കിഴുക്കോട്ടുകടവ് -മന്ദങ്കാവ് റോഡിൽ വെള്ളം കയറി ഗതാഗതം ദുസ്സഹമായി

നടുവണ്ണൂർ: നടുവണ്ണൂർ-കിഴുക്കോട്ടുകടവ്-മന്ദങ്കാവ് റോഡിൽ വെള്ളം കയറി ഗതാഗതം ദുസ്സഹമായി. നടുവണ്ണൂരിൽനിന്ന് കൊയിലാണ്ടിയിലേക്ക് പോകുന്ന നടുവണ്ണൂർ കിഴുക്കോട്ടുകടവ് -മന്ദങ്കാവ്-ഊരള്ളൂർ റോഡ് പല സ്ഥലങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. ചില സ്ഥലങ്ങളിൽ റോഡിലെ വൻ കുഴികളിൽ വെള്ളം നിറഞ്ഞ നിലയിലുമാണ്. ഇത് അപകടസാധ്യതയും വർധിപ്പിക്കുന്നു. നടുവണ്ണൂർ പുതുക്കുടിമുക്ക് ഭാഗം, വെള്ളോട്ട് അങ്ങാടിക്കു സമീപം, ആശാരിക്കൽമുക്ക്, കിഴുക്കോട്ടുകടവ് അങ്ങാടിക്ക് സമീപം, വെങ്ങളത്തുകണ്ടി കടവ് എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി ഗതാഗതം ദുസ്സഹമായ നിലയിലാണ്. പുതുക്കുടിമുക്കിൽ മീറ്ററുകളോളം വെള്ളത്തിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. മന്ദങ്കാവിൽ നിരവധി പൊതുമേഖല സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത് കൊണ്ടുതന്നെ നിരവധി വലിയ വാഹനങ്ങളാണ് നിത്യേന ഈ വഴി കടന്നുപോകുന്നത്. പൊതുമേഖല സ്ഥാപനമായ കേരഫെഡ് കോംപ്ലക്സിലേക്ക് ദിവസവും നിരവധി വലിയ വാഹനങ്ങളാണ് ചരക്കുമായി ഈ റോഡിലൂടെ കടന്നുപോകുന്നത്. പത്തോളം മിനി ബസുകളും സർവിസ് നടത്തുന്നു. ഏറെ ഗതാഗതപ്രാധാന്യമുള്ള റോഡ് റീ ടാറിങ് നടത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിലേക്കും വരുന്ന കുട്ടികൾ മഴക്കാലത്ത് ഏറെ ബുദ്ധിമുട്ടിയാണ് ഈ റോഡിലൂടെ യാത്രചെയ്യുന്നത്. പല സ്ഥലങ്ങളിലും റോഡിൽ വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴക്കാലത്തിന് മുമ്പ് കുഴികൾ അടക്കാൻ ആവശ്യമായ ഒരു പ്രവർത്തനവും ഉണ്ടായിട്ടില്ല. മഴ പെയ്തതോടെ റോഡിലൂടെയുള്ള യാത്ര ദുസ്സഹമായിരിക്കുകയാണ്. നടുവണ്ണൂരിൽനിന്ന് കൊയിലാണ്ടിയിലേക്ക് ഏറ്റവും എളുപ്പം എത്താവുന്ന റൂട്ട് ആയതുകൊണ്ടുതന്നെ നൂറുകണക്കിന് ആളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. കൂട്ടാലിട ബസ്സ്റ്റാൻഡും ശുചിമുറിയും തുറന്നുകൊടുക്കണം -ആർ.എം.പി നടുവണ്ണൂർ: കൂട്ടാലിട അങ്ങാടിയിൽ കോട്ടൂർ പഞ്ചായത്ത് ഫണ്ടിൽ നിർമിച്ച ബസ്സ്റ്റാൻഡും ശുചിമുറിയും പൊതുജനങ്ങൾക്ക് ഉടൻ തുറന്നുകൊടുക്കണമെന്ന് ആർ.എം.പി.ഐ കോട്ടൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതി​െൻറ പണി പൂർത്തീകരിച്ചിട്ട് മാസങ്ങളായി. യാത്രക്കാരും അങ്ങാടിയിലെ വ്യാപാരികളും മഴക്കാലത്ത് പ്രാഥമികാവശ്യം നിർവഹിക്കാൻ ഇടമില്ലാതെ വലയുകയാണ്. പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. വാസു വാളിയിൽ അധ്യക്ഷത വഹിച്ചു. വി.പി. സുരേന്ദ്രൻ, എം.എം. വിജയൻ, സുരേഷ് ചെങ്ങോട്, കെ. രാജേഷ്, പി.കെ. ബാലകൃഷ്ണൻ, സി.പി. കുഞ്ഞിക്കണാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.