വയനാട്​ ലൈവ്​ 2

മഞ്ഞയിൽ മുങ്ങി തറപ്പാട്ടുമോളയിൽ കുടുംബം ചുള്ളിയോട്: റഷ്യൻ മണ്ണിൽ കാൽപന്തുകളിയുടെ ആദ്യ വിസിൽ മുഴങ്ങുമ്പോൾ മുതൽ ചുള്ളിയോട് തറപ്പാട്ടുമോളയിൽ ബാബുവും കുടുംബവും ഇവിടെ പ്രാർഥനമുറിയിലായിരിക്കും. തങ്ങളുടെ ഇഷ്ടടീമായ ബ്രസീൽ കപ്പടിക്കണമെന്ന സ്വപ്നങ്ങളിലാണ് ഈ നാലംഗ കുടുംബം. ഒരു കുടുംബം മുഴുവൻ ബ്രസീൽ ടീമിനെ ആരാധിക്കുന്നത് പുതുമയല്ലായിരിക്കാം. എന്നാൽ, മഞ്ഞപ്പടയോടുള്ള ഇഷ്ടം മൂത്ത് നെയ്മറിനും സംഘത്തിനും ആശംസകളും െഎക്യദാർഢ്യവും നേർന്ന് കുടുംബത്തി​െൻറ പേരിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചാണ് മോളയിൽ കുടുംബം വേറിട്ടുനിൽക്കുന്നത്. പിതാവ് പി.പി. മത്തായി മാഷിൽനിന്ന് പകർന്നു കിട്ടിയ ഫുട്ബാളിനോടുള്ള പ്രണയം ഭാര്യ ശ്രീനക്കും മക്കളായ ബേസിലിനും പ്രിൻസിനും കൂടി പകർന്നു നൽകാനായതി​െൻറ ആഹ്ലാദത്തിലാണ് ബാബു. കാൽപന്തുകളിയോടുള്ള അതിരില്ലാത്ത ഇഷ്ടം മൂത്ത് ത​െൻറ രണ്ടു മക്കളെയും ചുള്ളിയോട് ഗാന്ധി സ്മാരക ക്ലബി​െൻറ ഫുട്ബാൾ അക്കാദമിയിലെ പരിശീലന കളരിയിലെത്തിച്ചിട്ടുണ്ട് ബാബു. സുൽത്താൻ ബത്തേരി സ​െൻറ് ജോസഫ്സ് സ്കൂൾ വിദ്യാർഥികളാണ് ഇരുവരും. മൂന്നു വർഷമായി ഫുട്ബാൾ പരിശീലിക്കുന്ന ഇവർ പരിശീലന കളരിയിലെ പരിചയം പ്രാദേശിക മത്സരങ്ങളിൽ പ്രയോജനപ്പെടുത്താനായതി​െൻറ ആഹ്ലാദത്തിലാണ്. ബ്രസീൽ ടീമിനോടുള്ള കടുത്ത ആരാധന മൂത്ത് കൊച്ചിയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ബ്രസീൽ ടീമി​െൻറ കളി സകുടുംബം പോയത് ജീവിതത്തിലെ അസുലഭ നിമിഷങ്ങളായാണ് കരുതുന്നത്. കളിയിൽ വലിയ കാര്യമില്ലെന്നു കരുതിയിരുന്ന ശ്രീന ബാബുവി​െൻറ കൈ പിടിച്ച് വൈവാഹിക ജീവിതത്തിലേക്ക് കടന്നുവന്നതോടെ ഫുട്ബാളിനെയും പ്രണയിച്ചു തുടങ്ങുകയായിരുന്നു. പെലെ ഇഷ്ടതാരമായിരുന്ന പിതാവിൽനിന്ന് ഒരു തലമുറ മാറി ബാബുവിലെത്തിയപ്പോൾ ഈ നാൽവർ കുടുംബത്തി​െൻറ ഹീറോ നെയ്മറാണ്. ഷെരീഫ് അമ്പലവയൽ ........ ഒന്നാംനമ്പർ കളിക്കമ്പവുമായി ഒന്നാംമൈൽ സുല്‍ത്താന്‍ ബത്തേരി: കളിയോടു ചേർന്നു നിൽക്കുന്ന കാര്യത്തിൽ ഒന്നാം നമ്പറുകാരാണ് ഒന്നാംമൈലുകാർ. എല്ലാ ലോകകപ്പുകളും ഒന്നാം മൈലിന് ആഘോഷിക്കാനും ആർപ്പുവിളിക്കാനുമുള്ള സുവർണവേളകളാണ്. തോരണങ്ങളും ഫ്ലക്സ് ബോർഡും പതാകകളുമൊക്കെയായി ലോകകപ്പി​െൻറ ആവേശത്തിമിർപ്പിലലിഞ്ഞുകഴിഞ്ഞു ഇൗ ഫുട്ബാൾ ഗ്രാമം. ഒന്നാംമൈലിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നാലുകൊല്ലം കൂടുമ്പോള്‍ മഴക്കൊപ്പം മുറതെറ്റാതെ പുതുനിറമെത്തും. അർജൻറീനയുടെ ആകാശനീലിമയും ബ്രസീലി​െൻറ മഞ്ഞയും പച്ചയുമൊക്കെ വാരിയണിഞ്ഞ് ബസ് കാത്തിരിപ്പ് കേന്ദ്രം ലോകകപ്പി​െൻറ ആവേശനിമിഷങ്ങൾക്ക് സാക്ഷിയാകും. ഇക്കുറിയും അതിന് മാറ്റമില്ല. ബസ് വെയിറ്റിങ് ഷെഡി​െൻറ ഒരു ഭാഗം അര്‍ജൻറീനിയന്‍ ആരാധകര്‍ സ്വന്തമാക്കിയപ്പോള്‍ തൊട്ടപ്പുറത്തെ ഭാഗം ബ്രസീല്‍ ആരാധകരും പിടിച്ചടക്കി. കാത്തിരിപ്പ് കേന്ദ്രത്തി​െൻറ മധ്യത്തിൽ പോര്‍ചുഗല്‍ ആരാധകരും സാന്നിധ്യമറിയിച്ചു. റോഡി​െൻറ ഇരുവശങ്ങളും തങ്ങളുടെ ഇഷ്ട ടീമി​െൻറ കൊടിതോരണങ്ങളാൽ വർണാഭമാക്കിയിട്ടുണ്ട്. റോഡിന് കുറുകെ വിവിധ രാജ്യങ്ങളുടെ നീലയും വെള്ളയും മഞ്ഞയും പച്ചയും ചുവപ്പും ഇടകലര്‍ന്ന നിറങ്ങളുടെ കൊടി തോരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരുവശത്ത് 'വിവ ബ്രസീല്‍' എന്നെഴുതിയപ്പോൾ മറു ഭാഗത്ത് 'വാമോസ് അര്‍ജൻറീന' എന്ന മറുപടി ഉടൻ. അനസ്, അജ്മല്‍, ഇസ്മയില്‍, അന്‍ഷാദ്, ജോബിന്‍, ഡോര്‍ലി, ഇര്‍ഷാദ്, ഫസല്‍, ഉനൈദ്, റഇൗസ്, സിദ്ദീഖ് ഷാജി, ബിനു എന്നിവരുടെ നേതൃത്വത്തിലാണ് നീലപ്പട ആവേശം തീര്‍ക്കുന്നത്. മഞ്ഞപ്പടക്ക് ചുക്കാന്‍ പിടിക്കുന്നത് ഹാരിസ്, ജിബിന്‍, ലിബു, വിഷ്ണു, ഷൈജല്‍, ഉണ്ണി, സലീം, ഷിഹാബ്, അഷ്റഫ് തുടങ്ങിയവരും. അര്‍ജൻറീന, ബ്രസീല്‍ ആരാധകര്‍ വാഴുന്ന ഒന്നാംമൈലില്‍ എണ്ണത്തില്‍ കുറവാണെങ്കിലും മറ്റു പ്രമുഖ ടീമുകള്‍ക്കും പിന്തുണക്കാരുണ്ട്. ആഷിഖ്, ഷജിര്‍, റംഷാദ്, താഹിര്‍, വിനോദ്, അരുണ്‍ എന്നിവരാണ് പോര്‍ചുഗലിനു വേണ്ടി വാദിക്കുന്നത്. ജർമനിക്ക് കട്ട സപ്പോര്‍ട്ടുമായി ബാസിത്, സന്ദീപ്, സതീഷ് എന്നിവർ. സ്പെയിനി​െൻറ മുന്നണിപ്പോരാളികൾ ആസിഫും ഹംസയുമാണ്. ഇംഗ്ലണ്ടിനും ഫ്രാൻസിനും ബെൽജിയത്തിനുമൊക്കെ ഇവിടെ ആരാധകരുണ്ട്. ടീമുകളും താൽപര്യങ്ങളും വേറിട്ടുനിൽക്കുേമ്പാഴും ഒന്നാംമൈലിലെ ആരാധകക്കൂട്ടം ലോകകപ്പ് മത്സരങ്ങൾ ഒന്നിച്ചുകാണാനാണ് കാത്തിരിക്കുന്നത്. കവലയില്‍ ബിഗ്സ്ക്രീൻ സ്ഥാപിച്ച് കളികാണാന്‍ ഒരുങ്ങുകയാണ് ഇവിടത്തെ ഫുട്ബാൾപ്രേമികൾ. പി.വി. പ്രദീപ് ........ കാനറികൾക്കൊപ്പം കൂട്ടുകൂടി ഫൈസൽ ചുള്ളിയോട്: നിറങ്ങൾ വാരിപ്പൂശിയും തോരണങ്ങൾ ചാർത്തിയും നാടും നഗരവും ലോകകപ്പി​െൻറ ആവേശക്കാഴ്ചകൾക്കൊപ്പം സഞ്ചരിക്കുേമ്പാൾ ബ്രസീലിനൊപ്പം നിരത്തുകളിൽ ഒഴുകിപ്പരക്കുകയാണ് കോളോത്ത് ഫൈസലി​െൻറ കളിക്കമ്പം. ത​െൻറ സന്തത സഹചാരിയായ സ്കൂട്ടറിൽ ബ്രസീലി​െൻറ പതാകയും നെയ്മർ ഉൾപ്പെടെയുള്ള താരങ്ങളെയും ആലേഖനം ചെയ്താണ് ഫൈസൽ കാനറികളോടുള്ള കൂറ് അരക്കിട്ടുറപ്പിക്കുന്നത്. വർഷങ്ങളായി ബ്രസീൽ ടീമി​െൻറ ചങ്ക് ഫാനായ ഫൈസൽ ഇത് ആദ്യമായല്ല വാഹനത്തിന് ഇത്തരത്തിൽ നിറം നൽകുന്നത്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും വിശ്വമേളക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫൈസലി​െൻറ വാഹനങ്ങൾ മഞ്ഞയും പച്ചയും നിറങ്ങൾ എടുത്തണിഞ്ഞിരുന്നു. ഫുട്ബാളിൽ അതിയായ കമ്പമുള്ള ഫൈസൽ പ്രവാസിയായിരുന്ന കാലത്തും കളിയെ അകറ്റിനിർത്തിയിട്ടില്ല. കുവൈത്തിലായിരുന്നപ്പോൾ അവിടത്തെ പ്രാദേശിക ക്ലബിനായി ബൂട്ടുകെട്ടിയിട്ടുണ്ട്. ബ്രസീലി​െൻറ കടുത്ത ആരാധകനായ ഫൈസലിന് മഞ്ഞപ്പടയെ വിട്ടൊരു കളിയില്ല. ഇത്തവണ വാഹനത്തിന് മാത്രമല്ല തനിക്കൊപ്പം മക്കളായ മുഹമ്മദ് സനദിനും മുഹമ്മദ് ഐനാസിനും മുഹമ്മദ് ഹൂദിനും ബ്രസീലി​െൻറ ജഴ്സികൾ സംഘടിപ്പിച്ചാണ് ഇഷ്ടം കൊഴുപ്പിച്ചത്. മികച്ച വോളിബാൾ റഫറിയായ കൂരിമണ്ണിൽ മേലേമണ്ണിൽ മൊയ്തീൻ കുട്ടിയുടെ മകൾ ബബിതയാണ് ഫൈസലി​െൻറ ഭാര്യ. കായികകുടുംബത്തിൽ നിന്നെത്തിയ ബബിതയും ഭർത്താവി​െൻറ ചുവടുകൾ പിന്തുടർന്ന് ഫുട്ബാൾ പ്രേമിയും ബ്രസീൽ ഫാനുമായി മാറിക്കഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.