നിപ ആദരിക്കൽ ചടങ്ങ്​: അർഹർ പുറത്തും​ അനർഹർ അകത്തുമെന്ന്​ ആക്ഷേപം

കോഴിക്കോട്: നാടിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നിപയെ പിടിച്ചുകെട്ടാൻ കൈമെയ് മറന്നു പ്രവർത്തിച്ചവർക്കായി ഒരുക്കുന്ന ആദരിക്കൽ ചടങ്ങിനെതിരെ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്കിടയിൽ ആക്ഷേപം. അർഹരായ പലരും പരിഗണിക്കപ്പെടാതിരിക്കുകയും അനർഹരായ ചിലർ ആദരിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ് പരാതി. താഴെക്കിടയിലുള്ള ജീവനക്കാർക്കിടയിലാണ് ആക്ഷേപം. നിപ രോഗികൾക്ക് ചികിത്സ നൽകുന്നതുൾെപ്പടെ നേരിട്ട് ബന്ധപ്പെട്ടവർ, ഉന്നതതല പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചവർ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളജിലുള്ളവർ ആദരിക്കപ്പെടുന്നത്. ഇതിൽ ആശുപത്രിയിലെ ഉന്നതാധികൃതർ മുതൽ ക്ലാസ് നാല് ജീവനക്കാർ വരെ ഉൾപ്പെടും. വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾ ഉപയോഗിച്ചും മാനദണ്ഡങ്ങൾ പാലിച്ചും പരിചരിക്കേണ്ടിയിരുന്ന നിപ രോഗികളെ ആദ്യ ദിവസങ്ങളിൽ വേണ്ടത്ര മുൻകരുതലുകളില്ലാതെയാണ് പരിചരിച്ചിരുന്നത്. ഡോക്ടർമാർക്കും മറ്റും ഉന്നതസുരക്ഷ സംവിധാനം ഉണ്ടായിരുന്നെങ്കിലും മൃതദേഹങ്ങൾ കൈകാര്യം ചെയ്തവരും മാലിന്യം നീക്കിയവരുമുൾെപ്പടെ പലർക്കും പ്രത്യേക മുൻകരുതലുകളില്ലായിരുന്നു. എന്നാൽ, നിപ 'കത്തിനിൽക്കുന്ന' സമയത്ത് അവധിയെടുത്ത ചിലർപോലും സംഘടനാടിസ്ഥാനത്തിൽ ആദരിക്കപ്പെടുന്നുണ്ടെന്നാണ് ആരോപണം. നിപക്കാലത്ത് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും തിളങ്ങിനിന്ന പലരും രോഗിയെ പരിചരിക്കുന്നതുപോയിട്ട് നിപ വാർഡിൽ കയറിയിട്ടുപോലുമില്ലെന്നും ആക്ഷേപമുണ്ട്. 17 പേരുടെ ജീവനെടുത്ത നിപയെ തുരത്തുന്നതിനായി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും നഴ്സിങ് അസിസ്റ്റൻറുമാരും ശുചീകരണ തൊഴിലാളികളും കീഴ്ജീവനക്കാരും കൂട്ടായ്മയായാണ് പ്രവർത്തിച്ചത്. എന്നാൽ, കൂട്ടായ്മയുടെ ഐക്യം തകർക്കുന്ന തരത്തിലാണ് ചിലരെ പുറത്തുനിർത്തിയതെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. സർക്കാർ തലത്തിൽ രൂപവത്കരിച്ച സമിതിയുടെ മേൽനോട്ടത്തിൽ വിവിധ തലങ്ങളിലായാണ് ലിസ്റ്റ് തയാറാക്കുന്നതെന്നും പരാതിയിൽ അടിസ്ഥാനമില്ലെന്നും പ്രിൻസിപ്പൽ ഡോ. വി.ആർ. രാേജന്ദ്രൻ പറഞ്ഞു. മെഡിക്കൽ കോളജിൽനിന്ന് ആദരിക്കപ്പെടേണ്ടവരുടെ ലിസ്റ്റ് അടുത്ത ദിവസമാണ് ബന്ധപ്പെട്ടവർക്ക് സമർപ്പിക്കുക. ജൂലൈ ഒന്നിനാണ് കോർപറേഷ​െൻറ നേതൃത്വത്തിൽ നിപ പോരാളികളെ ആദരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.