*24ന് ആക്ഷൻ കമ്മിറ്റി വഞ്ചനാദിനമായി ആചരിക്കും കൽപറ്റ: ഡി.എം.ആർ.സിയെ പുറത്താക്കി നഞ്ചൻകോട്-നിലമ്പൂർ െറയിൽ പദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നതായി ആരോപണം. വനത്തിൽ ടണലിലൂടെ കടന്നുപോകുന്ന പാതയുടെ സർവേക്ക് അപേക്ഷിക്കുന്നതിന് സമ്മതമാണെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽനിന്നും മറ്റു സ്ഥാപനങ്ങളിൽനിന്നും അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ നൽകാമെന്നും കാണിച്ച് 2017 നവംബർ എട്ടിന് കർണാടക സർക്കാർ കേരള സർക്കാറിന് കത്തയച്ചിരുന്നു. അതിനായി കേരള സർക്കാർ ചുമതലപ്പെടുത്തിയ ഏജൻസിയോട് അപേക്ഷ നൽകാൻ ആവശ്യപ്പെടണമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. സർവേ നടത്താൻ കേരള സർക്കാർ ചുമതലപ്പെടുത്തുകയും റെയിൽവേ ബോർഡ് അനുമതി നൽകുകയും ചെയ്ത ഏജൻസിയായ ഡി.എം.ആർ.സി മുഖേനയാണ് അപേക്ഷ നൽകേണ്ടിയിരുന്നത്. എന്നാൽ, ഏഴുമാസത്തോളം ഈ കത്തിൽ നടപടിയുണ്ടായില്ല. പിന്നീട് മാധ്യമങ്ങളിൽ വാർത്തയായപ്പോൾ കർണാടക സർക്കാർ അയച്ച കത്തുപ്രകാരം തുടർനടപടി സ്വീകരിക്കാൻ കേരള റെയിൽ െഡവലപ്മെൻറ് കോർപറേഷനെ ചുമതലപ്പെടുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. ഡി.എം.ആർ.സിയെ പദ്ധതിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. ഡി.എം.ആർ.സിയെ ഡി.പി.ആറും അന്തിമ സ്ഥലനിർണയ സർവേയും ഏൽപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് രണ്ടുവർഷം മുമ്പാണ്. ഒരു വർഷം കൊണ്ട് ഡി.പി.ആർ പൂർത്തിയാക്കി അഞ്ചുവർഷം കൊണ്ട് പാതയുടെ പണി പൂർത്തിയാക്കാമെന്നാണ് ഇ. ശ്രീധരൻ ഉറപ്പുനൽകിയിരുന്നത്. എന്നാൽ, ഡി.എം.ആർ.സിക്ക് പണം നൽകാതെയും അവരോട് സഹകരിക്കാതെയും കൂടിക്കാഴ്ചക്കുപോലും സമയമനുവദിക്കാതെയും ഡി.പി.ആർ നടപടി തടസ്സപ്പെടുത്തുകയായിരുന്നു സർക്കാർ. പൊതുമേഖല സ്ഥാപനമായ ഡി.എം.ആർ.സിയെ ഒഴിവാക്കുന്നതിലൂടെ വൻ അഴിമതിക്ക് കളമൊരുങ്ങുകയാണെന്ന് റെയിൽവേ ആക്ഷൻ കമ്മിറ്റി ആരോപിച്ചു. െറയിൽ െഡവലപ്മെൻറ് കോർപറേഷന് ഒരു െറയിൽപാതയുടെയും ഡി.പി.ആർ തയാറാക്കിയ പരിചയസമ്പത്തില്ല. ഡി.പി.ആർ തയാറാക്കാൻ െറയിൽവേ ബോർഡ് അംഗീകരിച്ചിട്ടുള്ള ഏജൻസികളിലും െറയിൽ െഡവലപ്മെൻറ് കോർപറേഷൻ ഉൾപ്പെടുന്നുമില്ല. ഡി.എം.ആർ.സി സർവേയുടെ ഗണ്യമായ ഭാഗം ഇതിനകം പൂർത്തിയാക്കിയതാണ്. അവർക്ക് നൽകേണ്ട ഫണ്ട് വിട്ടുനൽകിയാൽ ഏതാനും മാസംകൊണ്ടുതന്നെ ഡി.പി.ആർ പൂർത്തിയാക്കി റിപ്പോർട്ട് നൽകാമെന്നിരിക്കെ ചില ലോബികളുടെ സമ്മർദത്തിനു വഴങ്ങി പാത അട്ടിമറിക്കാനുള്ള പിൻവാതിൽ നീക്കങ്ങളാണ് വീണ്ടും സർക്കാർ നടത്തുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഡി.പി.