തിരുവമ്പാടി: ശുദ്ധജല മത്സ്യകൃഷിയിൽ വേറിട്ട മാതൃക തീർത്ത് പ്ലാത്തോട്ടത്തിൽ ജയ്സന് അർഹതക്കുള്ള അംഗീകാരമായി ജില്ല അവാർഡ്. വീട്ടുമുറ്റത്തിനടുത്ത് നിർമിച്ച മൂന്നു കുളങ്ങളിൽ സ്വന്തമായ രീതി ആവിഷ്കരിച്ച് മത്സ്യകൃഷിയിൽ നേടിയ വിജയഗാഥയാണ് മികച്ച ശുദ്ധജല മത്സ്യകൃഷിക്കുള്ള അവാർഡിന് ജയ്സനെ (പി.ജെ. ആൻറണി ) അർഹമാക്കിയത്. ആറു വർഷം മുമ്പ് വീട്ടുമുറ്റത്തെ കിണറ്റിൽ വെള്ളം കുറഞ്ഞപ്പോഴാണ് സമീപത്ത് കുളം നിർമിച്ചത്. മുക്കാൽ ഏക്കറോളം സ്ഥലത്ത് മൂന്നു കുളങ്ങളിലായുള്ള ശാസ്ത്രീയ മത്സ്യകൃഷിയായി ഇപ്പോഴത് മാറി. കട്ല, മ്യഗാൽ, രോഹു, ഗ്രാഫ്, കാർഫ് തുടങ്ങിയ ഇനങ്ങളുമായാണ് കൃഷി തുടങ്ങിയത്. പിന്നീട് നൂതന രീതിയിൽ 'ഗിഫ്റ്റ് തിലാപ്പിയ' മത്സ്യ കൃഷി ആരംഭിച്ചു. ഫിഷറീസ് വകുപ്പിെൻറ പദ്ധതിയിൽ തിലാപ്പിയ ശുദ്ധജല മത്സ്യകൃഷി ജയ്സൺ തുടങ്ങിയിട്ട് ഒരു വർഷമായി. 5000 മത്സ്യക്കുഞ്ഞുങ്ങളെയാണ് ലഭിച്ചത്. ആറു മാസംകൊണ്ട് അര കിലോയും വർഷംകൊണ്ട് ഒരു കിലോയും തൂക്കമുണ്ടാകുന്നതാണ് ഈ മത്സ്യം. ഒരു വർഷത്തിനിടെ വൻതോതിലുള്ള മത്സ്യക്കൊയ്ത്ത് തന്നെ നടത്തി. ഈ മത്സ്യത്തിന് വിപണിയിൽ കിലോക്ക് 350 രൂപ വരെ വില വരും. ഇതിനകം നിരവധിയാളുകളാണ് ജയ്സെൻറ വീട്ടുമുറ്റത്തെ കുളങ്ങളിൽ ചൂണ്ടയിട്ട് മീൻപിടിക്കാൻ എത്തിയത്. ചൂണ്ടയും മറ്റു സഹായങ്ങളുമെല്ലാം ഇവിടെയുണ്ട്. മലിനമാകാതിരിക്കാൻ മൂന്നു കുളങ്ങളിലും വല വിരിച്ചിരിക്കുന്നു. കുളങ്ങളുടെ നവീകരണത്തിനും മത്സ്യതീറ്റക്കും ഫിഷറീസ് വകുപ്പിെൻറ സബ്സിഡി ലഭിച്ചു. മത്സ്യസമൃദ്ധമായ കുളങ്ങൾ കാണാനും ക്യഷിരീതി പഠിക്കാനും വിദ്യാർഥികളും കർഷകരും ഉൾപ്പെടെ നിരവധി പേർ എത്താറുണ്ട്. അക്വോ ഫോണിക് രീതിയിൽ മത്സ്യകൃഷി വിപുലമാക്കാൻ പദ്ധതിയുണ്ടെന്ന് ജയ്സൺ പറഞ്ഞു. തെൻറ ശുദ്ധജല മത്സ്യ കൃഷി ലാഭകരമാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ഷൈനിയും മക്കളായ ആൽഫ്രഡ്, റോഷൻ എന്നിവരും പരമ്പരാഗത കർഷകനായ ജയ്സണ് പിന്തുണയുമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.