തിരുവമ്പാടി (കോഴിക്കോട്): കൂടരഞ്ഞി കക്കാടംപൊയിലിലെ നായാടംപൊയിലിൽ വനം കൈയേറി റിസോർട്ട് നിർമാണമെന്ന് ആക്ഷേപം. വനത്തോട് ചേർന്ന് ഉരുൾപൊട്ടൽ മേഖലയിലാണ് ബഹുനില കോൺക്രീറ്റ് കെട്ടിടം ഉയരുന്നത്. നിർമാണ പ്രവൃത്തി നടക്കുന്ന കെട്ടിടത്തിന് വനത്തിൽനിന്ന് ഒരുമീറ്റർ ദൂരം പോലുമില്ലെന്നാണ് പരാതി. വനാതിർത്തിയിലെ ജണ്ടകൾ തകർത്ത നിലയിലാണ്. പി.വി. അൻവർ എം.എൽ.എയുടെ വിവാദ വാട്ടർ തീം പാർക്കിലെ കാൻറീൻ നടത്തിപ്പുകാരെൻറ പേരിലാണ് കെട്ടിടമെന്നാണ് സൂചന. വൻ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിനടുത്താണിത്. ഗ്രാമപഞ്ചായത്ത് അനുമതിയില്ലാതെ ചട്ടങ്ങൾ ലംഘിച്ചാണ് ചെങ്കുത്തായ മലമുകളിൽ കെട്ടിട നിർമാണ പ്രവൃത്തി നടക്കുന്നതെന്ന് പ്രദേശവാസി സെബിൻ പയ്യമ്പിളിയിൽ ആരോപിച്ചു. 75 ഡിഗ്രി ചരിവുള്ള ദുരന്ത സാധ്യതയുള്ള മേഖലയാണിത്. കൈയേറ്റത്തിനെതിരെ വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. അനധികൃത കെട്ടിട നിർമാണത്തിനെതിരെ ആർ.ഡി.ഒക്ക് നാട്ടുകാർ പരാതി നൽകി. ഇതുസംബന്ധിച്ച് ഉടൻ റിപ്പോർട്ട് നൽകുമെന്ന് കൂടരഞ്ഞി വില്ലേജ് ഓഫിസർ യു. രാമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.