പ്ലാറ്റ്ഫോമില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളം യാത്രക്കാര്‍ക്ക് ഭീഷണിയാവുകയാണ് വടകര: മഴപെയ്താല്‍ പിന്നെ വടകര റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ നടക്കണമെങ്കില്‍ 'അഭ്യാസ'മറിയണമെന്നാണ് യാത്രക്കാര്‍ പറയുന്നത്. പ്ലാറ്റ്ഫോമിലെ വെള്ളത്തില്‍ വഴുതി യാത്രക്കാര്‍ വീഴുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം ചെന്നൈ മെയിലില്‍നിന്ന് ഇറങ്ങിയ സ്ത്രീ പ്ലാറ്റ്ഫോമില്‍ വഴുതിവീണതിനെ തുടർന്ന് പരിക്കേറ്റു. ഇതിനുമുമ്പും ഒട്ടേറെ പേര്‍ ഇവിടെ വെള്ളത്തില്‍ തെന്നിവീണിട്ടുണ്ട്. രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലാണ് കാര്യമായ പ്രശ്നം. തീവണ്ടിയില്‍നിന്ന് യാത്രക്കാര്‍ ഇറങ്ങുന്ന ഭാഗത്തുതന്നെയാണ് വെള്ളക്കെട്ടുണ്ടാവുക. ഇറങ്ങിയ ഉടന്‍ ഓടുകയോ വേഗത്തില്‍ നടക്കുകയോ ചെയ്താല്‍ വീഴുമെന്നുറപ്പാണ്. തീവണ്ടിയില്‍ ഓടിക്കയറാന്‍ ശ്രമിച്ചാല്‍ വഴുതി ട്രാക്കിലേക്ക് വീഴാനും സാധ്യതയുണ്ട്. ഒന്നാം പ്ലാറ്റ്ഫോമില്‍ മേല്‍ക്കൂര ഇല്ലാത്ത ഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കുറച്ചുസ്ഥലത്തു മാത്രമേ മേല്‍ക്കൂരയുള്ളൂ. മഴക്കാലത്ത് ഇത് യാത്രക്കാര്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്നില്‍ നില്‍ക്കുന്ന സ്റ്റേഷനായിട്ടും രണ്ട് പ്ലാറ്റ്ഫോമുകളിലും മുഴുവന്‍ സ്ഥലത്തും മേല്‍ക്കൂര ഒരുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ലിഫ്റ്റ് സൗകര്യം പോലും ഇവിടെയുണ്ട്. എസ്കലേറ്ററിെൻറ പണി നടക്കുന്നു. എന്നാല്‍, ജനങ്ങള്‍ക്ക് മഴ നനയാതിരിക്കാനുള്ള സംവിധാനമില്ല. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ ലിഫ്റ്റിനു സമീപമുള്ള ഭാഗത്ത് മേല്‍ക്കൂരയില്ല. പ്ലാറ്റ്ഫോമുകളുടെ രണ്ടറ്റത്തും മേല്‍ക്കൂരയില്ല. മിക്ക തീവണ്ടികളുടെയും ജനറല്‍ കമ്പാര്‍ട്ട്മെൻറുകള്‍ രണ്ടറ്റത്തായതിനാല്‍ യാത്രക്കാര്‍ക്കിത് വലിയ തിരിച്ചടിയാണ്. മഴക്കാലത്ത് നനഞ്ഞുമാത്രമേ വണ്ടിയില്‍ കയറാന്‍ കഴിയൂ. എങ്ങനെെയങ്കിലും തീവണ്ടിയില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുമ്പോഴാണ് പ്ലാറ്റ്ഫോമിലെ വഴുക്കല്‍ ഇരട്ടി ദുരിതമാകുന്നത്. മൂന്നാമത്തെ പ്ലാറ്റ്ഫോമിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഈ പ്ലാറ്റ്ഫോം യാത്രക്ക് ഉപയോഗിക്കുന്നത് കുറവാണ്. പ്ലാറ്റ്ഫോമില്‍ വീഴുന്ന വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമില്ല. ചിലയിടങ്ങളില്‍ താഴ്ന്നാണ് നിലമുള്ളത്. ഇവിടെയാണ് വെള്ളം കെട്ടിക്കിടക്കുന്നത്. അപകടം ഒഴിവാക്കാന്‍ കഴിഞ്ഞവര്‍ഷം വെള്ളക്കെട്ടില്‍ മെറ്റല്‍ ഇട്ടിരുന്നു. എന്നാല്‍, ഇതൊന്നും ഫലപ്രദമല്ലെന്നാണ് യാത്രക്കാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.