കുറ്റ്യാടി: കഴിഞ്ഞ മാസവും ഈ മാസവും കനത്ത മഴ ലഭിച്ചിട്ടും ചെറുകിട ജല വൈദ്യുതി പദ്ധതിയായ പൂഴിത്തോട്ടിൽ കഴിഞ്ഞ വർഷത്തേക്കാർ ഉൽപാദനം ഉയർന്നില്ല. ഈ വർഷം ഇതുവരെ 22.7 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. എന്നാൽ, കഴിഞ്ഞ വർഷം ഇതേസമയം 22.9 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു. കനത്ത മഴ കിട്ടിയാലും വെള്ളം മുഴുവൻ ടർബൈനിലേക്ക് വിടാനുള്ള സംഭരണ ശേഷി പദ്ധതിക്കില്ല. പാരിസ്ഥിതിക പ്രശ്നം ഇല്ലാതാക്കാനായി ചെറിയ തടയണയാണ് നിർമിച്ചത്. കനത്ത മഴ പെയ്യുമ്പോൾ വെള്ളം കവിഞ്ഞ് പുഴയിലേക്കുതന്നെ പതിക്കും. ഒരേ അളവിലുള്ള മഴ തുടർച്ചയായി ലഭിക്കുന്നതാണ് ചെറുകിട പദ്ധതികൾക്ക് അഭികാമ്യമെത്ര. കനത്ത മഴയിൽ അഴുക്കുകളും മറ്റും അടിഞ്ഞ് ഉൽപാദന തടസ്സവും ഉണ്ടാക്കുന്നുണ്ടെത്ര. തിങ്കളാഴ്ച വൈകീട്ട് ഉണ്ടായ ചെറിയ പ്രശ്നം രാത്രിയോടെയാണ് പരിഹരിച്ചത്. സമീപകാലത്തൊന്നും ലഭിക്കാത്ത കനത്ത മഴയാണ് പദ്ധതി പ്രദേശത്തടക്കം പെയ്യുന്നത്. ദിവസവും ശക്തമായ തോതിൽ ദീർഘനേരം മഴ ലഭിക്കുന്നു. പൂഴിത്തോട്ടിൽ നിർമിക്കുന്ന വൈദ്യുതി കുറ്റ്യാടി 110 കെ.വി സബ്സ്റ്റേഷനിലെത്തിച്ച് ഗ്രിഡിലേക്ക് വിടുകയാണ്. ലാഭത്തിൽ പ്രവർത്തിക്കുന്ന പൂഴിത്തോട് പദ്ധതി കുറ്റ്യാടി മേഖലയിലെ ഏക ചെറുകിട ജല വൈദ്യുതി പദ്ധതിയാണ്. ചാത്തങ്കോട്ടുനട -1, ചാത്തങ്കോട്ടുനട -2, പശുക്കടവ് പദ്ധതി എന്നീ പദ്ധതികൾക്ക് നിർമാണ അനുമതി ലഭിച്ചിരുന്നെങ്കിലും ചാത്തങ്കോട്ടുനട -2 മാത്രമാണ് നിർമാണം നടക്കുന്നത്. അതുതന്നെ കരാറുകാർ ഇട്ടേച്ചുപോയതിനാൽ രണ്ടു വർഷത്തോളം പണി നിലച്ചിരുന്നു. കഴിഞ്ഞ വർഷമാണ് പുനരാരംഭിച്ചത്. മരുതോങ്കര ജനസൗഹൃദ വില്ലേജാവുന്നു കുറ്റ്യാടി: മരുതോങ്കര വില്ലേജ് സർക്കാറിെൻറയും പൊതുജനങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും കൂട്ടായ്മയിലൂടെ ജനസൗഹൃദ വില്ലേജാവുന്നു. ജില്ല കലക്ടറുടെ സ്വപ്ന പദ്ധതിയാണ് ജനസൗഹൃദ വില്ലേജ്. ഇതു സംബന്ധിച്ച പ്രഖ്യാപനം കലക്ടർ ചൊവ്വാഴ്ച നാലു മണിക്ക് യു.വി. ജോസ് നിർവഹിക്കും. നിവേദനം നൽകി കുറ്റ്യാടി: കുറ്റ്യാടി റിവർ റോഡിൽ മാലിന്യം കുമിഞ്ഞുകൂടുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് റിവർ റോഡ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണന് നിവേദനം നൽകി. ചെയർമാൻ മൊയ്തു കണ്ണങ്കോടൻ, കൺവീനർ വി.വി. ഫാരീസ്, എം.ടി. കുഞ്ഞിരാമൻ, വി.വി. നിയാസ്, അബീസ അഷറഫ്, വി.വി. ഫൗസിയ, ശബാന അലി എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.