പന്നിയങ്കര: കണ്ണഞ്ചേരി ന്യൂ ജനത പെട്രോൾ പമ്പിൽ പെട്രോൾ അളവ് കുറച്ചുനൽകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പരിശോധനക്കെത്തി. രാവിലെ 11ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയപ്പോൾ പമ്പ് ഉടമയും ഉദ്യോഗസ്ഥരും തമ്മിൽ ഒത്തുകളിക്ക് സാധ്യതയുണ്ടെന്നാരോപിച്ച് നാട്ടുകാർ വീണ്ടും പ്രതിഷേധവുമായെത്തി. പരാതിക്കാരുടെയും നാട്ടുകാരുടെയും പൊലീസിെൻറയും സാന്നിധ്യത്തിൽ സ്റ്റാൻഡേഡ് അളവുപാത്ര ഉപകരണത്തിലൂടെ നടത്തിയ പരിശോധനയിൽ കേസെടുക്കാൻ തക്കരീതിയിലുള്ള കുറവ് കാണുന്നില്ലെന്ന് മെട്രോളജി അധികൃതർ അറിയിച്ചു. 25 മില്ലിലിറ്റർ വരെ ഒരു ലിറ്ററിൽ കുറവ് വന്നാൽ കേസെടുക്കാൻ വകുപ്പില്ല. വിദേശങ്ങളിൽനിന്ന് ഇറക്കുമതി നടത്തുന്ന മെഷീനുകളിൽനിന്ന് അഞ്ചു ലിറ്റർ കുറവിൽ പെട്രോൾ അടിക്കുേമ്പാൾ ചെറിയ രീതിയിലുള്ള കുറവും കൂടുതലും ഉണ്ടാകാനിടയുണ്ടെന്നാണ് ലീഗൽ മെട്രോളജി വകുപ്പിെൻറ വിശദീകരണം. ഏറെനേരം നാട്ടുകാരുടെ പ്രതിഷേധം തുടർന്നതിനാൽ ഗതാഗതസ്തംഭനം ഉണ്ടായി. പന്നിയങ്കര പൊലീസ് സബ് ഇൻസ്പെക്ടർ ഭാസ്കരൻ, എ.എസ്.ഐ വാസുദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥിതിഗതി നിയന്ത്രിച്ചു. സംഘർഷസാധ്യതയുണ്ടായ നിലക്ക് രണ്ടുദിവസം കൂടി പമ്പിൽ പൊലീസ് കാവൽ തുടരും. ഉച്ചക്കുശേഷം 3.30ഓടെ ഇന്ധന വിതരണം പുനരാരംഭിച്ചു. ലീഗൽ മെട്രോളജി അസിസ്റ്റൻറ് കൺട്രോളർ എസ്.ഡി. സുഷമൻ, ഇൻസ്പെക്ടിങ് അസിസ്റ്റൻറുമാരായ ടി. മജീദ്, വി.എൻ. സന്തോഷ് കുമാർ, പി.പി. ഷാജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച രാത്രി എട്ടോടെ പയ്യാനക്കൽ സ്വദേശി ഫസൽ ഷംനാസ് 80 രൂപക്ക് കുപ്പിയിൽ വാങ്ങിയ പെട്രോളിന് ഒരു ലിറ്ററിലും അളവ് കുറഞ്ഞതാണ് പ്രശ്നത്തിെൻറ തുടക്കം. തുടർന്ന് രൂക്ഷമായ പ്രതിഷേധം പൊലീസ് നിയന്ത്രിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.