ഭീതിയോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ജീവനക്കാര്‍

മാനന്തവാടി: നിപ ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനായി ഇതര ജില്ലകളില്‍നിന്നുള്‍പ്പെടെ നൂറുകണക്കിന് സഞ്ചാരികളെത്തുമ്പോഴും സുരക്ഷ സംവിധാനങ്ങളില്ലാത്തത് ജീവനക്കാരെ ഭീതിയിലാക്കി. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ളവരാണ് അധികവും വയനാട്ടിലെത്തുന്നത്. വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തിരുനെല്ലിയിലെ രണ്ടു പാരമ്പര്യ വൈദ്യ ചികിത്സ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍, ഡി.ടി.പി.സിയുടെയും ബാണാസുര ഹൈഡല്‍ കേന്ദ്രത്തി​െൻറയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളുമായി നേരിട്ടിടപഴകുന്ന ടിക്കറ്റ് കൗണ്ടറിലുള്ളവര്‍ക്കും ടിക്കറ്റ് പരിശോധകര്‍, ബോട്ട് സര്‍വിസ് നടത്തുന്നവര്‍ എന്നിവർക്കും ഒരു സുരക്ഷ ക്രമീകരണവുമില്ല. ബാണാസുര ഡാം ജീവനക്കാരോട് മാസ്‌ക്, ഗ്ലൗസ് പോലുള്ള സുരക്ഷ മുന്‍കരുതലുകള്‍ പോലും ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചതായും പരാതിയുണ്ട്. ഇത്തരം സുരക്ഷ ക്രമീകരണങ്ങള്‍ ഉപയോഗിക്കുന്നത് അനാവ‍ശ്യഭീതി പരത്തുമെന്നാണ് വിശദീകരണം. ജില്ലയിൽ വനംവകുപ്പിനു കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചെങ്കിലും ഡി.ടി.പി.സിയുടെ വിവിധ കേന്ദ്രങ്ങളിലും ബാണാസുര ഡാം ടൂറിസം കേന്ദ്രത്തിലും നിരവധി വിനോദസഞ്ചാരികളാണ് ദിവസവും എത്തുന്നത്. മക്കി മലയിലെ പാരമ്പര്യ ചികിത്സ കേന്ദ്രങ്ങളാണ് പുതിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാൻ ആരോഗ്യ വകുപ്പ് ഉത്തരവിട്ടത്. സംഗീത-ചിത്രകല അധ്യാപകർ നിരാഹാരസമരം അവസാനിപ്പിച്ചു കൽപറ്റ: നിയമനം ആവശ്യപ്പെട്ട് സംഗീത -ചിത്രകല അധ്യാപകർ കലക്ടറേറ്റിനു മുന്നിൽ രണ്ടാഴ്ചയായി നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. സമരസമിതി നേതാക്കളും സി.കെ. ശശീന്ദ്രൻ എം.എൽ.എയും ചേർന്ന് എസ്.എസ്.എ സ്റ്റേറ്റ് ഡയറക്ടർ കുട്ടികൃഷ്ണനുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. എസ്.എസ്.എക്ക് പകരമായി ആരംഭിച്ച സമഗ്ര ശിക്ഷ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി സംഗീത -ചിത്രകല അധ്യാപകർക്ക് ഉടൻ നിയമനം നൽകും. കേന്ദ്ര നിർദേശ പ്രകാരം ശമ്പളം 7000 രൂപയാണ്. മുമ്പ് ജോലിയിൽ ഇവരോടൊപ്പമുണ്ടായിരുന്ന ഉദ്യോഗാർഥികൾക്ക് 28,000 രൂപ ശമ്പളം ലഭിക്കുന്നുണ്ട്. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് സംസ്ഥാന സർക്കാറി​െൻറ വിഹിതവും ചേർത്ത് വർധിപ്പിച്ച ശമ്പളം നൽകാൻ ഉത്തരവിറക്കും. നൃത്ത, നാടക അധ്യാപകരുടെ പരാതിയിൽ നിയമനം സ്റ്റേ ചെയ്ത കോടതി ഉത്തരവി​െൻറ കാലാവധി അവസാനിച്ചതിനാൽ സർക്കാറിന് തുടർനടപടികൾ വേഗത്തിലാക്കാൻ കഴിയുമെന്ന് സമരക്കാരെ അറിയിച്ചു. സംസ്ഥാന സർക്കാറി​െൻറ ഉത്തരവുകൾ ഉടൻ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് കല -കായിക ഉദ്യോഗാർഥി സംഘടനയായ എ.പി.ഇ.എയുടെ ഭാരവാഹികൾ പറഞ്ഞു. സംഘടന പ്രവർത്തകരായ ഐ. ദേവസ്യ, വി.ബി. സജീഷ്, എം.ജി. വിനോദ്, ഐ.പി. രഞ്ജിത്ത്, സി.കെ. അനിൽ എന്നിവരാണ് നിരാഹാരമനുഷ്ഠിച്ചത്. സമരക്കാർക്ക് കെ.എസ്.ടി.എ ജില്ല സെക്രട്ടറി വിനീഷ് നാരങ്ങനീര് നൽകി നിരാഹാരം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.