ഉടുമ്പിറങ്ങിമലയിൽ ഖനനം അനുവദിക്കില്ല -ഡി.വൈ.എഫ്.ഐ വാണിമേൽ: പശ്ചിമഘട്ട മലനിരകളോട് ചേർന്നുകിടക്കുന്ന വിലങ്ങാട് ഉടുമ്പിറങ്ങിമലയിൽ കരിങ്കൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ കെ.പി. രാജൻ, ടി. അഭിഷ് എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികൾ ഖനനത്തിനായി നിർമാണപ്രവൃത്തി നടക്കുന്ന ഉടുമ്പിറങ്ങിമലയിൽ സന്ദർശനം നടത്തി. കൃഷിക്ക് നിലമൊരുക്കാനെന്ന വ്യാജേനയാണ് കരിങ്കൽ ഖനനത്തിന് നീക്കം. മുക്കം, പെരുമ്പാവൂർ കേന്ദ്രീകരിച്ച ഒരു സംഘം ഇതിനായി പ്രവർത്തിക്കുന്നുണ്ട്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഉദ്ഭവിച്ചെത്തുന്ന നീരുറവയെ തടസ്സപ്പെടുത്തിയാണ് പുതിയ നീക്കം. രണ്ടു വർഷം മുമ്പ് ഖനനത്തിന് ശ്രമം നടത്തിയപ്പോൾ ഡി.വൈ.എഫ്.ഐ നടത്തിയ ശക്തമായ സമരത്തെ തുടർന്ന് ജില്ല കലക്ടർ ഖനനാനുമതി തടയുകയായിരുന്നു. എ.കെ. ബിജിത്ത്, ജിജി സന്തോഷ്, വി. പ്രസൂൺ, ടി.ജി. സന്തോഷ് എന്നിവരും സന്ദർശനസംഘത്തിലുണ്ടായിരുന്നു. ഉടുമ്പിറങ്ങിമലയിൽ ടിപ്പർ ലോറി തലകീഴായി മറിഞ്ഞു വാണിമേൽ: വിലങ്ങാട് കരിങ്കൽ ഖനനത്തിന് ശ്രമിക്കുന്ന ഉടുമ്പിറങ്ങിമലയിൽ നിർമാണപ്രവൃത്തിയിൽ ഏർപ്പെട്ട ടിപ്പർ ലോറി അപകടത്തിൽപെട്ട് തലകീഴായി മറിഞ്ഞു. കരിങ്കൽ ശേഖരത്തിനടുത്തുള്ള ചെങ്കുത്തായ റോഡിലാണ് അപകടം. അപകടത്തിൽ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൃഷിക്ക് നിലമൊരുക്കലാണ് നടന്നുകൊണ്ടിരിക്കുന്നതെന്നാണ് ഉടമകൾ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ, മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വൻതോതിൽ മണ്ണ് ഇവിടെനിന്ന് നീക്കംചെയ്തുകഴിഞ്ഞു. ടിപ്പർ ലോറി ഉൾപ്പെടെ മലമുകളിലെത്തിച്ച് കരിങ്കൽ ഖനനത്തിന് കളമൊരുക്കുന്നതിനിടെയാണ് അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.