ചേളന്നൂർ: ഒന്നാംവർഷ നഴ്സിങ് വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ട സംഭവത്തിൽ സംശയമുള്ളതായി ബന്ധുക്കൾ. പരിയാരം മെഡിക്കൽ കോളജിലെ നഴ്സിങ് വിദ്യാർഥിനി ചേളന്നൂർ സ്വദേശി ശ്രീലയയുടെ ആത്മഹത്യയിലാണ് ബന്ധുക്കൾ സംശയമുന്നയിക്കുന്നത്. പൊലീസോ ബന്ധുക്കളോ എത്തുന്നതിനുമുമ്പ് മൃതദേഹം നീക്കം ചെയ്തതും തുടർന്ന് കണ്ടെടുത്തതെന്നു പറയപ്പെടുന്ന ശ്രീലയയുടേതെന്ന കുറിപ്പിലെ കൈയെഴുത്തും ഒപ്പും കുട്ടിയുടേതല്ലെന്നുമാണ് രക്ഷിതാക്കൾ പറയുന്നത്. പഠിക്കാൻ മിടുക്കിയായ കുട്ടി പഠനഭാരം മൂലം ആത്മഹത്യ ചെയ്തു എന്നു പറയുന്നതും അവിശ്വസനീയമാണെന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നു. ഒരുവിധ പ്രശ്നങ്ങളും ആത്മഹത്യ ചെയ്യാൻ ശ്രീലയക്കില്ലെന്ന് അടുത്ത കൂട്ടുകാരികളും നാട്ടുകാരും ബന്ധുക്കളും തറപ്പിച്ച് പറയുന്നു. ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ ജില്ല കലക്ടർക്ക് രക്ഷിതാക്കൾ പരാതി നൽകിയിരിക്കുകയാണ്. കോഴിക്കോട് ബി.ജെ.പി ജില്ല സെക്രട്ടറി സി.പി. സതീഷും എ.ബി.വി.പി കണ്ണൂർ ജില്ല കമ്മിറ്റിയും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹോസ്റ്റലിലെ മുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു ശ്രീലയയെ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.