പാറത്തോട് എസ്.വളവിൽ കോഴിമാലിന്യ കൂമ്പാരം: ദുർഗന്ധംമൂലം നാട്ടുകാർ ദുരിതത്തിൽ

മുക്കം: പാറത്തോട് എസ് വളവിൽ കോഴിമാലിന്യ ചാക്കുകൾ നിക്ഷേപിച്ചു. ദുർഗന്ധം സഹിക്കാനാവാതെ നാട്ടുകാർ ബുദ്ധിമുട്ടുന്നു. ഞായറാഴ്ച രാത്രി പാറത്തോട് എസ് വളവിലുള്ള നീരുറവക്കു സമീപം റോഡിലാണ് കോഴിമാലിന്യം നിക്ഷേപിച്ചത്. വാഹനത്തിൽ യാത്രചെയ്യുന്നവർക്കോ കാൽനടയാത്രക്കാർക്കോ സഞ്ചരിക്കാൻ പറ്റാത്തവിധം പ്രദേശമാകെ രൂക്ഷഗന്ധം പടർന്നിരിക്കുകയാണ്. ശക്തമായ മഴയിൽ മാലിന്യം റോഡിലൂടെ ഒഴുകാനും തുടങ്ങിയതോടെ ദുരിതം ഇരട്ടിയായി. നാട്ടുകാർ പഞ്ചായത്ത് പ്രസിഡൻറിനെ അറിയിച്ചതിനെ തുടർന്ന് മാലിന്യം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനു മുമ്പും പല തവണ ഈ പ്രദേശത്ത് ഇത്തരത്തിൽ മാലിന്യം നിക്ഷേപിച്ചതുമൂലം ജനങ്ങൾക്ക് വലിയ പ്രയാസമുണ്ടാക്കിയിരുന്നു. മാത്രമല്ല പുറമേനിന്നു വരുന്ന പലരും എസ് വളവിൽ വിശ്രമിക്കുകയും മദ്യപിക്കുകയും ചെയ്യുന്നതുമൂലം സത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന നിരവധി പെൺകുട്ടികൾക്ക് ഇതുവഴി കാൽനടയാത്ര ഇന്ന് ഏറെ ഭീഷണിയായിരിക്കുകയാണ്. ഇക്കാരണത്താൽ ഫാത്തിമ എസ്റ്റേറ്റ് - പാറത്തോട് -തോട്ടുമുക്കം റൂട്ടിൽ സ്ഥിരമായി പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. photo: MKMUC 4 പാറത്തോട് എസ് വളവിൽ നിക്ഷേപിച്ച കോഴി മാലിന്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.