പകർച്ച വ്യാധി: പഴുതടച്ച ശുചീകരണത്തിന്​ നഗരസഭകൾക്ക്​ നിർദേശം

-കെ.ടി. വിബീഷ് കോഴിക്കോട്: പകർച്ചവ്യാധി പ്രതിരോധത്തിനും ശുചീകരണത്തിനും പഴുതടച്ച പ്രവർത്തനങ്ങൾക്കൊരുങ്ങി തദ്ദേശ വകുപ്പ്. മിക്ക നഗരസഭ പരിധികളിലും മാരക പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നുവെന്ന ആരോഗ്യ വകുപ്പ് റിപ്പോർട്ടിനെ തുടർന്നാണിത്. കൗൺസിൽ യോഗം ചേർന്ന് അംഗങ്ങളുടെ മേൽനോട്ടത്തിൽ വാർഡുകളിൽ ശുചീകരണം തീരുമാനിച്ച് പിരിയുന്നതിനുപകരം ഫലം ഉണ്ടാകുന്ന വിധത്തിൽ കാര്യങ്ങൾ നീക്കാനാണ് തദ്ദേശ വകുപ്പ് കോർപറേഷൻ, മുനിസിപ്പാലിറ്റി സെക്രട്ടറിമാർക്ക് നൽകിയ നിർദേശം. കൗൺസിലർമാരുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാവാത്തതിനാലാണ് സെക്രട്ടറിമാരെ നേരിട്ട് 'തെരുവിലേക്കിറ'ക്കുന്നത്. സെക്രട്ടറിമാർ എല്ലാ ദിവസവും രാവിലെ 5.30നും 7.30നും ഇടയിൽ മുന്നറിയിപ്പില്ലാതെ വാർഡുകൾ സന്ദർശിച്ച് മാലിന്യപ്രശ്നങ്ങളുടെ നിജസ്ഥിതി നേരിട്ട് മനസ്സിലാക്കി ശുചീകരണത്തിന് മേൽനോട്ടം വഹിക്കണം. ഇനി രണ്ടോ മൂന്നോ വാർഡുകൾ മാത്രം സന്ദർശിച്ച് സർക്കാർ നിർദേശത്തെ പതിവുപരിപാടിയാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയില്ല. സന്ദർശിച്ച വാർഡ്, സമയം, എടുത്ത നടപടി തുടങ്ങിയവ എല്ലാ ദിവസവും നഗരകാര്യ ഡയറക്ടറെ ഇ-മെയിൽ വഴി അറിയിക്കണം. നഗരസഭ സെക്രട്ടറിമാർ പ്രസ്തുത നഗരത്തിൽതന്നെ താമസിക്കാൻ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ദൂരെയുള്ള വീട്ടിൽനിന്ന് രാവിലെ 10ന് ഒാഫിസിലെത്തി വൈകീട്ട് അഞ്ചിന് മടങ്ങുന്ന സ്ഥിതി പറ്റില്ല. നഗരസഭക്ക് സ്വന്തമായി 'സെക്രട്ടറി വസതി'യില്ലെങ്കിൽ വാടകക്ക് താമസ സൗകര്യം ഉറപ്പാക്കി ലാൻഡ് ഫോൺ നമ്പർ നഗരകാര്യ ഡയറക്ടറേറ്റിൽ അറിയിക്കണം. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഡ്യൂട്ടി സമയത്ത് യൂനിഫോമും പേരും തസ്തികയും രേഖപ്പെടുത്തിയ നെയിം ബോർഡും ധരിച്ചില്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ശുചീകരണ പ്രവർത്തനങ്ങൾക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഇതര ആവശ്യങ്ങൾക്ക് ഒരു കാരണവശാലും ഉപയോഗിക്കരുത്. നഗരസഭ നടപ്പാക്കുന്ന പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് ജില്ലതല ഉദ്യോഗസ്ഥരുമായി ചർച്ചചെയ്യുകയും പകർച്ചപ്പനി സംബന്ധിച്ച് ലഭ്യമായ എല്ലാ വിവരവും അപ്പപ്പോൾ ആരോഗ്യ വകുപ്പിനെ അറിയിക്കുകയും വേണം. േറാഡ് ഉൾപ്പെടെ സ്ഥലങ്ങളിലെ മാലിന്യക്കൂമ്പാരം ലിസ്റ്റ് ചെയ്ത് നീക്കം െചയ്യാൻ നടപടിയെടുക്കുകയും ശുചീകരണ പ്രവർത്തനങ്ങളുടെ പുരോഗതി സെക്രട്ടറിമാർ വെബ് പോർട്ടലിൽ അപ്ലോഡ് െചയ്യുകയും നഗരകാര്യ ഡയറക്ടർ, സെക്രട്ടറി തുടങ്ങിയവരെ ഇ-മെയിലിൽ അറിയിക്കുകയും വേണം. നഗരകാര്യ ഡയറക്ടറേറ്റിലെ ജോയൻറ് ഡയറക്ടർ (ഹെൽത്ത്) ഡോ. സി. ഉമ്മു സൽമക്കാണ് മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാനുള്ള ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.