ഗ്രാമങ്ങളെ സജീവമാക്കിയിരുന്ന കുലത്തൊഴിലുകൾ അന്യമാകുന്നു

കോടഞ്ചേരി: കാർഷികഗ്രാമങ്ങളെ സജീവമാക്കിയിരുന്ന കുലത്തൊഴിലുകൾ അന്യമാവുന്നു. തലമുറകളിലൂടെ കൈമാറിവന്ന തൊഴിൽ വൈദഗ്ധ്യം ഇല്ലാതാകുന്ന അവസ്ഥയാണ് ഇതി​െൻറ പരിണതഫലം. കൃഷി ജീവിതചര്യയുടെ ഭാഗമായിരുന്ന മലയോര കുടിയേറ്റ കർഷകരുടെ താങ്ങായിരുന്നു കൊല്ലപ്പണി ചെയ്തുവന്ന ആലകൾ. തൂമ്പ മുതൽ വെട്ടുകത്തി അരിവാൾ വരെ നിർമിക്കുകയും അറ്റകുറ്റപ്പണികളും മൂർച്ചകൂട്ടലുകളുമായി ഒരു കാലഘട്ടത്തിൽ ആലകൾ സജീവമായിരുന്നു. കൃഷി ആദായകരമല്ലാത്ത തൊഴിലായി മാറുകയും കുടിയേറ്റ ജനതയുടെ രണ്ടാം തലമുറക്ക് കൃഷിയോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുകയും ചെയ്തതോടെ പകലന്തിയോളം പണിയെടുത്താലും ചെയ്തുതീർക്കാൻ പാടുപെട്ടിരുന്ന ആലകളിൽ പണി കുറഞ്ഞുതുടങ്ങി. കോടഞ്ചേരി പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പണി ചെയ്തിരുന്ന പത്ത് ആലകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ നെല്ലിപ്പൊയിൽ, മൈക്കാവ്, കോടഞ്ചേരി എന്നിവിടങ്ങളിലായി മൂന്ന് ആലകൾ മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. എന്നിട്ടും ജീവിതച്ചെലവ് കൂട്ടിമുട്ടിക്കാൻ പറ്റാത്തവിധം പണി തീരെ കിട്ടുന്നില്ലെന്ന് കോടഞ്ചേരിയിലെ കൊല്ലപ്പണിക്കാരനായ മുറന്താനത്ത് രാജൻ പറയുന്നു. 70 വർഷം മുമ്പ് കോട്ടയം ജില്ലയിലെ ഭരണങ്ങാനത്തിനടുത്ത് അമ്പാറയിൽനിന്ന് കുടിയേറ്റ കർഷകരോടൊപ്പം കോടഞ്ചേരിയിലെത്തിയതാണ് രാജ​െൻറ പിതാവ് കുഞ്ഞിരാമൻ. അച്ഛനിൽനിന്ന് കുലത്തൊഴിലായാണ് കൊല്ലപ്പണി പഠിച്ചത്. അച്ഛനോടൊപ്പം പണി പഠിക്കുമ്പോൾ രാത്രി വൈകിയും എടുത്താൽ തീരാത്ത ജോലി ഉണ്ടായിരുന്നതായി രാജൻ ഓർമിക്കുന്നു. വൻകിട വ്യവസായ സ്ഥാപനങ്ങൾ കാർഷിക ഉപകരണങ്ങൾ തുടങ്ങിയതോടെ പണി കുറഞ്ഞുതുടങ്ങി. കാടുെവട്ടിയന്ത്രം, ടില്ലറുകൾ തുടങ്ങിയവ കാർഷികരംഗം കീഴടക്കിയതോടെ പണി തീരെ ഇല്ലാതായി. വരുമാനം തീരെ അപര്യാപ്തമായതോടെ പിൻതലമുറ പരമ്പരാഗതമായി കൈമാറിക്കൊണ്ടിരിക്കുന്ന കുലത്തൊഴിലിനെ ഒഴിവാക്കി മറ്റു ജീവിതമാർഗങ്ങളിലേക്ക് തിരിഞ്ഞു കൊണ്ടിരിക്കുകയാണ്. സ്വർണാഭരണ യന്ത്രനിർമിതിയായതോടെ കുലത്തൊഴിലായി കൈമാറിവന്ന ആഭരണ നിർമാണവും അപ്രത്യക്ഷമായി തുടങ്ങി. ജനലുകളും കട്ടിളകളും സിമൻറിൽ നിർമിക്കാൻ തുടങ്ങിയതോടെയും അലുമിനിയം ഫാബ്രിക്കേഷൻ, റെഡിമെയ്ഡ് പ്ലൈവുഡ് വാതിലുകളും മാർക്കറ്റ് കീഴടക്കിയതോടെ ആശാരിപ്പണി എന്ന കുലത്തൊഴിലും അന്യംവന്നുകൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായി ആർജിച്ച തൊഴിൽമികവും ആഭരണ നിർമാണ കലയും തച്ചുശാസ്ത്രവും വിസ്മൃതിയിൽ ആണ്ടുപോവുകയാണ്. photo koden10.jpg കോടഞ്ചേരിയിലെ ത​െൻറ ആലയിൽ കൊല്ലപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന മുറത്താനത്ത് രാജൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.