വാണിമേൽ: ഭൂമിവാതുക്കൽ ടാക്‌സി സ്റ്റാൻഡിൽ പൊതുശൗചാലയം നിർമിക്കാനുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനം വിവാദത്തിൽ. നാനൂറിൽപരം കുട്ടികൾ പഠനം നടത്തുന്ന ഭൂമിവാതുക്കൽ എം.എൽ.പി സ്കൂളിെൻറ പരിസരത്ത് പൊതുശൗചാലയം നിർമിക്കരുതെന്ന് സ്കൂൾ പി.ടി.എ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നടന്ന പി.ടി.എ ജനറൽ ബോഡി യോഗത്തിൽ ഇത് സംബന്ധിച്ചു ചൂടേറിയ ചർച്ചയാണ് നടന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. നസിറ, വാർഡ് മെംബർ വി.കെ. സാബിറ എന്നിവരുടെ സാന്നിധ്യത്തിലാണ് ഭരണസമിതി നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യമുയർന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പൊതുശൗചാലയം ടൗണിൽ വേണമെന്ന് ആവശ്യം ഉയർന്നിരുന്നുവെങ്കിലും ഉചിതമായ സ്ഥലം ലഭ്യമല്ലാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു. ഈ ഭരണസമിതിക്ക് ചിലർ നിവേദനം നൽകിയതിനെ തുടർന്നാണ് പഞ്ചായത്തിെൻറ നിയന്ത്രണത്തിലുള്ള ടാക്സി സ്റ്റാൻഡിൽ പൊതു ശൗചാലയം നിർമിക്കാൻ ഭരണസമിതി തീരുമാനിച്ചത്. സ്കൂളിെൻറ ഓഫിസ് മുറിയും സ്റ്റാഫ് റൂമും പ്രീ പ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്ന കെട്ടിടത്തിന് തൊട്ടുപിന്നിലാണ് ശൗചാലയം നിർമിക്കുന്നത്. നിർമാണത്തെ ചില ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എതിർത്തിരുന്നു. ഇതൊന്നും ഗൗനിക്കാതെ തീരുമാനം പഞ്ചായത്ത് മിനുട്സിൽ രേഖപ്പെടുത്തുകയായിരുന്നു. പി.ടി.എ എക്സിക്യൂട്ടിവിെൻറ തീരുമാനം രേഖാമൂലം അധികൃതരെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് സ്കൂൾ പി.ടി.എ പ്രസിഡൻറിനെയും പ്രധാനാധ്യാപികയെയും അടുത്തദിവസം ഗ്രാമപഞ്ചായത്ത് ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞദിവസത്തെ പി.ടി.എ ജനറൽ ബോഡിയിൽ വിഷയം ചർച്ചയായത്. ശൗചാലയം നിർമിച്ചുള്ള ഒത്തുതീർപ്പിന് നിൽക്കരുതെന്നാണ് യോഗം ഐകകേണ്ഠ്യേന ആവശ്യപ്പെട്ടത്. പഞ്ചായത്ത് തീരുമാനവുമായി മുന്നോട്ട് പോവുകയാണെങ്കിൽ വിദ്യാർഥികളെ അണിനിരത്തി സമരം ചെയ്യുമെന്നും യോഗം മുന്നറിയിപ്പ് നൽകി. 'ചുരമില്ലാ റോഡ് യാഥാർഥ്യമാക്കണം' നാദാപുരം: എളുപ്പത്തിൽ വയനാട്ടിലെത്തി ചേരാനുള്ള വിലങ്ങാട്-വയനാട് ചുരമില്ലാ റോഡ് യാഥാർഥ്യമാക്കാനും നാദാപുരം മേഖലയിലെ പ്രധാന ടൂറിസ്റ്റ് പദ്ധതികൾ നടപ്പക്കാനും ഇടപെടണമെന്ന് വെൽഫെയർ പാർട്ടി നാദാപുരം മണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. പ്രസ്തുത ആവശ്യങ്ങളടങ്ങുന്ന നിവേദനം കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നൽകി. പ്രസിഡൻറ് കളത്തിൽ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. എം.എ. വാണിമേൽ, ടി.കെ. മമ്മു, പി. സുരേഷ്, സി. ഫാത്തിമ തൂണേരി, സി.കെ. അബ്ദുല്ല, സി. ആലി കുട്ടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.