ആദായ നികുതി ജീവനക്കാർ പ്രക്ഷോഭത്തിന്​

കോഴിക്കോട്: ആദായ നികുതി വകുപ്പിൽ ദീർഘകാലമായി തുടരുന്ന അനീതിയിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരും ജീവനക്കാരും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. വകുപ്പിലെ 97 ശതമാനത്തോളം ജീവനക്കാർ ഉൾപ്പെട്ട ഇൻകം ടാക്സ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ, ഇൻകം ടാക്സ് എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതി​െൻറ ഭാഗമായി തിങ്കളാഴ്ച രാജ്യത്തെ ആദായ നികുതി ഓഫിസുകളിൽ ധർണ, ചൊവ്വാഴ്ച നടക്കുന്ന ആദായ നികുതി ദിനാഘോഷം, മറ്റു ദിവസങ്ങളിലെ സെമിനാർ, ശിൽപശാല തുടങ്ങിയ പരിപാടികൾ ബഹിഷ്കരിക്കൽ, ശനി, ഞായർ ദിവസങ്ങളിലും അവധി ദിനങ്ങളിലും ഓഫിസ് ജോലികൾ ബഹിഷ്കരിക്കൽ, ആഗസ്റ്റ് ഒന്നുമുതൽ ആദായ നികുതി റെയ്ഡുകൾ, പരിശോധന എന്നിവ ബഹിഷ്കരിക്കൽ, ആഗസ്റ്റ് ഒമ്പതിന് നിരാഹാര സമരം, 28ന് ഉച്ചക്കുശേഷം ഓഫിസ് ബഹിഷ്കരണം, സെപ്റ്റംബർ 12ന് രാജ്യവ്യാപക പണിമുടക്ക് തുടങ്ങിയവയാണ് പ്രക്ഷോഭത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുക. റെയ്ഡും മറ്റു പരിശോധനകളും ബഹിഷ്കരിക്കുന്നതോടെ വകുപ്പി​െൻറ പ്രവർത്തനം പൂർണമായും സ്തംഭിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. 15 വർഷമായി ഒരേ തസ്തികയിൽ ജോലിചെയ്യുന്ന ഇൻകം ടാക്സ് ഓഫിസർമാർക്ക് അസി. കമീഷണർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുക, എക്സിക്യൂട്ടിവ് അസിസ്റ്റൻറ്, ആദായ നികുതി ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലേക്ക് റിക്രൂട്ട്മ​െൻറ് റൂൾസ് നടപ്പാക്കുക, രാജ്യത്തെങ്ങും ഒഴിഞ്ഞുകിടക്കുന്ന 30,000ത്തോളം തസ്തികകൾ നികത്തുക, 2014 മുതൽ നടപ്പാക്കുന്ന താൽക്കാലിക പ്രമോഷനുകൾ സ്ഥിരപ്പെടുത്തുക, തടഞ്ഞുവെച്ച വേതനവർധന അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രക്ഷോഭം. റിക്രൂട്ട്മ​െൻറ് റൂൾസ് ഇല്ലാത്തതിനാലാണ് പല തസ്തികകളും നികത്താനാവാത്തത്. വകുപ്പിലെ ഐ.ആർ.എസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് സ്ഥാനക്കയറ്റം സമയബന്ധിതമായി നൽകുന്നതെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. ജയദേവൻ, എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഒ.ജെ. മൈക്കിൾ, എ. രജീഷ്, ആർ. മോഹൻദാസ് നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.