കന്നുകാലിച്ചന്ത: ദുരിതംസഹിച്ച് പ്രദേശവാസികൾ

കൊടുവള്ളി നഗരസഭ: പരിഹാരമാകാതെ മാലിന്യ സംസ്കരണ പദ്ധതികൾ കൊടുവള്ളി: കൊടുവള്ളിയുടെ വ്യാപാര ചരിത്രത്തോളംതന്നെയുണ്ട് കന്നുകാലിച്ചന്തക്കും. നൂറിൽ പരം ആളുകൾ ഇതുമായി ബന്ധപ്പെട്ട് ജോലി ചെയ്തുവരുന്നുണ്ട്. നിരവധി അറവുശാലകളും കൊടുവള്ളിയിൽ പ്രവർത്തിക്കുന്നുണ്ട്. പെരിയാംതോട് ഭാഗത്താണ് ചന്തയുടെ പ്രധാന കേന്ദ്രം. ജനവാസ കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന കാലിച്ചന്ത മൂലം ദുർഗന്ധം സഹിച്ച് ദുരിതംപേറുകയാണ് പ്രദേശവാസികളും കച്ചവടക്കാരും. വ്യാപാരം വ്യാപകമായതോടെ കൊടുവള്ളി മാർക്കറ്റ് റോഡിലും കന്നുകാലിച്ചന്ത നടക്കുന്നുണ്ട്. ഏറെ തിരക്കുള്ള മാർക്കറ്റ് റോഡിലെ വ്യാപാരം അപകടകരമായ രീതിയിലാണ് നടക്കുന്നത്. നഗരസഭയായിട്ടും ഒരു കന്നുകാലിച്ചന്തയും അറവുശാലയും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കന്നുകാലി കച്ചവടം നടക്കുന്ന പെരിയാംതോട്ടിൽനിന്ന് ഇത് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ഏറെക്കാലമായി നാട്ടുകാർ ഉന്നയിച്ചുവരുകയാണ്. മഴ പെയ്താൽ ഇവിടത്തെ മാലിന്യം ഓവുചാൽ വഴി പറമ്പത്തുകാവ് വയലിലേക്കാണ് ഒഴുകിയെത്തുന്നത്. മാർക്കറ്റ് റോഡ് നവീകരണവേളയിൽ നിർമിച്ച ഓവുചാലിലേക്ക് മത്സ്യക്കച്ചവട സ്ഥാപനത്തിൽ നിന്നടക്കമുള്ള മാലിന്യപൈപ്പുകൾ ഓവുചാലിലേക്ക് സ്ഥാപിച്ചതിനെതിരെ പൊതുമരാമത്ത് വകുപ്പ്-പഞ്ചായത്ത്-ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും അവർ മൗനംപാലിക്കുകയാണുണ്ടായതെന്നും അതിനാൽ പറമ്പത്തുകാവ് പ്രദേശവാസികൾ കൊടുവള്ളിയുടെ മാലിന്യം പേറേണ്ട അവസ്ഥയാണെന്നുമാണ് നാട്ടുകാർ പറയുന്നത്. നഗരത്തി​െൻറ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ആഴ്ചച്ചന്തയും കന്നുകാലിച്ചന്തയും മാറ്റിസ്ഥാപിക്കുന്നതിന് ശ്രമങ്ങൾ നടന്നെങ്കിലും, ഇതിനായി സ്ഥലം കണ്ടെത്തിയ മുത്തമ്പലത്തെ വയൽപ്രദേശത്തും മാലിന്യപ്രശ്നം രൂക്ഷമാകുമെന്നതിനാൽ പ്രദേശവാസികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് നിർത്തിവെക്കുകയാണുണ്ടായത്. കൊടുവള്ളി നേരിടുന്ന പ്രധാന പ്രശ്നമാണ് പൊതു ശുചിമുറിയുടെ അപര്യാപ്തത. നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കൊടുവള്ളിയിൽ തൊഴിലാളികൾ വിസർജനത്തിനായി ഉപയോഗപ്പെടുത്തുന്നത് മിനി സ്റ്റേഡിയം പരിസരത്തെ പൂനൂർ പുഴയോരമാണ്. മലം പൂർണമായും ഒഴുകിയെത്തുന്നത് പൂനൂർ പുഴയിലേക്കാണ്. ജലനിധി ഉൾപ്പെടെ നൂറുകണക്കിന് കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നത് പുഴയോരത്താണ്. വേനൽകാലത്ത് ജലജന്യരോഗങ്ങൾ പടരാൻ ഇത് ഇടവരുത്തുന്നു. പ്രശ്നം പരിഹരിക്കാൻ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഉപയോഗത്തിനായി പൊതു ശുചിമുറികൾ സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. നഗരസഭയുമായി സഹകരിക്കും -വ്യാപാരികൾ മാലിന്യങ്ങൾ ഉറവിടത്തിൽതന്നെ സംസ്കരിച്ചാൽ മാലിന്യപ്രശ്നങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് പി.ടി.എ. ലത്തീഫ് പ്രതികരിച്ചു. കൊടുവള്ളിയിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് നഗരസഭ നടത്തുന്ന പ്രവർത്തനങ്ങളോട് വ്യാപാരികൾ പൂർണമായും സഹകരിക്കും. പൂനൂർ പുഴ ഇത്രയേറെ മലിനമാകാൻ കാരണം മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനമില്ലാത്തതാണ്. പുഴകളിലേക്കും ഓവുചാലുകളിലേക്കും തോടുകൾ, മറ്റു ജലാശയങ്ങൾ എന്നിവിടങ്ങളിേലക്കും മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ നടപടിയുണ്ടാവുകയും വേണം. അഷ്റഫ് വാവാട് ഫോട്ടോ: Kdy -1 പ്ലാസ്റ്റിക് മാലിന്യങ്ങൾ അടഞ്ഞുകൂടിയ പറമ്പത്തുകാവ് വയൽ 2- കൊടുവള്ളി മാർക്കറ്റ് റോഡിലെ ഓവുചാലിലെ മാലിന്യങ്ങൾ ആർ.ഇ.സി റോഡ് ജങ്ഷനിലെ തോട്ടിലേക്ക് ഒഴുകിയെത്തുന്നു Kdy -3 മാലിന്യസംസ്കരണ പദ്ധതിക്കായി ഇറക്കിയ ഉപകരണങ്ങൾ നശിക്കുന്ന നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.