നിപയെ പേടിച്ച് കെ.എച്ച്.ആർ.ഡബ്ല്യു.എസ് ഓഫിസ് മാറ്റാൻ നീക്കമെന്ന്

കോഴിക്കോട്: മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ റീജനൽ ഓഫിസ് നിപ ഭീതിയെ തുടർന്ന് മാറ്റാൻ നീക്കമെന്ന് പരാതി. ആരോഗ്യവകുപ്പ് ഒന്നടങ്കം നിപ സംബന്ധിച്ചുള്ള ആശങ്കയകറ്റാൻ അശ്രാന്ത പരിശ്രമം നടത്തുന്നതിനിടെയാണ് കോട്ടപറമ്പ് ആശുപത്രിയിലേക്ക് ഓഫിസ് മാറ്റത്തിന് നീക്കം നടത്തുന്നത്. നിപ ഭീതി പടർന്നുപിടിച്ചതിനെത്തുടർന്ന് ഓഫിസ് മേധാവി കഴിഞ്ഞ കുറെ ദിവസങ്ങളായി കൃത്യമായി ഓഫിസിൽ വരാറില്ലെന്നും ആരോപണമുണ്ട്. വന്നാൽതന്നെ അധികം വൈകാതെ മടങ്ങുകയാണത്രെ. നിപ രോഗികളും സംശയിക്കുന്നവരും ചികിത്സ തേടുന്ന കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേവാർഡ് കെട്ടിടത്തിൽതന്നെയാണ് റീജനൽ ഓഫിസ് പ്രവർത്തിക്കുന്നത്. എന്നാൽ, രോഗികളുമായോ ഈ വാർഡുകളുമായോ ഒരു സമ്പർക്കവും ഓഫിസിനില്ലാത്ത രീതിയിലാണ് സജ്ജീകരണം. നിലവിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളാണ് ഈ റീജനൽ ഓഫിസിനു കീഴിൽ വരുക. മെഡിക്കൽ കോളജിലെ എ.സി.ആർ ലാബ്, എൻഡോസ്കോപി യൂനിറ്റ്, എക്കോകാർഡിയോഗ്രാം യൂനിറ്റ്, മെഡിക്കൽ കോളജ്, മാതൃശിശു സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലെ പേവാർഡുകൾ എന്നിവയെല്ലാം കെ.എച്ച്.ആർ.ഡബ്ല്യു.എസിനു കീഴിൽ വരുന്നതാണ്. ഈ വിഭാഗങ്ങളിലെ ജീവനക്കാർ നിരന്തരമായി നേരിട്ടും അല്ലാതെയും ആശയവിനിമയം നടത്തുന്നതും ഓഫിസിലെ ജീവനക്കാർ ആശുപത്രി സൂപ്രണ്ടുമാരുമായി ബന്ധപ്പെടുന്നതുമാണ്. എന്നാൽ, കോട്ടപറമ്പിലേക്ക് മാറ്റുന്നതോടെ ഇത് ദുഷ്കരമാവും. ഇതു കൂടാതെ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ചുള്ള ബാങ്കുകളിലാണ് കെ.എച്ച്.ആർ.ഡബ്ല്യു.എസിന് അക്കൗണ്ടുകളുള്ളത്. ഇവയെല്ലാം മാറ്റുന്നതും പ്രയാസകരമാണ്. നിലവിൽ ജീവനക്കാരാരും വരാൻ മടിക്കാത്ത സാഹചര്യത്തിൽ മാറ്റേണ്ട കാര്യമില്ലെന്നും ഇതിന് ഒരു കാരണവശാലും അനുവദിക്കില്ലെന്നും കെ.എച്ച്.ആർ.ഡബ്ല്യു.എസ് എംപ്ലോയീസ് വെൽഫെയർ യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയും അഡീ. ചീഫ് സെക്രട്ടറിയും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.സി സുധാകരൻ, സംസ്ഥാന സെക്രട്ടറി ഇ. മോഹന കൃഷ്ണൻ, എൻ. രവി, എം.കെ നിധീഷ് എന്നിവർ സംസാരിച്ചു. എന്നാൽ, ഓഫിസ് മാറ്റാൻ നീക്കമില്ലെന്നും ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നുമാണ് റീജനൽ മാനേജറുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.