THENI FIRE SIDE STORY വിദ്യാര്‍ഥികള്‍ തീയിൽ അകപ്പെട്ടത്​ ഉച്ചയോടെ; പുറത്തറിഞ്ഞത് രാത്രി

മൂന്നാര്‍: പ്രകൃതിയുടെ മനോഹാരിത തേടിയെത്തിയവര്‍ അപകടത്തിൽപെട്ടത് പുറംലോകം അറിഞ്ഞത് രാത്രിയോടെ. ഞായറാഴ്ച ഉച്ചയോടെയാണ് കൊളുക്കുമലക്ക് സമീപത്തെ കൊരങ്ങിണിയില്‍ കാട്ടുതീ പടർന്നത്. തീകത്തുന്നറിയാതെ പെൺകുട്ടികൾ അടക്കം മലവഴിയിറങ്ങിയതാണ് അപകടവ്യാപ്തി വർധിപ്പിച്ചത്. തമിഴ്‌നാട്ടില്‍നിന്ന് കാട്ടുപാതയിലൂടെ കൊരങ്ങിണി വഴിയും മൂന്നാറില്‍നിന്ന് സൂര്യനെല്ലിവഴിയും കൊളുക്കുമലയിലെത്താം. സൂര്യനെല്ലിയിലെത്തുന്ന സന്ദര്‍ശകര്‍ സ്വകാര്യ വാഹനങ്ങളിലാണ് കൊളുക്കുമല സന്ദര്‍ശിക്കുന്നത്. എന്നാല്‍, തമിഴ്‌നാട്ടില്‍നിന്ന് എത്തുന്നവര്‍ 20 കിലോമീറ്ററോളം കാട്ടുപാതയിലൂടെ നടന്നുവേണം കൊളുക്കുമലയില്‍ പ്രവേശിക്കാന്‍. ചോലവനങ്ങളാല്‍ ചുറ്റപ്പെട്ട മലമുകളില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ആശുപത്രിയിലെത്തിക്കാൻ മണിക്കൂറുകൾ വേണം. വാഹനങ്ങള്‍ ചെല്ലാൻ കഴിയാത്ത ഭാഗങ്ങളില്‍ വനപാലകരുടെ അനുമതിയില്ലാതെ അനധികൃതമായി ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. തമിഴ്‌നാട്ടില്‍ പരിശോധന കര്‍ശനമല്ലാത്തതിനാല്‍ ഇത്തരം പാതകളാണ് സന്ദര്‍ശകര്‍ തെരഞ്ഞെടുക്കുന്നത്. ദൃശ്യഭംഗി ഏറെയുള്ള കൊളുക്കുമല സന്ദര്‍ശിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മീശപ്പുലിമലകണ്ട് മടങ്ങാം. എന്നാല്‍, മലമുകളിലെത്താൻ ദുർഘടപാതകള്‍ കടക്കണം. ചെങ്കുത്തായ മലമുകളില്‍നിന്ന് കാലൊന്നുപതറിയാല്‍ അപകടം ഉറപ്പാണ്. സന്ദര്‍ശകര്‍ ഏറെയെത്തുന്ന കൊളുക്കുമലയില്‍ തമിഴ്‌നാട് സര്‍ക്കാറാണ് സുരക്ഷ ഒരുക്കേണ്ടത്. എന്നാൽ, ബന്ധപ്പെട്ടവർ ഇതിന് നടപടിയെടുക്കുന്നില്ല. കൊളുക്കുമലയിലേക്ക് പ്രവേശിക്കാൻ പാസ് നൽകുന്നത് തമിഴ്നാടാണ്. അതേസമയം, പ്രദേശത്തി​െൻറ അവകാശത്തെച്ചൊല്ലി കേരളവും തമിഴ്നാടും തമ്മിൽ തർക്കം നിലനിൽക്കുന്നുമുണ്ട്. കൊളുക്കുമലയിലേക്കുള്ള റോഡിനെച്ചൊല്ലിയും തമിഴ്നാടുമായി തർക്കമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.