ഗവ. ആയുർവേദാശുപത്രി 'അനാരോഗ്യനിലയിൽ'

വടകര: നഗരസഭയുടെ കീഴിൽ പുതുപ്പണത്ത് പ്രവർത്തിക്കുന്ന താലൂക്ക് ഗവ. ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സക്കായി പ്രവേശിപ്പിച്ച സ്ത്രീ രോഗികൾ അസൗകര്യങ്ങളുടെ നടുവിൽ. ചില്ല് പൊളിഞ്ഞ ജനൽ പാളിയിൽ മുമ്പ് രോഗികൾ സ്ഥാപിച്ച കാർഡ്ബോർഡ് ഷീറ്റ് മറച്ചതി​െൻറ വിടവിലൂടെ വൃത്തിഹീനമായ ചുറ്റുപാടിൽനിന്ന് വരുന്ന കൊതുകുകളുടെ ശല്യമാണ് ഏറെ അസഹ്യം. 12 സ്ത്രീകളാണ് ഈ വാർഡിൽ ദുരിതം പേറി കഴിയുന്നത്. കഴിഞ്ഞ വർഷം ഇതേ വാർഡിൽ കാൽമുട്ട് വേദനക്ക് ഉഴിച്ചിൽ ചികിത്സക്കായി കിടത്തിയപ്പോഴാണ് കൊതുകുശല്യം സഹിക്കവയ്യാതെ അന്നത്തെ രോഗികളിൽ ചിലർ ചേർന്ന് കാർഡ് ബോർഡ് പെട്ടിയുടെ ഷീറ്റ് കൊണ്ട് ജനൽപാളി മറച്ചത്. ഈ വർഷവും അതേ സ്ഥിതി തുടരുന്നു. കോൺക്രീറ്റ് മേൽക്കൂര ചോർന്നൊലിച്ച് മഴവെള്ളം വാർഡിലെത്തുന്നതും ഫ്യൂസായാൽ മാറ്റിയിടാത്ത സി.എഫ്.എൽ ബൾബും ട്യൂബ് ലൈറ്റുകളും ഇതേ വാർഡി​െൻറ ശാപമാണ്. ഉപയോഗം കഴിഞ്ഞ സിമൻറ് ചാക്കുകൾ കൂട്ടിയിട്ടിരിക്കുന്നു. കോൺക്രീറ്റ് ചെയ്യാൻ എത്തിച്ച പലകകൾ അലക്ഷ്യമായി പറമ്പിൽ കിടക്കുന്നു. ഉപയോഗശൂന്യമായ കക്കൂസി​െൻറ വാതിൽ തുറന്ന നിലയിലാണ്. കക്കൂസ് ടാങ്കിന് കുഴിയെടുത്ത് കോൺക്രീറ്റ് പണി നടക്കുന്നിടത്തും മറ്റും വെള്ളം കെട്ടിനിൽക്കുന്നത് കൊതുകുകൾ പെരുകാൻ കാരണമാവുന്നു. 'ക്ലീൻ സിറ്റി ഗ്രീൻ സിറ്റി', 'എ​െൻറ വടകര ശുചിത്വ വടകര' എന്നീ മുദ്രാവാക്യങ്ങളുയർത്തി ആരോഗ്യപ്രവർത്തനങ്ങൾക്ക് 47 വാർഡിലും തകൃതിയായ പ്രവർത്തനങ്ങൾക്ക് നഗരസഭ നേതൃത്വം കൊടുക്കുമ്പോഴാണ് അവഗണനയുടെ സാക്ഷ്യപത്രമായി ആയുർവേദ ആശുപത്രിയിലെ സ്ത്രീകളുടെ വാർഡി​െൻറ ഈ ദുരവസ്ഥ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.