നിപ: മെഡിക്കൽ കോളജിൽ രോഗികൾ കുറവ്; വാർഡുകൾ കുറച്ചു

കോഴിക്കോട്: നിപ ഭീതിെയത്തുടർന്ന് ആളൊഴിഞ്ഞ മെഡിക്കൽ കോളജ് ആശുപത്രിയിൽ വാർഡുകളുടെ എണ്ണം പകുതിയായി കുറച്ചു. സാധാരണ ഉണ്ടാകാറുള്ള രോഗികളുടെ എണ്ണത്തിൽനിന്ന് ഗണ്യമായി കുറഞ്ഞ് മൂന്നിലൊന്നായിട്ടുണ്ട്. മിക്ക വാർഡുകളിലും ഒന്നോ രണ്ടോ പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഈ അസാധാരണ സാഹചര്യത്തിലാണ് ചില വാർഡുകളിലെ രോഗികളെ മറ്റു വാർഡുകളിലേക്ക് മാറ്റി എണ്ണം കുറച്ചത്. മെഡിസിൻ, ഓർത്തോ, സർജറി വിഭാഗങ്ങളിലാണ് വാർഡുകളുടെ എണ്ണം കുറച്ചത്. പുരുഷന്മാരുടെ ഓർത്തോ വാർഡുകളായ 10, 22, 37 വാർഡുകളിലെ രോഗികളെ ഇപ്പോൾ വാർഡ് പത്തിലാണ് കിടത്തിയിരിക്കുന്നത്. സ്ത്രീകളുടെ ഓർത്തോ വാർഡായ 24 പ്രവർത്തിക്കുന്നുണ്ട്. മെഡിസിൻ വിഭാഗത്തിൽ 11 വാർഡുകളുണ്ടായിരുന്നത് അഞ്ചാക്കി കുറച്ചു. സർജറി വാർഡിലും ഇതേ ക്രമീകരണം നടത്തി. ഇതേത്തുടർന്ന് ബാക്കി വാർഡുകളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. നിപ ഭീതിയെത്തുടർന്ന് രണ്ടാഴ്ചയായി മെഡിക്കൽ കോളജ് ഏറക്കുറെ വിജനമായ സ്ഥിതിയാണ്. ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണവുമെല്ലാം വൻതോതിൽ കുറഞ്ഞു. സാധാരണഗതിയിൽ അ‍യ്യായിരത്തോളം പേർ വരുന്ന ഒ.പിയിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആയിരത്തിൽ താഴെ പേരാണ് എത്തിയത്. കിടത്തി ചികിത്സ തേടുന്നവരുടെ എണ്ണവും തീരെ കുറവ്. 600-700 പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രധാന ആശുപത്രിയിലും സൂപ്പർ സ്പെഷാലിറ്റിയിലുമായി ചികിത്സയിലുള്ളത്. അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് ചെയ്യുന്നതെന്നതിനാൽ ആശുപത്രിയിലെ ശസ്ത്രക്രിയകളുടെ എണ്ണവും കുറഞ്ഞു. മുമ്പ് ശസ്ത്രക്രിയ ചെയ്യാൻ ധിറുതിപിടിച്ചിരുന്ന ചിലർ നിലവിൽ പല കാരണങ്ങൾ പറഞ്ഞ് ശസ്ത്രക്രിയ ദിവസം വരാതിരിക്കുന്നു. നിപ നിയന്ത്രണങ്ങളുടെ ഭാഗമായി ആശുപത്രിയിലെ രോഗികളെ കൂട്ടത്തോടെ ഡിസ്ചാർജ് ചെയ്യുന്ന സംഭവം കഴിഞ്ഞയാഴ്ച ഉണ്ടായിരുന്നു. ഇത് വിവാദമായതിനെത്തുടർന്ന് നിയന്ത്രണം ഭാഗികമായി പിൻവലിച്ചു. നിപ മെഡിക്കൽ കോളജുൾെപ്പടെ ആശുപത്രികളിൽനിന്നാണ് ഏറെയും പകരുന്നതെന്ന വസ്തുത നിലനിൽക്കുന്നതിനാൽ ആശുപത്രിയിലും പരിസര പ്രദേശങ്ങളിലും ആളുകൾ എത്താൻ മടിക്കുന്നു. ഇവിടങ്ങളിലെ വഴിയോര കച്ചവടവും ഓട്ടോറിക്ഷ സർവിസുമെല്ലാം വൻതോതിൽ കുറഞ്ഞിരുന്നു. നിപ ഭീതി തെല്ലടങ്ങിയെങ്കിലും മെഡിക്കൽ കോളജിനെ സമീപിക്കാൻ ആളുകൾ ഇപ്പോഴും മടിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.