മുക്കം (കോഴിക്കോട്): ഒരുവർഷംകൊണ്ട് സംസ്ഥാനത്തെ രണ്ടര ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ വീട് നിർമിച്ചുനൽകുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലിൽ. മുക്കം നഗരസഭയിൽ പി.എം.എ.വൈ പദ്ധതി പ്രകാരം പൂർത്തീകരിച്ച 95 വീടുകളുടെ താക്കോൽദാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിൽ 1,75,000വും നഗരങ്ങളിൽ 75,000വും വീടുകളാണ് ഒരു വർഷത്തിനകം നിർമിക്കുക. കേന്ദ്ര സർക്കാർ പദ്ധതിയിലൂടെ 376 വീടുകളാണ് മുക്കം നഗരസഭ നിർമിച്ചുനൽകുന്നത്. നാലുലക്ഷമാണ് ഒരു വീടിെൻറ നിർമാണ ചെലവ്. കേന്ദ്രസർക്കാർ ഒന്നര ലക്ഷം വീതമാണ് നൽകുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് രണ്ടര ലക്ഷം നൽകി. ഒരു സംസ്ഥാനവും ഭവന പദ്ധതിക്ക് ഇത്രയധികം തുക നൽകുന്നില്ല. സാധാരണ ഭവനപദ്ധതി മുഖേന ഒാരോ വർഷവും 200 മുതൽ 300 വീടുകളാണ് നിർമിക്കുക. പൂർത്തിയാകാൻ പലപ്പോഴും വർഷങ്ങൾ കാത്തിരിക്കേണ്ട ഗതികേടാണ്. ഈ വർഷം രണ്ടരലക്ഷം വീടുകളുടെ നിർമാണത്തിന് 10,000 കോടി രൂപ സർക്കാർ കടമെടുക്കും കെ.വി.ആർ.എഫ്.ഡി കോർപറേഷനാണ് ഇത്രയും വലിയ തുക തദ്ദേശ വകുപ്പിന് നൽകുന്നത്. 15 വർഷം കൊണ്ട് മുതലും പലിശയും തിരിച്ചടക്കും. വിവിധ ഏജൻസികളുടെ സഹായവും പദ്ധതിക്ക് ലഭ്യമാക്കും. നിലവിലെ വ്യവസ്ഥപ്രകാരം, ഭവനപദ്ധതിയിൽ തറയുടെ അളവ് 400 മുതൽ 500 വരെ ചതുരശ്ര അടിയിൽ കൂടാൻ പാടില്ല. നേരത്തേ വിസ്തീർണം വളരെ കൂടുതലായതിനാൽ പണി പാതിയിലായ സംഭവങ്ങൾ നിരവധിയാണ്. സർക്കാർ വീടും ഭൂമിയുമില്ലാത്തവർക്ക് എല്ലാ ജില്ലകളിലും ഭവനസമുച്ചയ പദ്ധതിയും ആലോചനയിലുണ്ട്. ഇത് ഒരു വർഷത്തിനകം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.