മുതിർന്ന പൗരന്മാർക്കായി 'മടിത്തട്ട്' തയാർ

വടകര: മുതിർന്ന പൗരന്മാർക്കുള്ള പരിപാലനകേന്ദ്രം മടിത്തട്ട് മന്ത്രി കെ.കെ. ശൈലജ മടപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി ഫൗണ്ടേഷനും കാരക്കാട് ആത്മവിദ്യ സംഘവും സംയുക്തമായാണ് ഈ പരിപാലനകേന്ദ്രത്തിന് ചുക്കാൻ പിടിക്കുന്നത്. യു.എൽ.സി.സി.എസി​െൻറ സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങളിൽ ഏറ്റവും പ്രധാനമായ ഉദ്യമമാണ് നാദാപുരം റോഡിൽ തുടക്കം കുറിച്ച മടിത്തട്ട് പരിപാലന കേന്ദ്രം. വയോജന ജീവിതം കൂടുതൽ സർഗാത്്മകമാക്കാൻ ആവശ്യമായ പരിചരണങ്ങളും സേവനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അന്തേവാസികൾക്ക് അവരുടെ ആരോഗ്യ പ്രശ്നവുമായി ബന്ധപ്പെട്ട വൈദ്യശാസ്ത്ര ശുശ്രൂഷയും മരുന്ന്, നഴിസിങ് പരിചരണം, ഫിസിയോതെറപ്പി, ഒക്യുപേഷനൽ തെറപ്പി, കൗൺസലിങ്, വിനോദ ഉപാധികൾ, പോഷകാഹാരം, ലൈബ്രറി എന്നിവയെല്ലാം സൗജന്യമായി ലഭ്യമാവുംവിധമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മടിത്തട്ടിൽ ഒരേസമയം 50 മുതിർന്ന പൗരന്മാരെ പരിചരിക്കാനുള്ള പശ്ചാത്തലസൗകര്യമാണ് നിലവിലുള്ളത്. നേരിട്ട് 100 പേർക്ക് വയോജന ജീവിത പരിചരണം ഉറപ്പുവരുത്തും. താമസിയാതെ 1,000 മുതിർന്ന പൗരന്മാർക്കുകൂടി സേവനം പരോക്ഷമായി നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെയാണ് പ്രവർത്തന സമയം. രാവിലെ എട്ടര മുതൽ മുതിർന്ന പൗരന്മാരെ വീട്ടിൽനിന്ന് സ്വീകരിച്ച് വൈകീട്ട് നാലരക്കു മുമ്പ് വാഹനത്തിൽ വീട്ടിലെത്തിക്കും. മടിത്തട്ടിൽ ലഭ്യമാവുന്ന മുഴുവൻ ചികിത്സവിധികളും തെറപ്പികളും പരിശോധനകളും സമൂഹത്തിലെ എല്ലാ മുതിർന്ന പൗരന്മാർക്കും കൂടി ഭാവിയിൽ ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കും. അനാഥത്വവും അന്യവത്കരണവും വ്യാപകമായ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്ന വർത്തമാനകാലത്ത് വയോജനങ്ങൾക്ക് ഗുണപരവും ധന്യവുമായ ഒരു ജീവിതം പകർന്നുനൽകുന്ന ഈ ഉൽകൃഷ്ടമായ സംരംഭം വടകരയിലും പരിസരപ്രദേശത്തുമുള്ള ആയിരങ്ങൾക്ക് അത്താണിയാവുമെന്നതിൽ സംശയമില്ല. ഉദ്ഘാടന പരിപാടിയിൽ സി.കെ. നാണു എം.എൽ.എ. അധ്യക്ഷത വഹിച്ചു. വയോജന പൊതുസേവന കേന്ദ്രം എം.പി. അബ്്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയിൽ രാധാകൃഷ്ണൻ, ടി.കെ. രാജൻ, പാലേരി രമേശൻ, ഡോ. എം.കെ. ജയരാജ്, വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികൾ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.