തീരത്തിനുണർവായി ചെമ്മീൻ

ചാലിയം: മാസങ്ങൾക്കു ശേഷം തീരത്തിനുണർവേകി ചെമ്മീൻ സാന്നിധ്യം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സാമാന്യം മോശമല്ലാത്ത രീതിയിൽ ചെമ്മീൻ വരവ് തുടങ്ങിയതോടെ ചാലിയം തീരം ചാകര പ്രതീതിയിലാണ്. പൊന്നാനി മുതൽ വടക്കുള്ള നിരവധി വള്ളക്കാർക്ക് ലക്ഷങ്ങളുടെ മീൻ കിട്ടിയിട്ടുണ്ട്. എന്നാൽ, ഒട്ടും ലഭിക്കാത്ത വള്ളക്കാരുമുണ്ട്. ചിലർക്ക് ഇടത്തരം അയലയും ലഭിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനമായതോടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പരമ്പരാഗത വള്ളക്കാർ ചാലിയം കേന്ദ്രീകരിച്ചാണ് തൊഴിലെടുക്കുന്നത്. നിരോധനം ബാധകമല്ലാത്ത ചെറുതും വലുതുമായ അഞ്ഞൂറോളം ചുണ്ടൻ വള്ളങ്ങൾ ഇവിടെയുണ്ട്. രണ്ടു മാസത്തിലേറെയായി ഇവയിൽ ബഹുഭൂരിപക്ഷവും കരയിലായിരുന്നു. കാറ്റും കാലാവസ്ഥ മുന്നറിയിപ്പുകളുമായതിനാൽ കടലിൽ പോകാനാകുമായിരുന്നില്ല. ഒറ്റപ്പെട്ട ചില ദിവസങ്ങളിൽ പോയാൽതന്നെ വരവിനേക്കാൾ വലിയ ചെലവായതിനാൽ കടം കയറുകയായിരുന്നു ഫലം. വറുതിയും നിരാശയും മൂലം പൊറുതിമുട്ടിയവർക്ക് കഴിഞ്ഞ ദിവസം ആശ്വാസത്തി​െൻറ പൊൻനിലാവായാണ് പൂവാലൻ ചെമ്മീൻ കൂട്ടത്തോടെ വല നിറച്ചത്. ഇതിനെ തുടർന്ന് ഞായറാഴ്ച കൂടുതൽ വള്ളക്കാർ കടലിൽ പോയി. ഭൂരിപക്ഷത്തിനും ചെമ്മീൻ കൊയ്ത്ത് ലഭിച്ചെങ്കിലും ചിലർക്ക് ഇതിനിടയിലും കടലിൻ കനിവ് ലഭിക്കാഞ്ഞത് നൊമ്പരമായി. മീനെത്തിയതോടെ ചാലിയം ഫിഷ് ലാൻഡിങ് സ​െൻററിൽ ആളനക്കം ജോറായി. മീൻ കൊണ്ടുപോകാനുള്ള നൂറുകണക്കിന് ശീതീകൃത വാഹനങ്ങളും തൊഴിലാളികളെ കൊണ്ടുപോകാനുള്ള പ്രത്യേക ബസുകളടക്കം വാഹനങ്ങളും നിറഞ്ഞതോടെ തീരപ്രദേശത്ത് തിരക്കേറി. ഇതിനിടെ വാങ്ങാനും വില്ലനക്കുമായി ജനക്കൂട്ടവും. ഞായറാഴ്ച രാത്രിയിലും മത്സ്യവിപണി സജീവമായിരുന്നു. കിലോഗ്രാമിന് 100-150 രൂപക്കായിരുന്നു മൊത്ത വിൽപന. കച്ചവടം പൊടിക്കുമ്പോളും ഈ വർഷവും ഫിഷ് ലാൻഡിങ് സ​െൻററി​െൻറ നവീകരണം എങ്ങുമെത്താത്ത നിരാശയിലാണ് തൊഴിലാളികൾ. വനം വകുപ്പിന് കീഴിലുള്ള സ്ഥലം കൈമാറിക്കിട്ടാനുള്ള സാങ്കേതിക പ്രശ്നമാണ് കാരണം. എം.എൽ.എ വി.കെ.സി മമ്മത് കോയയുടെ നേതൃത്വത്തിൽ ഇതിന് പരിഹാരം കാണാനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.