ആർ തയാറാക്കാൻ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തി രണ്ടുവർഷം തികയുന്ന ഞായറാഴ്ച വഞ്ചനാദിനമായി ആചരിക്കണമെന്നും ആക്ഷൻ കമ്മിറ്റി അഭ്യർഥിച്ചു. കൺവീനർ അഡ്വ. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാൽ, പി.വൈ. മത്തായി, വി. മോഹനൻ, എം.ഐ. അസൈനാർ, സി. അബ്ദുൽ റസാഖ്, മോഹൻ നവരംഗ്, ഫാ. ടോണി കോഴിമണ്ണിൽ, അനിൽ, ജോസ് കപ്യാർമല, സി.എച്ച്. സുരേഷ്, നാസർ കാസിം, സംഷാദ്, എൽദോസ്, ജോയിച്ചൻ വർഗീസ് എന്നിവർ സംസാരിച്ചു. അധ്യാപക നിയമനം കൽപറ്റ: ഡബ്ല്യു.എം.ഒ പിണങ്ങോട് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് (എച്ച്.എസ്.എ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ശനിയാഴ്ച രാവിലെ 10ന് ഡബ്ല്യു.എം.ഒ മുട്ടിൽ എച്ച്.ആർ.ഡി സെൻററിൽ നടക്കും. കെ-ടെറ്റ് ഉൾപ്പെടെ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ മുൻപരിചയം, യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുമായി എത്തണം. പിണങ്ങോട് ഐഡിയൽ കോളജ് പ്രവേശനം കൽപറ്റ: പിണങ്ങോട് ഐഡിയിൽ കോളജിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്ലസ് ടു ഹ്യുമാനിറ്റീസ്, കോമേഴ്സ്, ബി.എ സോഷ്യോളജി, ഇംഗ്ലീഷ്, ബി.കോം, ബി.ബി.എം, സർക്കാർ അംഗീകൃത സ്ഥാപനമായ റൂട്രോണിക്സിെൻറ ഒരുവർഷത്തെ കമ്പ്യൂട്ടർ കോഴ്സുകളിലേക്കാണ് പ്രവേശനം. ഫോൺ: 204156, 94002 41569. സ്റ്റോപ് അനുവദിച്ചിട്ടും നിർത്താതെ കെ.എസ്.ആർ.ടി.സി തരുവണ: ചുരത്തിലെ ഗതാഗത നിരോധനത്തെ തുടർന്ന് കുറ്റ്യാടി വഴി സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ തരുവണ, വെള്ളമുണ്ട എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചിട്ടും നിർത്തുന്നില്ല. വയനാട് ചുരം അപകടാവസ്ഥയിലായതിനെ തുടർന്ന് ജില്ലയിൽനിന്ന് കോഴിക്കേട്ടേക്കുള്ള ദീർഘദൂര ബസുകളെല്ലാം കുറ്റ്യാടി ചുരം വഴിയാണ് പോകുന്നത്. ഒന്നോ രണ്ടോ സ്വകാര്യ ബസ് ഒഴികെ മറ്റെല്ലാ സർവിസുകളും കെ.എസ്.ആർ.ടി.സിയുടേതാണ്. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് ഇവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചത്. എന്നാൽ, ചുരുക്കം ചില ബസുകൾ ഒഴികെ മറ്റൊന്നും ഇവിടെ നിർത്താറില്ല. പകരം കുറ്റ്യാടി, വടകര എന്നിവിടങ്ങളിലേക്കുള്ള ലോക്കൽ സർവിസ് മാത്രമാണ് യാത്രക്കാർക്ക് ആശ്രയം. രാത്രിയായാൽ ഈ സർവിസുകൾ ഇല്ല. കുറ്റ്യാടി എത്തിയാലും വയനാട് വഴി വരുന്ന ദീർഘദൂര സർവിസുകൾ അവിടെനിന്നു യാത്രക്കാരെ കയറ്റാൻ നിർത്താറില്ല. ഫലത്തിൽ ബസുകൾ യാത്രക്കാരില്ലാതെ കാലിയായി പോകുന്നു. യാത്രക്കാർ മണിക്കൂറുകളോളം സ്റ്റോപ്പിൽനിന്ന് ദുരിതമനുഭവിക്കുന്നു. പലപ്പോഴും ബസ് തടഞ്ഞുനിർത്തേണ്ട ഗതികേടാണ് യാത്രക്കാർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.