നിപ ഭീതിക്ക്​ ഒരു മാസം: ആശങ്കയൊഴിഞ്ഞ് പേരാമ്പ്ര

നിപ ഭീതിക്ക് ഒരു മാസം: ആശങ്കയൊഴിഞ്ഞ് പേരാമ്പ്ര പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിൽ സഹോദരങ്ങൾ മരിച്ചത് ലോകത്തു തന്നെ അപൂർവമായി കണ്ടുവരുന്ന നിപ വൈറസ് ബാധയേറ്റാണെന്ന് സ്ഥിരീകരിച്ചിട്ട് ഇന്നത്തേക്ക് ഒരു മാസം പൂർത്തിയാവുന്നു. രോഗം നിപയാണെന്ന് സ്ഥിരീകരിച്ചതോടെ രാജ്യത്തി​െൻറ ശ്രദ്ധ മുഴുവൻ പേരാമ്പ്ര മേഖലയിലേക്കാവുകയായിരുന്നു. സൂപ്പി ക്കടയിൽ പിതാവും രണ്ടു മക്കളും അടുത്ത ഒരു ബന്ധുവും മരണത്തിന് കീഴടങ്ങി. നിപ ബാധയേറ്റ രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താൽക്കാലിക നഴ്സ് ചെമ്പനോട സ്വദേശിനി ലിനി പുതുശ്ശേരി മരണം വരിച്ചത് ഞെട്ടലോടെയാണ് പൊതുസമൂഹം ശ്രവിച്ചത്. തുടർന്ന് ചെറുവണ്ണൂരിലും കൂരാച്ചുണ്ടിലും തിരുവോടും പൂനത്തും ഓരോ മരണങ്ങൾ സംഭവിച്ചതോടെ നാട് ഭയാനകമായ ഒരവസ്ഥയിലേക്ക് നീങ്ങി. മരണ വീടുകൾക്ക് സമീപം വസിക്കുന്നവർ വീടൊഴിഞ്ഞുപോയി. ജനങ്ങൾ പുറത്തിറങ്ങാത്ത അവസ്ഥയുണ്ടായി. പേരാമ്പ്ര ഉൾപ്പെടെയുള്ള ആശുപത്രികളിൽ ആളനക്കമില്ലാതായി. പൊതുചടങ്ങുകൾക്ക് വിലക്കേർപ്പെടുത്തുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ജൂൺ 12ലേക്ക് മാറ്റുകയും ചെയ്തതോടെ ടൗണുകളെല്ലാം അക്ഷരാർഥത്തിൽ ശൂന്യമായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ പൊതുസമൂഹത്തിൽനിന്ന് കടുത്ത അവഗണന നേരിട്ടു. രണ്ടാഴ്ചക്കാലം വലിയ ഭയപ്പാടിലായിരുന്ന നാട് ഇപ്പോൾ സാധാരണ നിലയിലായിട്ടുണ്ട്. പേരാമ്പ്ര ഉൾപ്പെടെയുള്ള ടൗണുകളിൽ ഇപ്പോൾ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. നിപ വന്ന ശേഷം നൂറിൽ താഴെ ആളുകളെത്തിയിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രി ഒ.പിയിലിപ്പോൾ നിത്യേന മുന്നൂറോളം ആളുകൾ എത്തുന്നുണ്ട്. പേരാമ്പ്രയിലെ സ്വകാര്യ ക്ലിനിക്കുകളിലും രോഗികൾ വന്നുതുടങ്ങി. ഒരു മഹാവ്യാധിയെ വളരെ പെട്ടെന്ന് നിയന്ത്രിക്കാനായതിലെ ആശ്വാസം പ്രദേശവാസികൾ മൊത്തം പങ്കുവെക്കുകയാണ്. ഇപ്പോൾ ചർച്ച നിപയിൽനിന്ന് കാലവർഷക്കെടുതിയിലേക്ക് മാറിയിരിക്കുകയാണ്. എല്ലാ വിഭാഗീയതകളും മറന്ന് നാടൊന്നിച്ചതുകൊണ്ടാണ് അന്തരീക്ഷം വേഗത്തിൽ സാധാരണനിലയിലാക്കാൻ സാധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT