മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍

മാനന്തവാടി: 695 മയക്കുമരുന്ന് ഗുളികകളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് പുതിയറ മാണിക്കോത്ത് വീട്ടില്‍ എം. സുദീപിനെയാണ് (33) മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.കെ. സുനിലി​െൻറ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘവും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്പോസ്റ്റ് പാര്‍ട്ടിയും ചേർന്ന് പിടികൂടിയത്. ബംഗളൂരുവില്‍ നിന്നും കോഴിക്കോേട്ടക്ക് പോകുകയായിരുന്ന കര്‍ണാടക ആര്‍.ടി.സി ബസിൽ യാത്ര ചെയ്യവേ, ബുധനാഴ്ച പുലര്‍ച്ചെ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഗുളികകള്‍ പിടികൂടിയത്. കേന്ദ്രസർക്കാർ നിയന്ത്രണമേര്‍പ്പെടുത്തി നാര്‍ക്കോട്ടിക് ഡ്രഗ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ട്രഡാമോള്‍ അടങ്ങിയ സ്പാസ്‌മൊ പ്രോക്‌സി വോണ്‍ പ്ലസ്, പീവോണ്‍ സ്പാസ് പ്ലസ് എന്നീ വിഭാഗത്തിലെ ടാബ്ലറ്റുകളാണ് പിടിച്ചെടുത്തത്. കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൈസൂരു, ബംഗളൂരു നഗരങ്ങളില്‍നിന്ന് വാങ്ങിക്കുന്ന ടാബ്ലറ്റുകള്‍ അമിത വിലയില്‍ കോഴിക്കോട് നഗരത്തിലെ സ്‌കൂള്‍, കോളജ് വിദ്യാർഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വില്‍പന നടത്താറാണ് പതിവ്. മാനന്തവാടി ജെ.എഫ്‌.സി.എം രണ്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.കെ. സുനിലിനൊപ്പം പ്രിവൻറിവ് ഓഫിസര്‍ കെ.വി. ഷാജിമോന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.കെ. അജയകുമാര്‍, പ്രിന്‍സ്, അജേഷ് വിജയന്‍, മന്‍സൂര്‍ അലി, സനൂപ്, അനുദാസ്, അമല്‍ തോമസ്, എക്‌സൈസ് ഡ്രൈവര്‍ രമേശ് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇതേ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 20 കിലോയോളം നിരോധിത പാൻ മസാലകൾ പിടികൂടി. തൊട്ടിൽപാലത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിടികൂടിയ പാൻമസാല തീയിട്ട് നശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.