നാദാപുരം: ജില്ല കലക്ടറുടെ ഉത്തരവുണ്ടായിട്ടും നാദാപുരം ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്‌കരണ പ്ലാൻറിന് ശാപമോക്ഷം ലഭിച്ചില്ല. നാട്ടുകാരുടെ ഉപരോധ സമരം കാരണം മൂന്നു വർഷം മുമ്പ് അടച്ചുപൂട്ടിയ പ്ലാൻറ് പ്രവർത്തനയോഗ്യമാക്കാൻ ജില്ല കലക്‌ടർ ദുരന്തനിവാരണ വകുപ്പ് പ്രകാരം മാസങ്ങൾക്കുമുമ്പ് ഉത്തരവിറക്കിയിരുന്നു. പ്ലാൻറിൽ പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് വേർതിരിച്ച് കയറ്റിയയക്കുന്ന സംവിധാനമാണ് കലക്ടർ നിർദേശിച്ചത്. പരിസ്ഥിതി സൗഹൃദമായി പ്ലാൻറ് പ്രവർത്തിപ്പിക്കുക കൂടിയായിരുന്നു ഇതുവഴി ഉദ്ദേശിച്ചിരുന്നതത്രെ. പ്ലാൻറിൽ അശാസ്ത്രീയമായി മാലിന്യം സംസ്കരിക്കുന്നത് കാരണം രൂക്ഷമായ ആരോഗ്യപ്രശ്നവും പരിസ്ഥിതി പ്രശ്നവും ആരോപിച്ചാണ് സമരസമിതി പ്ലാൻറ് പ്രവർത്തനം നിർത്തിച്ചത്. ഈ പ്രശ്നത്തിന് പരിഹാരമായാണ് പ്ലാൻറിൽ മാലിന്യങ്ങൾ ശേഖരിച്ചു കയറ്റിയയക്കുന്ന സംവിധാനം മാത്രമാക്കാൻ തീരുമാനിച്ചത്. സർവ കക്ഷിയോഗം ഇതിന് പിന്തുണയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കലക്ടറുടെ ഉത്തരവ് നടപ്പാക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർ ഇതുവരെ തയാറായിട്ടില്ല. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് ഉത്തരവ് നടപ്പാക്കാൻ കലക്ടർ നിർദേശം നൽകിയിരുന്നു. എന്നാൽ, സമരക്കാർ പ്ലാൻറിൽ നിലവിലുള്ള മാലിന്യം നീക്കംചെയ്യാനുള്ള നീക്കംതന്നെ തടഞ്ഞതോടെ സെക്രട്ടറി ശ്രമം ഉപേക്ഷിച്ച് പിൻവലിയുകയായിരുന്നു. മാലിന്യ നീക്കത്തിന് പൊലീസ് സഹായം ഇതുവരെ സെക്രട്ടറി ആവശ്യപ്പെട്ടില്ലെന്നാണ് അറിയുന്നത്. സമരക്കാർക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐ രംഗത്തുള്ളതിനാലാണ് സെക്രട്ടറിയുടെ പിൻവലിയലിന് കാരണമെന്ന് പറയുന്നു. അതേസമയം, സി.പി.എം അടക്കമുള്ള ഇടത് സംഘടനകൾ സർവകക്ഷി യോഗത്തിൽ കലക്ടറുടെ തീരുമാനം നടപ്പാക്കാൻ ധാരണയിലെത്തിയിരുന്നു. പ്ലാൻറ് തുറന്നുപ്രവർത്തിപ്പിക്കുന്നതിന് സർവകക്ഷി യോഗത്തിൽ പിന്തുണ അറിയിക്കുകയും പുറത്ത് സമരക്കാർക്ക് അനുകൂല സമീപനം സ്വീകരിക്കുകയും ചെയ്യുന്നത് പാർട്ടികൾ നിർത്തിയാൽ മാത്രമേ മാലിന്യ സംസ്‌കരണ പ്ലാൻറിന് ശാപമോക്ഷം ലഭിക്കൂവെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ അറിയിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കാൻ ഇടമില്ലാത്തതിനാൽ നാദാപുരത്ത് മാലിന്യനീക്കം വഴിമുട്ടിയിരിക്കുകയാണ്. മഴ കൂടുതൽ ശക്തമാവുന്നതോടെ മാലിന്യപ്രശ്നം രൂക്ഷമാവുകയും പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യം വർധിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.