അമ്പലപ്പറമ്പ് സബ്സ്​റ്റേഷൻ അറ്റകുറ്റപ്പണി ഉപഭോക്താക്കൾക്ക് ഇരുട്ടടിയാവുന്നു

കൊടിയത്തൂർ: കൂളിമാട് അമ്പലപ്പറമ്പ് 66 കെ.വി ഇലക്ട്രിസിറ്റി സബ്സ്റ്റേഷൻ അറ്റകുറ്റപ്പണിക്കെന്ന പേരിൽ ഷട്ട്ഡൗൺ ചെയ്തത് പന്നിക്കോട് ഇലക്ട്രികൽ സെക്ഷന് കീഴിലെ പന്ത്രണ്ടായിരത്തിൽ അധികം വരുന്ന വൈദ്യുതി ഉപഭോക്താക്കളെ പ്രയാസത്തിലാക്കി. ഒരാഴ്ചയിൽ അധികമായി സബ്സ്റ്റേഷൻ അടച്ചിട്ടിട്ട്. അന്ന് മുതൽ പന്നിക്കോട് സെക്ഷന് കീഴിൽ വൈദ്യുതി തകരാറിലാണ്. നേരാം വണ്ണം വൈദ്യുതി ലഭിക്കാറില്ല. കുന്നമംഗലം 110 കെ.വി സബ്സ്റ്റേഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർക്കാണ് അമ്പലപ്പറമ്പ് സബ്സ്റ്റേഷ​െൻറയും ചുമതല. വേനൽക്കാലത്ത് ചെയ്തു തീർക്കേണ്ട സബ്സ്റ്റേഷൻ അറ്റകുറ്റപ്പണി മൺസൂൺ കാലത്തേക്ക് നീട്ടിവെച്ചതാണ് ഈ ദുരവസ്ഥക്ക് കാരണം. മഴക്കാലവും റമദാനും ആയതിനാൽ ഉപഭോക്താക്കൾ ഏറെ പ്രയാസത്തിലായി. നല്ലളം 220 കെ.വി സബ്സ്റ്റേഷനിൽ നിന്നാണ് അമ്പലപ്പറമ്പിലേക്ക് വൈദ്യുതി എത്തുന്നത്. മുമ്പ് കൂളിമാട്, പാഴൂർ, നായർകുഴി, ചിറ്റാരിപിലാക്കൽ, കൊടിയത്തൂർ, ചെറുവാടി, പന്നിക്കോട് ഭാഗങ്ങളിലെ ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് അമ്പലപ്പറമ്പ് സബ്സ്റ്റേഷനിൽ നിന്നായിരുന്നു വൈദ്യുതി. അന്ന് ഈ പ്രദേശങ്ങൾ അത്രയും മുക്കം ഇലക്‌ട്രിക്സിറ്റി സെക്ഷന് കീഴിൽ ആയിരുന്നു. അന്നൊന്നും ഇല്ലാത്ത വൈദ്യുതി പ്രതിസന്ധിയാണ് അമ്പലപ്പറമ്പിൽ അസിസ്റ്റൻറ് എൻജിനീയർ ഉൾപ്പെടെ ഒരു പറ്റം ഉദ്യോഗസ്ഥർ ഉണ്ടായിട്ടും സംഭവിച്ചത്. അരീക്കോട് 220 കെ.വി സബ്സ്റ്റേഷനിൽ നിന്ന് ഓവർ ലോഡ് കാരണം പന്നിക്കോട് സെക്ഷനിലേക്ക് വൈദ്യുതി നൽകുന്നില്ല. 20 കിലോമീറ്റർ അകലെയുള്ള മുത്തേരിയിൽ പ്രവർത്തിക്കുന്ന അഗസ്ത്യൻമുഴി 110 കെ.വി സബ്സ്റ്റേഷനിൽനിന്നാണ് ഇപ്പോൾ പന്നിക്കോട്ടേക്ക് വൈദ്യുതി എടുക്കുന്നത്. ഇവിടെ നിന്നും പന്നിക്കോടിനെ കൂടാതെ മുക്കം, കൂമ്പാറ, ഓമശ്ശേരി, തിരുവമ്പാടി, ചാത്തമംഗലം തുടങ്ങിയ സെക്ഷൻ ഓഫിസ് പരിധിയിലേക്കും വൈദ്യുതി എടുക്കുന്നുണ്ട്. മുക്കം മുതൽ പന്നിക്കോട് വരെ ഉള്ള ഹൈടെൻഷൻ ലൈൻ ഫാൾട്ടുകൾ ആണ് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. ഇവിടെ വരുന്ന തകരാറുകൾ രാത്രിയിൽ സംഭവിക്കുന്നത് പരിഹരിക്കപ്പെടാൻ രാവിലെ വരെ കാത്തിരിക്കണം. ഇതത്രയും പന്നിക്കോട് സെക്ഷനിലെ ജീവനക്കാരാണ് ചെയ്തു തീർക്കേണ്ടത് എന്നതാണ് ഇതിന് കാരണം. സബ്സ്റ്റേഷൻ റിപ്പയർ താൽക്കാലികമായി നിർത്തിവെച്ചിട്ടെങ്കിലും പന്നിക്കോട് സെക്ഷനിലേക്ക് അമ്പലപ്പറമ്പിൽ നിന്നുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപ്പിക്കണമെന്ന് സംഗമം വെസ്റ്റ് കൊടിയത്തൂർ പ്രവർത്തക സമിതി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. മലയോര മേഖലയിൽ കൊടിയത്തൂർ, കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിൽ ഒന്നും തന്നെ ഇലക്ട്രിക്സിറ്റി സബ്സ്റ്റേഷൻ ഇല്ല. നേരത്തേ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് പുതുതായി ഒരു സബ്സ്റ്റേഷൻ സംസ്ഥാന വൈദ്യുതി വകുപ്പ് അനുവദിച്ചിരുന്നുവെങ്കിലും പ്രാവർത്തികമായിട്ടില്ല. പന്നിക്കോട് സെക്ഷന് കീഴിലെ വൈദ്യുതി ഉപഭോക്ത്താക്കളുടെ പ്രശ്നങ്ങൾക്ക് എത്രയും വേഗത്തിൽ പരിഹാരം കാണുന്നതിന് വൈദ്യുതി മന്ത്രി, ജോർജ് എം. തോമസ് എം.എൽ.എ, പി.ടി.എ റഹീം എം.എൽ.എ തുടങ്ങിയവർക്ക്‌ നിവേദനം നൽകാനും യോഗത്തിൽ തീരുമാനമെടുത്തു. പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.