ടി.ഡി. സെബാസ്റ്റ്യൻ ഈങ്ങാപ്പുഴ: താമരശ്ശേരി ചുരം വികസനത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി കാട്ടിയിട്ടും സംസ്ഥാന വനം വകുപ്പ് കനിഞ്ഞില്ല. വയനാട്ടിലേക്ക് 13 കിലോമീറ്റർ ദൈർഘ്യമുള്ള ചുരം റോഡിൽ ഏഴു കിലോമീറ്റർ വനത്തിലൂടെയാണ് കടന്നുപോകുന്നത്. നേരത്തേ റോഡ് വികസനം നടക്കാതിരുന്നത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതി ലഭിക്കാത്തതിനാലാണ്. ചുരത്തിലെ മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട് വളവുകൾ വീതി കൂട്ടി വികസിപ്പിക്കാൻ ആവശ്യമായ വനഭൂമി വിട്ടുകിട്ടാൻ 2009ലാണ് മന്ത്രാലയത്തെ സമീപിച്ചത്. ഒമ്പതു വർഷത്തെ കാത്തിരിപ്പിനുശേഷം രണ്ടുമാസം മുമ്പ് അനുമതി ലഭിച്ചു. വളവുകൾ വീതികൂട്ടി വികസിപ്പിക്കുന്നതിന് സ്ഥലം വിട്ട് നൽകി ഉത്തരവാകുകയും രണ്ടു മാസം മുമ്പ് ദേശീയപാത അധികൃതർക്ക് കൈമാറുകയും ചെയ്തതാണ്. മുറിക്കേണ്ടിവരുന്ന മരത്തിന് പതിനാലര ലക്ഷം രൂപയടക്കം 31.5 ലക്ഷം രൂപ കെട്ടിവെച്ച ശേഷമാണ് അനുമതി ലഭിച്ചത്. എന്നാൽ, സംസ്ഥാന വനംവകുപ്പ് മരം മുറിക്കുന്നതിന് അനുമതി നൽകാത്തതുമൂലം പ്രവൃത്തി ആരംഭിക്കാനായില്ല. 3, 5 വളവുകൾ വീതികൂട്ടി വികസിപ്പിക്കുന്നതിന് ആറു കോടി രൂപ എസ്റ്റിമേറ്റിൽ ടെൻഡറായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും പണി ആരംഭിക്കാൻ കഴിയുന്നില്ല. കോഴിക്കോട്-ദണ്ഡിഗൽ ദേശീയപാതയിൽ 13 കിലോമീറ്റർ വരുന്ന ചുരം റോഡ് സംസ്ഥാനന്തര വാഹനങ്ങൾ അടക്കമുള്ളവയുടെ പോക്കുവരവിൽ മണിക്കൂറുകൾ നീണ്ട തടസ്സമാണ് സൃഷ്ടിക്കുന്നത്. കേന്ദ്ര അനുമതി ലഭിച്ചതോടെ ചുരം വികസനം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ, കേന്ദ്രാനുമതി ലഭിച്ച് രണ്ടുമാസം പിന്നിട്ടിട്ടും സാങ്കേതികത്വത്തിെൻറ പേരിൽ വനംവകുപ്പ് മരം മുറിക്കാൻ അനുമതി നൽകിയിട്ടില്ല. വനംവകുപ്പിെൻറ നിസ്സംഗതമൂലം ടെൻഡറായ പ്രവൃത്തിപോലും തുടങ്ങാൻ കഴിയുന്നില്ല. ചുരം റോഡ് വികസനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടത്താൻ മന്ത്രിസഭാതലത്തിലുള്ള ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.